ബെന്നിയെ കൊന്നത് തണ്ടര്‍ബോള്‍ട്ടെന്ന് ; രൂപേഷിനെ 26 വരെ കസ്റ്റഡിയില്‍ വിട്ടു

പാലക്കാട്: മാവോവാദി നേതാവ് രൂപേഷിനെ വൈദ്യപരിശോധനയ്ക്കു ശേഷം 26 വരെ പോലിസ് കസ്റ്റഡിയില്‍ വിട്ടയച്ചു. കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയ രൂപേഷ് ദേഹാസ്വാസ്ഥ്യമുണ്ടെന്നറിയിച്ചതിനെ തുടര്‍ന്നാണ് ഇന്നലെ ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധയ്ക്കു വിധേയനാക്കിയത്.
തോക്കു ചൂണ്ടി അട്ടപ്പാടി അഗളി താഴെ ആനവായ് ചെറുനാലിപ്പൊട്ടിയില്‍ ആദിവാസിയായ കെ ദൊരൈരാജിനെ മല്ലീശ്വരം ക്ഷേത്രത്തിലെ ഉല്‍സവത്തെ കുറിച്ചും ആദിവാസി ഊരുകളിലേക്കുള്ള വഴികളെക്കുറിച്ചും ചോദിച്ചു ഭീഷണിപ്പെടുത്തിയെന്ന് അഗളി പോലിസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ക്കായി രൂപേഷിനെ കസ്റ്റഡിയില്‍ വിട്ടത്. പോലിസ് ചോദ്യംചെയ്യുമ്പോള്‍ അഭിഭാഷകനുമായി ആശയവിനിമയം നടത്താന്‍ അനുവദിക്കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം കോടതി അനുവദിച്ചില്ല. ചോദ്യം ചെയ്യലുകള്‍ക്കു ശേഷം 26ന് ഉച്ചയ്ക്ക് 12 മണിക്ക് രൂപേഷിനെ കോടതി മുമ്പാകെ ഹാജരാക്കണമെന്ന് ജില്ലാ ജഡ്ജി ടി വി അനില്‍കുമാര്‍ ഉത്തരവിട്ടു. അതേസമയം കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പറഞ്ഞ കാര്യങ്ങള്‍ തന്നെ രൂപേഷ് ഇന്നലെയും ആവര്‍ത്തിച്ചു.
ആദിവാസി യുവാവ് ബെന്നിയെ കൊന്നത് തണ്ടര്‍ബോള്‍ട്ടാണെന്നും അതിനെ ആദിവാസികളെ അണിനിരത്തി എതിര്‍ക്കാ ന്‍ ശ്രമിച്ചതിനാണ് താനടക്കമുള്ളവരെ പ്രതിചേര്‍ത്തതെന്നും രൂപേഷ് മാധ്യമങ്ങളോടു പറഞ്ഞു. 2014 ജനുവരി മൂന്നിനാണ് പോലിസ് പറയുന്ന സംഭവം. രൂപേഷ് ഉള്‍പ്പെടെ 11 പേര്‍ക്കെതിരേ അഗളി പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഡിവൈഎസ്പി എസ് ഷാനവാസാണ് അന്വേഷണം നടത്തുന്നത്.
Next Story

RELATED STORIES

Share it