ബേബിഡാമിനു സമീപത്തെ മരങ്ങള്‍ മുറിച്ചു നീക്കാന്‍ തമിഴ്‌നാട് നടപടി

കുമളി: മുല്ലപ്പെരിയാറില്‍ ബേബി ഡാമിനു സമീപത്തുള്ള മരങ്ങളില്‍ തമിഴ്‌നാട് നമ്പരുകള്‍ പതിച്ചു. ബേബി ഡാം ബലപ്പെടുത്തുന്നതിനു മുന്നോടിയായി മരങ്ങള്‍ മുറിച്ചു നീക്കുന്നതിന് അനുമതി സമ്പാദിക്കുന്നതിനാണ് മരങ്ങളില്‍ നമ്പരുകള്‍ ഇട്ടതെന്നാണ് സൂചന.
ബേബി ഡാമിനു മുന്നില്‍ നില്‍ക്കുന്ന ചെറുതും വലുതുമായ ഇരുപത് മരങ്ങളിലാണ് കഴിഞ്ഞ ദിവസം തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ നമ്പര്‍ രേഖപ്പെടുത്തിയത്. ബേബി ഡാം ബലപ്പെടുത്തുന്ന ജോലികള്‍ ചെയ്യണമെങ്കില്‍ ഇവിടെയുള്ള മരങ്ങള്‍ മുറിച്ചു മാറ്റണം.
പെരിയാര്‍ കടുവാ സങ്കേതത്തിനുള്ളിലാണ് അണക്കെട്ട് സ്ഥിതി ചെയ്യുന്നത് എന്നതിനാല്‍ മരങ്ങള്‍ മുറിച്ചു മാറ്റുന്നതിന് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണ്. അനുമതിക്കായി കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തെ സമീപിക്കാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് നമ്പര്‍ ഇട്ടതെന്നാണ് കരുതുന്നത്. ബേബിഡാം ബലപ്പെടുത്തിയ ശേഷം മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 152 ആക്കി ഉയര്‍ത്താമെന്ന അനുകൂല വിധി മുമ്പ് സുപ്രിംകോടതിയില്‍ നിന്നും തമിഴ്‌നാടിന് ലഭിച്ചിരുന്നു.
ബേബി ഡാമിന് സമീപത്ത് നില്‍ക്കുന്ന മരങ്ങളാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് തടസ്സമായി നില്‍ക്കുന്നത്. എന്നാല്‍, പെരിയാര്‍ കടുവാ സങ്കേതം അധികൃതരെയോ സംസ്ഥാന ജലവിഭവ വകുപ്പിനെയോ അറിയിക്കാതെയാണ് തമിഴ്‌നാട് നടപടികള്‍.
Next Story

RELATED STORIES

Share it