ernakulam local

ബൈക്കില്‍ കറങ്ങിനടന്ന് മാല മോഷ്ടിക്കുന്ന ബ്ലാക്ക്മാന്‍ പിടിയില്‍

കൊച്ചി: ബൈക്കില്‍ കറങ്ങിനടന്ന് മാല മോഷ്ടിക്കുന്ന ബ്ലാക്ക്മാന്‍ പിടിയില്‍.
ബൈക്കില്‍ കറങ്ങിനടന്ന് സ്ത്രീകളുടേയും വൃദ്ധകളുടേയും മാല മോഷ്ടിക്കുന്ന കുപ്രസിദ്ധ മോഷ്ടാവ് ബ്ലാക്ക്മാന്‍ എന്നും കുഞ്ഞിപ്പാമ്പ് എന്നും വിളിക്കുന്ന മൂവാറ്റുപുഴ പെരുമ്പല്ലൂര്‍ ഭാഗത്ത് പുത്തന്‍പുരയില്‍ വീട്ടില്‍ കണ്ണന്‍ എന്ന വിഷ്ണു(24)നെയാണ് മൂവാറ്റുപുഴ സി ഐ ശ്രീകുമാര്‍, എസ് ഐ പി എച്ച് സമീഷ് എന്നിവര്‍ ചേര്‍ന്ന് അറസ്റ്റു ചെയ്തത്.
മാലമോഷണക്കേസില്‍ ഒരാഴ്ചക്കുള്ളില്‍ അറസ്റ്റിലാവുന്ന നാലാമത്തെ പ്രതിയാണ് വിഷ്ണു. കഴിഞ്ഞ ദിവസം അറസ്റ്റിലായ രതീഷിന്റെ കൂട്ടുപ്രതിയാണ് വിഷ്ണു. രതീഷിനൊപ്പം മൂവാറ്റുപുഴ ഇഇസി മാര്‍ക്കറ്റ്, കൂത്താട്ടുകുളം, കരിങ്കുന്നം എന്നിവിടങ്ങളില്‍നിന്നും മാല മോഷ്ടിച്ചതില്‍ കൂട്ടുപ്രതിയാണ് വിഷ്ണു. വിഷ്ണുവിന്റെ പള്‍സര്‍ ബൈക്കാണ് മോഷണത്തിനുപയോഗിച്ചിരുന്നത്. ബൈക്ക് പോലിസ് കണ്ടെടുത്തു.
മൂവാറ്റുപുഴയില്‍ മുക്കുപണ്ടം പണയംവച്ച് തട്ടിപ്പു നടത്തിയ കേസിലും ബൈക്ക് മോഷണകേസിലും ശരീരത്തില്‍ കറുത്തചായം തേച്ച് ഭീകരമുഖംമൂടിയണിഞ്ഞ് ബ്ലാക്ക്മാന്‍ ചമഞ്ഞ് നാട്ടുകാരെ ഭീതിയിലാക്കിയതിനും മുമ്പ് ഇയാള്‍ പിടിയിലായിട്ടുണ്ട്. മോഷ്ടാക്കളില്‍നിന്നും കണ്ടെടുത്ത ചുവപ്പും കറുപ്പും പള്‍സറുകള്‍ പ്രത്യേകരീതിയില്‍ രൂപകല്‍പന ചെയ്തതാണ്.
മോഷണം നടത്തി രക്ഷപ്പെടുമ്പോള്‍ ആരും തിരിച്ചറിയാതിരിക്കാന്‍ മുന്‍ഭാഗം രൂപമാറ്റംവരുത്തി പ്രത്യേകതരം ഹെഡ്‌ലൈറ്റുകള്‍ പിടിപ്പിച്ചും സൈഡ് കവറുകള്‍ അഴിച്ചുമാറ്റിയുമാണ് ഇവര്‍ ഉപയോഗിച്ചിരുന്നത്. മൂവാറ്റുപുഴ ഡിവൈഎസ്പി പ്രഫുല്ലചന്ദ്രന്റെ നേതൃത്വത്തില്‍ എഎസ് ഐ കെ കെ രാജേഷ്, സീനിയര്‍ സിപിഒ വി സുരേഷ്, സിപിഒ ജിംമോന്‍, ജോര്‍ജ്, രാജേന്ദ്രന്‍, അഗസ്റ്റിന്‍, ജോസഫ്, ചന്ദ്രബോസ് എന്നിവരാണ് അറസ്റ്റു ചെയ്തത്.
Next Story

RELATED STORIES

Share it