ബെയ്ജിങില്‍ വീണ്ടും റെഡ് അലര്‍ട്ട്‌

ബെയ്ജിങ്: അന്തരീക്ഷ മലിനീകരണം അമിതമായതിനെ തുടര്‍ന്നു ചൈനീസ് തലസ്ഥാനമായ ബെയ്ജിങില്‍ വീണ്ടും റെഡ് അലര്‍ട്ട്. കടുത്ത മലിനീകരണം സൃഷ്ടിച്ച പുകമഞ്ഞ് ജനജീവിതത്തെ തടസ്സപ്പെടുത്തുംവിധം വ്യാപിച്ചതോടെ ഒരാഴ്ച മുമ്പാണ് നഗരത്തില്‍ ആദ്യ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. സിയാനില്‍ നിന്നു തുടങ്ങുന്ന പുകമഞ്ഞ് ചൈനയുടെ വടക്കുകിഴക്കന്‍ പ്രദേശമായ ഷിയാനിലേക്കും ഹര്‍ബിനിലേക്കും വ്യാപിക്കുമെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. ജനങ്ങളോട് വീടുകളില്‍ തന്നെ തുടരാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഫാക്ടറികള്‍, നിര്‍മാണ മേഖലകള്‍ തുടങ്ങി നഗരത്തിലെ മിക്ക സ്ഥാപനങ്ങളും അടഞ്ഞുകിടക്കുകയാണ്. പകുതി വാഹനങ്ങളോട് നിരത്തിലിറങ്ങരുതെന്നു നിര്‍ദേശിച്ചിട്ടുണ്ട്. സാമ്പത്തിക വളര്‍ച്ചയ്ക്കായി അനിയന്ത്രിതമായി അന്തരീക്ഷം മലിനമാക്കിയതിന്റെ ദുരന്തമാണിന്ന് ബെയ്ജിങ് അനുഭവിക്കുന്നത്. വാഹനങ്ങള്‍, ഫാക്ടറികള്‍, കല്‍ക്കരി മേഖലകള്‍ തുടങ്ങിയവയുടെ ആധിക്യമാണ് ബെയ്ജിങിലെ അന്തരീക്ഷത്തെ വിഷമയമാക്കുന്നത്. മലിനീകരണം മൂലം ചൈനയിലെ ജനങ്ങള്‍ക്കിടയില്‍ ഉറക്കക്കുറവ് വ്യാപിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

അന്തരീക്ഷ മലിനീകരണത്തെ തുടര്‍ന്നു ശ്വസനത്തിനു ബുദ്ധിമുട്ടനുഭവപ്പെട്ട നിരവധി പേരാണ് ചികില്‍സയിലുള്ളത്.
അമിതമായ അന്തരീക്ഷ മലിനീകരണത്തിന്റെ പേരില്‍ ഏറെ പഴി കേള്‍ക്കേണ്ടി വന്ന രാജ്യമാണ് ചൈന. പാരിസ് കാലാവസ്ഥാ ഉച്ചകോടിയില്‍ ചൈനയിലെ അന്തരീക്ഷ മലിനീകരണം ചര്‍ച്ചയായിരുന്നു.
Next Story

RELATED STORIES

Share it