kasaragod local

ബേഡകത്ത് മുന്‍ എംഎല്‍എ തിരഞ്ഞെടുപ്പ് അങ്കത്തില്‍

കാസര്‍കോട്: ചെങ്കോട്ടയെന്ന് അറിയപ്പെടുന്ന ബേഡകത്ത് ഇക്കുറി ശ്രദ്ധേയമായ മല്‍സരം. രണ്ടുതവണ ഹൊസ്ദുര്‍ഗ് എംഎല്‍എയായ എം നാരായണനും കെഎസ്‌യു ജില്ലാ സെക്രട്ടറി ആര്‍ രതീഷും തമ്മിലാണ് മല്‍സരം. സിപിഎമ്മിലെ വിമതപ്രശ്‌നത്തിലൂടെ സംസ്ഥാന ശ്രദ്ധയാകര്‍ഷിച്ച ബേഡകം ഏരിയ ഉള്‍പ്പെടുന്ന ഡിവിഷന്‍ പിടിച്ചെടുക്കാനാണ് യുഡിഎഫ് പദ്ധതി. ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ മല്‍സരാര്‍ഥി കൂടിയാണ് യുഡിഎഫിന്റെ ആര്‍ രതീഷ്. നെഹ്‌റു കോളജില്‍ കെഎസ്‌യുവിന് ശക്തമായ അടിത്തറയുണ്ടാക്കുന്നതിന് രതീഷിന് സാധിച്ചിരുന്നു. പെരിയ കേന്ദ്രസര്‍വകലാശാലയില്‍ നിന്നും എംഎസ്ഡബ്ല്യു പാസായ രതീഷ് ജില്ലാ ആശുപത്രിയിലെ ആദിവാസി പ്രമോട്ടറായി പ്രവര്‍ത്തിച്ചുവരികയാണ്. വര്‍ഷങ്ങളായി എല്‍ഡിഎഫിനെ വിജയിപ്പിക്കുന്ന ഡിവിഷന്റെ വികസന പിന്നാക്കാവസ്ഥ ചൂണ്ടിക്കാട്ടിയാണ് പ്രചാരണം നടത്തുന്നത്.
എന്നാല്‍ 1991 മുതല്‍ 2001 വരെ ഹൊസ്ദുര്‍ഗ് എംഎല്‍എയായിരുന്ന എം നാരായണന്‍ തന്റെ കാലത്തെ വികസന നേട്ടങ്ങള്‍ അക്കമിട്ടു നിരത്തിയാണ് പ്രചാരണം നടത്തുന്നത്. നിലവില്‍ സിപിഐ ജില്ലാ കൗണ്‍സില്‍ അംഗമായ നാരായണന്‍ അഖിലേന്ത്യാ ആദിവാസി മഹാസഭ ജോയിന്റ് സെക്രട്ടറി, ജില്ലാസെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരുന്നു. കഴിഞ്ഞ തവണ സിപിഎമ്മിലെ ഓമന രാമചന്ദ്രന്‍ 11,293 വോട്ടുകള്‍ക്കാണ് ഇവിടെ നിന്നും വിജയിച്ചത്.
ബിജെപി ജില്ലാ സെക്രട്ടറി എച്ച് ഗോപിയാണ് പാര്‍ട്ടി സ്ഥാനാര്‍ഥി. അടുത്തകാലത്തായി പ്രദേശത്ത് നിരവധി സിപിഎം പ്രവര്‍ത്തകര്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. വിഭാഗീയ പ്രശ്‌നങ്ങള്‍ ശക്തമായതാണ് സിപിഎം തട്ടകമായ ബേഡകം ഡിവിഷന്‍ സിപിഐക്ക് കൈമാറിയതെന്നും ആക്ഷേപമുണ്ട്. കാറഡുക്ക ബ്ലോക്കിലെ അഡൂര്‍, ബന്തടുക്ക, കുറ്റിക്കോല്‍, ബേഡകം എന്നീ ഡിവിഷനുകളും പരപ്പ ബ്ലോക്കിലെ പനത്തടി ഡിവിഷനും ഉള്‍പ്പെട്ടതാണ് ബേഡകം ഡിവിഷന്‍. 57,667 വോട്ടര്‍മാരാണ് ഇവിടെയുള്ളത്.
Next Story

RELATED STORIES

Share it