ernakulam local

ബൈക്കുകളില്‍ പായുന്ന യുവാക്കളെ നേരിടാന്‍ വാഹനവകുപ്പ്

കാക്കനാട്: ന്യൂ ജനറേഷന്‍ ബൈക്കുകളില്‍ മാറ്റങ്ങള്‍ വരുത്തി വാഹന നിയമങ്ങള്‍ പാലിക്കാതെ ബൈക്കുകളില്‍ പായുന്ന യുവാക്കളെയും വിദ്യാര്‍ഥികളെയും കര്‍ശനമായി നേരിടാന്‍ മോട്ടോര്‍ വാഹനവകുപ്പ് നിരത്തിലിറങ്ങി.
അത്തരത്തില്‍ 30 ബൈക്കുകളാണ് ഇന്നലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ആര്‍ടിഒ കെ എം ഷാജിയുടെ നിര്‍ദേശപ്രകാരം മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ എ നൗഫല്‍, എം ബി ഷെഫീഖ് എന്നിവരുടെ നേതൃത്വത്തില്‍ രണ്ട് സ്‌ക്വാഡുകളായിട്ടാണ് ബൈക്കുവേട്ടയ്ക്ക് നിരത്തിലിറങ്ങിയത്.
പിടികൂടിയ ഒമ്പതു ബൈക്കുകള്‍ എറണാകുളം ആര്‍ടിഒയുടെ കസ്റ്റഡിയില്‍ കലക്ടറേറ്റ് വളപ്പില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇവ രക്ഷിതാക്കളെ വിളിച്ചുവരുത്തിയശേഷം കനത്ത പിഴയും ചുമത്തി മാത്രമേ വിട്ടുകൊടുക്കുകയുള്ളൂവെന്ന് ആര്‍ടിഒ പറഞ്ഞു. ഈ ബൈക്കുകളുടെ ആര്‍സി സസ്‌പെന്റ് ചെയ്യുകയും വാഹനചട്ടങ്ങള്‍ ലംഘിച്ചതിന് കേസെടുക്കുകയും ചെയ്യും. വാഹനകമ്പനികള്‍ ഘടിപ്പിച്ചിട്ടുള്ള ഹാന്‍ഡില്‍ മാറ്റംവരുത്തുക, ശബ്ദമലിനീകരണം ഉണ്ടാവുന്നവിധത്തില്‍ സൈലന്‍സറില്‍ മാറ്റമുണ്ടാക്കുക, എച്ച്‌ഐഡി ബള്‍ബുകള്‍ പിടിപ്പിക്കുക, ക്രാഷ്ഗാര്‍ഡ് മാറ്റം വരുത്തുക, തിരിച്ചറിയാന്‍ കഴിയാത്തവിധം നമ്പര്‍പ്ലേറ്റ് രൂപപ്പെടുത്തുക എന്നീ കുറ്റങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ കര്‍ശനമായ പരിശോധനയാണ് നടത്തുകയെന്നും ആര്‍ടിഒ പറഞ്ഞു.
വാഹന തിരക്കുകള്‍ കൂടുതലുള്ള റോഡുകളില്‍ ഇത്തരം പരിശോധനകള്‍ തുടരാതെ ഇരുചക്രവാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന ഇന്‍ഫോ പാര്‍ക്, ഷോപ്പിങ് മാളുകള്‍, സിനിമാ തിയേറ്ററുകള്‍ എന്നിവിടങ്ങളില്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ മഫ്തിയില്‍ എത്തി ബൈക്കുകള്‍ പരിശോധിച്ച് നടപടിയെടുക്കാനാണ് തീരുമാനം.
റോഡുകളിലെ പരിശോധനകളില്‍ അപകടങ്ങള്‍ക്കും സുരക്ഷയുടെ കാര്യത്തിലും ഭീഷണിയുണ്ടാവാന്‍ സാധ്യതയുള്ളതിനാലാണ് പാര്‍ക്ക് ചെയ്യുന്നിടങ്ങളില്‍ പരിശോധന നടത്താന്‍ ഉദ്ദേശിക്കുന്നതെന്നും അധികൃതര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it