palakkad local

ബൈക്കിലെത്തി മാല പൊട്ടിക്കുന്ന രണ്ടുപേര്‍ അറസ്റ്റില്‍

ശ്രീകൃഷ്ണപുരം: വിവിധ പ്രദേശങ്ങളില്‍ ബൈക്കിലെത്തി സ്ത്രീകളുടെയും കുട്ടികളുടെയും കഴുത്തില്‍ നിന്ന് സ്വര്‍ണമാല പൊട്ടിക്കുന്ന രണ്ടുപേരെ ചെര്‍പ്പുളശ്ശേരി സി.ഐ. സി വിജയകുമാറും സംഘവും അറസ്റ്റു ചെയ്തു. മണ്ണാര്‍ക്കാട് മണലടി വെളുങ്ങോടന്‍ വീട്ടില്‍ റിയാസ്(28), മണ്ണാര്‍ക്കാട് പറശ്ശേരി നെച്ചോടന്‍ വീട്ടില്‍ ഷെബീര്‍(30) എന്നിവരാണ് പിടിയിലായത്. തമിഴ്‌നാട് വേലൂര്‍ ആര്‍ക്കാട് സ്വദേശിനികളായ ഇവര്‍ കഴിഞ്ഞ എട്ടുവര്‍ഷമായി മണ്ണാര്‍ക്കാട്ടാണ് താമസിച്ചുവന്നിരുന്നത്. കഴിഞ്ഞദിവസം പുഞ്ചപ്പാടത്ത് പാല്‍ സൊസൈറ്റിയിലേക്ക് പോവുകയായിരുന്ന സ്ത്രീയുടെ ഒന്നരപവര്‍ മാലയും അന്നുതന്നെ തിരുനാരായണപുരത്ത് പി.ടി.എ. യോഗത്തില്‍ പങ്കെടുക്കുവാന്‍ പോവുകയായിരുന്ന സ്ത്രീയുടെ മാല പൊട്ടിച്ചതും ഈ യൂവാക്കളാണെന്ന് പോലിസ് അറിയിച്ചു. മണ്ണാര്‍ക്കാട് ഗോവിന്ദപുരത്ത് റോഡിലൂടെ നടന്നുപോവുകയായിരുന്ന സ്ത്രീയുടെ കഴുത്തില്‍ നിന്ന് മൂന്നരപവര്‍ മാലയും പള്ളിക്കുറുപ്പ് റോഡില്‍ നടന്നുപോവുകയായിരുന്ന കുട്ടിയുടെ കഴുത്തില്‍ നിന്നും രണ്ടരപവന്റെ മാലയും വലിമ്പിലിമംഗലം ഷാപ്പ് പരിസരത്തുകൂടി നടന്നുപോവുകയായിരുന്ന സ്ത്രീയുടെ രണ്ടരപവന്‍ മാലയും തച്ചമ്പാറയില്‍ നിന്നും മാര്‍ത്തോമ പള്ളിക്കു സമീപം സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോവുകയായിരുന്ന അധ്യാപികയുടെ മുന്നേകാല്‍ പവന്‍ മാലയും പൊട്ടിച്ചത് ഇവരാണെന്ന് തെളിഞ്ഞതായി പോലിസ് പറഞ്ഞു. കൂടുതല്‍ കേസുകളില്‍ ഇവര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും അന്വേഷിച്ചുവരുന്നു. ശ്രീകൃഷ്ണപുരം എസ്.ഐ. കെ കൃഷ്ണന്‍, ക്രൈംസ്‌ക്വാഡിലെ വിനോദ്, ജോസഫ്, ഷിജു എന്നിവരടങ്ങുന്ന സംഘമാണ് സി.ഐ. സി വിജയകുമാറിനൊപ്പം പ്രതികളെ അറസ്റ്റു ചെയ്തത്.
Next Story

RELATED STORIES

Share it