ബെന്നി ബഹനാന്റെ പിന്മാറ്റം: പൊട്ടിക്കരഞ്ഞ് ഹൈബി ഈഡന്‍; പ്രതിഷേധവുമായി പ്രവര്‍ത്തകര്‍

കൊച്ചി: മല്‍സരിക്കാനില്ലെന്ന ബെന്നി ബഹനാന്റെ പ്രഖ്യാപനം നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചു. പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ അദ്ദേഹത്തിന്റെ ഓഫിസിലെത്തിയ എറണാകുളം എംഎല്‍എ ഹൈബി ഈഡന്‍ ബെന്നി ബഹനാനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു.
തീരുമാനത്തില്‍നിന്ന് ബെന്നിയെ പിന്തിരിപ്പിക്കാന്‍ പ്രവര്‍ത്തകര്‍ മുദ്രാവാക്യങ്ങള്‍ മുഴക്കി അദ്ദേഹത്തിന്റെ ഓഫിസിനു മുന്നില്‍ തടിച്ചുകൂടി. പിന്നീട് ഇവര്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. മന്ത്രി കെ ബാബുവും പ്രഫ. കെ വി തോമസും അടക്കമുള്ള നേതാക്കള്‍ ബെന്നി ബഹനാനെ ഓഫിസിലെത്തി സന്ദര്‍ശിച്ചു.
തൃക്കാക്കര ഉള്‍പ്പെടെ അഞ്ച് തര്‍ക്ക സീറ്റിലും ഉമ്മന്‍ചാണ്ടി നിര്‍ദേശിച്ച സ്ഥാനാര്‍ഥികളെ ഹൈക്കമാന്‍ഡ് അംഗീകരിക്കുമെന്നായിരുന്നു ഞായറാഴ്ച വൈകീട്ട് വരെ ഉണ്ടായിരുന്ന ധാരണ. എന്നാല്‍ തൃക്കാക്കരയില്‍ ബെന്നി ബഹനാന് പകരം പി ടി തോമസിനെ ഉള്‍പ്പെടുത്താന്‍ രാഹുല്‍ഗാന്ധി നിര്‍ദേശിച്ച വാര്‍ത്ത ഇന്നലെ രാവിലെ പുറത്തുവന്നു. ഇതോടെ മാധ്യമപ്രവര്‍ത്തകര്‍ ബെന്നിയെ സമീപിച്ചെങ്കിലും തന്നെ മാറ്റുന്ന കാര്യം സംബന്ധിച്ച് യാതൊരുവിധ അറിയിപ്പും ലഭിച്ചിട്ടില്ലെന്നായിരുന്നു മറുപടി.
ഹൈക്കമാന്‍ഡിനെയും പി ടി തോമസിന്റെ പേര് നിര്‍ദേശിച്ച വി എം സുധീരനെയും സമ്മര്‍ദത്തിലാക്കിക്കൊണ്ടാണ് ബെന്നി തീരുമാനം പ്രഖ്യാപിച്ചത്. ഇതിലൂടെ ഗ്രൂപ്പിനതീതമായി തനിക്കനുകൂലമായ വികാരമുണ്ടാക്കാനും ബെന്നിക്കു കഴിഞ്ഞു.
തൃക്കാക്കരയില്‍ ബെന്നി ബഹനാനാണ് വിജയസാധ്യതയുള്ള അനുയോജ്യനായ സ്ഥാനാര്‍ഥിയെന്നും ഇക്കാര്യം ഡല്‍ഹിയിലെ വേണ്ടപ്പെട്ടവരെയെല്ലാം ധരിപ്പിക്കുമെന്നും ഹൈബി ഈഡന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ബെന്നി ബഹനാനെ ഒഴിവാക്കുമെന്ന് കരുതുന്നില്ലെന്നും അവസാന തീരുമാനം അദ്ദേഹത്തിന് അനുകൂലമാവുമെന്നാണ് പ്രതീക്ഷയെന്നും ഹൈബി കൂട്ടിച്ചേര്‍ത്തു. ബെന്നിയുടെ പിന്‍മാറ്റം ഏറെ ദുഃഖകരമാണെന്ന് മന്ത്രി കെ ബാബു പറഞ്ഞു.
Next Story

RELATED STORIES

Share it