Second edit

ബെത്‌ലഹേമിലെ കള്ളന്മാര്‍

സമാധാനത്തിന്റെ ദൂതന്‍ പിറന്നുവീണത് ബെത്‌ലഹേമിലെ പുല്‍ക്കുടിലിലാണ്. പക്ഷേ, ഭൂമിയില്‍ സമാധാനം എത്ര അകലെയെന്ന് ലോകത്തെ നിരന്തരം ഓര്‍മിപ്പിച്ചുകൊണ്ടിരിക്കുന്നതും ഈ ചെറുനഗരം സ്ഥിതിചെയ്യുന്ന ഫലസ്തീന്‍ പ്രദേശം തന്നെ.
ചുറ്റിലും യുദ്ധവും കലാപങ്ങളുമാണെങ്കിലും പടിഞ്ഞാറേക്കരയിലെ ഈ ചെറുപട്ടണത്തിലെ ജനജീവിതം പൊതുവെ ശാന്തമായിരുന്നു. കൊള്ളയും കൊലയും കേട്ടുകേള്‍വിയില്ല. 2013ലെ കണക്കുകള്‍പ്രകാരം 1,000 പേര്‍ക്കിടയില്‍ രണ്ടു മോഷണശ്രമങ്ങള്‍ മാത്രമാണു നടന്നത്. ആ വര്‍ഷം ആകെ 230 മോഷണക്കേസുകളാണ് സ്ഥലത്തെ പോലിസ് രജിസ്റ്റര്‍ ചെയ്തത്. ആളോഹരി കണക്കാക്കിയാല്‍ ലണ്ടന്‍ നഗരത്തില്‍ നടക്കുന്നത് അതിന്റെ നാലിരട്ടി മോഷണവും പിടിച്ചുപറിയുമാണ്.
പക്ഷേ, ഈയിടെയായി കാര്യങ്ങള്‍ ബെത്‌ലഹേമിലും കുഴപ്പത്തില്‍ തന്നെ. ഇത്തവണ ക്രിസ്മസ് രാവില്‍ പലരും ഉറക്കമിളച്ചത് ക്രിസ്തുവിന്റെ വരവു കാരണം മാത്രമായിരുന്നില്ല; കള്ളന്മാരെ പേടിച്ചും പലരും ഉറക്കമിളച്ചു. കഴിഞ്ഞ രണ്ടുമാസത്തിനിടയില്‍ മാത്രം 55 ഭവനഭേദനക്കേസുകളാണ് ഇവിടെയുണ്ടായത്. കാരണം, യുദ്ധവും സാമ്പത്തിക കെടുതികളും തന്നെ. ബെത്‌ലഹേമിന്റെ സാമ്പത്തിക അടിത്തറ ടൂറിസമാണ്. പക്ഷേ, യേശുവിന്റെ നാട്ടില്‍ കാലുകുത്താന്‍ സന്ദര്‍ശകര്‍ മടിക്കുകയാണ്. ഇസ്രായേലി സേനകളുടെ ആക്രമണങ്ങളും ഫലസ്തീന്റെ ചെറുത്തുനില്‍പും സന്ദര്‍ശകപ്രവാഹത്തെ തടയുന്നു. അതോടെ പ്രദേശം പ്രതിസന്ധിയിലാവുകയും ചെയ്യുന്നു.
Next Story

RELATED STORIES

Share it