ബെന്നി ബഹനാനും പണം നല്‍കിയെന്ന് സരിത

കൊച്ചി: ബെന്നി ബഹനാന്‍ എംഎല്‍എയുമായി 2012 മുതല്‍ പരിചയമുണ്ടെന്നും പാര്‍ട്ടി പ്രവര്‍ത്തന ഫണ്ടിലേക്കായി അഞ്ചു ലക്ഷം രൂപ കൈമാറിയത് 2012 ആഗസ്തിന് ശേഷമാണെന്നും സോളാര്‍ തട്ടിപ്പു കേസിലെ പ്രതി സരിത എസ് നായര്‍ സോളാര്‍ കമ്മീഷന്‍ മുമ്പാകെ മൊഴി നല്‍കി. ബെന്നി ബഹനാന്‍ എംഎല്‍എയുടെ അഭിഭാഷകന്‍ അഡ്വ. രാജു ജോസഫിന്റെ ക്രോസ് വിസ്താരത്തിലാണ് സരിത ഇക്കാര്യം വ്യക്തമാക്കിയത്.
ചെമ്പ്മുക്കില്‍ ട്രാന്‍സ്‌ഫോമര്‍ ഉദ്ഘാടന ചടങ്ങിനെത്തിയപ്പോഴാണ് ബെന്നി ബഹനാന് അഞ്ചു ലക്ഷം രൂപ കൈമാറിയത്. ഇത്രയും തുക കൈവശമുണ്ടായിരുന്നുവെന്ന് തെളിയിക്കുന്നതിനായി കമ്പനിയുടെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ് ഉള്‍പ്പെടെ രേഖകള്‍ കമ്മീഷനില്‍ സമര്‍പ്പിച്ചിട്ടുണ്ട്. താന്‍ ജയിലില്‍ നിന്നിറങ്ങിയ ശേഷം സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് നിരവധി തവണ ബെന്നി ബഹനാനുമായി ഫോണില്‍ സംസാരിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പറഞ്ഞിട്ടാണ് വിളിക്കുന്നതെന്നും പറഞ്ഞിരുന്നു. ജയിലില്‍ പോവുന്നതിനു മുമ്പും ഇറങ്ങിയതിനു ശേഷവും പലതവണ അദ്ദേഹം വിളിച്ചു. കേസ് സംബന്ധിച്ച കാര്യങ്ങള്‍ മുഖ്യമന്ത്രിയോട് സംസാരിച്ച് ശരിയാക്കാമെന്നായിരുന്നു പറഞ്ഞിരുന്നത്.
പാര്‍ട്ടി ഫണ്ടിലേക്കെന്ന് പറഞ്ഞ് പല നേതാക്കളും പണം വാങ്ങിയിട്ടുണ്ട്. ഈ മാസം അഞ്ചിന് പത്തനംതിട്ട ജുഡിഷ്യല്‍ ഫസ്റ്റ് കഌസ് മജിസ്‌ട്രേറ്റ് കോടതിയിലെ ഒരു കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ കെട്ടിവെച്ച തുക സുഹൃത്തുക്കളില്‍ നിന്നും അഞ്ചോളം സിനിമകളില്‍ അഭിനയിച്ചതില്‍ നിന്നും ലഭിച്ചതാണ്.
കനാലി, സഫാരി, കുന്തി, വയ്യാവേലി, അഹല്യാപുരി എന്നീ സിനിമകളിലാണ് താന്‍ അഭിനയിച്ചത്. സര്‍ക്കാറിനെതിരേയല്ല തന്റെ മൊഴി. മൊഴിയെ ആരും സ്വാധീനിച്ചിട്ടില്ല. അതേസമയം, പോലിസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജി ആര്‍ അജിത് കുമാറിനു വേണ്ടി അസോസിയേഷന്റെ അഭിഭാഷകന്‍ അഡ്വ. ജോര്‍ജ് പൂന്തോട്ടം നാല് ഹരജികള്‍ കമ്മീഷനില്‍ സമര്‍പ്പിച്ചു.
മുഖ്യമന്ത്രിയുടെ ഓഫിസിലെ ലാന്‍ഡ് ഫോണ്‍ രേഖകള്‍, സരിതയുടെ സ്വകാര്യ ഡയറി, 2013 ജനുവരി 22ലെ സരിതയുടെ മൊബൈല്‍ ഫോണുകളുടെ ടവര്‍ ലൊക്കേഷന്‍, ടെന്നി ജോപ്പന്റെ ഇ-മെയില്‍ ഇടപാടുകള്‍, പോലിസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജി ആര്‍ അജിത് കുമാറിന്റെ കോള്‍ ഡീറ്റൈല്‍സ് എന്നിവ കമ്മീഷനില്‍ ഹാജരാക്കണം എന്നീ ആവശ്യങ്ങളാണ് ഹരജിയിലുള്ളത്. ഹരജികള്‍ ഈ മാസം 28ന് കമ്മീഷന്‍ പരിഗണിക്കും.
Next Story

RELATED STORIES

Share it