Pravasi

ബുറൈദ ഇന്ത്യന്‍ സ്‌കൂള്‍ വാര്‍ഷികാഘോഷം വര്‍ണാഭമായി

ബുറൈദ: ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂള്‍ ബോയ്‌സ് വിഭാഗം വാര്‍ഷികാഘോഷ, അവാര്‍ഡ് വിതരണ ചടങ്ങ് വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും മനം കവര്‍ന്നു. സൗദി വിദ്യാഭ്യാസ മന്ത്രാലയ സൂപ്പര്‍വൈസര്‍ ഉസാമ അല്‍ ഹിസ്സാന്‍ മുഖ്യാതിഥിയായിരുന്നു. ഇന്ത്യന്‍ സ്‌കൂളുകളുടെ ഇന്ത്യന്‍ എംബസി നിരീക്ഷകന്‍ ഡോ. ഹിഫ്‌സുര്‍റഹ്മാന്‍ അതിഥിയെ ആദരിച്ചു. സ്‌കൂള്‍ ഭരണസമിതി ചെയര്‍മാന്‍ സിദ്ദീഖ് എ കല്ലട്ക, വൈസ് ചെയര്‍മാന്‍ ഡോ. സയ്ദ് റഈസുര്‍ റഹ്മാന്‍, ഉപദേശകസമിതിയംഗങ്ങളായ ഡോ. ശാഹിദ് കരീം, സാദിഖുല്ല, ഡോ. ഉവൈസ് അഹ്മദ്, സന്താന ഗോപാലന്‍, മിനിമോള്‍ സംബന്ധിച്ചു.
അധ്യാപകരായ ഇര്‍ഷാദ്, ഇംതിയാസ് ആലം, നാലം പാല്‍, അനിത ഷാജി എന്നിവരുടെ നേതൃത്വത്തില്‍ സ്‌കൗട്‌സ് ആന്റ് ഗൈഡ്‌സ് വിദ്യാര്‍ഥികള്‍ നടത്തിയ ഗാര്‍ഡ് ഓഫ് ഓണറോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പാരമ്പര്യ വേഷങ്ങളണിഞ്ഞ് അതിഥികളെ സ്വാഗതം ചെയ്തു. പ്രിന്‍സിപ്പല്‍ ലഫ്റ്റനന്റ് കേണല്‍ ജെ എ റോക്യു, വൈസ് പ്രിന്‍സിപ്പല്‍ ജാവേദ് ഹസ്സന്‍ സംസാരിച്ചു. വിവിധ കലാ-കായിക മല്‍സര വിജയിക—ളെ ആദരിച്ചു. അബ്ദുല്‍ റഊഫ്, തഖീഉര്‍റഹ്മാന്‍ ഖുര്‍ആന്‍ പാരായണം നടത്തി. വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച ഷേക്‌സ്പിയര്‍ നാടകം ജൂലിയസ് സീസര്‍ ഏവരുടെയും പ്രശംസ പിടിച്ചുപറ്റി.
പുതുതായി ആരംഭിച്ച സ്‌പോട്‌സ് കോംപ്ലക്‌സ് ഉസാമ അല്‍ ഹിസ്സാന്‍ ഉദ്ഘാടനം ചെയ്തു. ബാങ്ക് അല്‍ ബിലാദ് റീജ്യനല്‍ മാനേജര്‍ അബ്ദുല്‍ അസീസ് അബാ അല്‍ഖൈല്‍, ബ്രാഞ്ച് മാനേജര്‍ അഹ്മദ്, സ്‌കൗട്‌സ് ആന്റ് ഗൈഡ്‌സ് വക്താവ് അല്‍ ഖുന്നൂസ്, മജ്മ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സയ്ദ് ഷൗക്കത്ത് സന്നിഹിതരായി. ബുറൈദയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ നേതൃത്വത്തില്‍ 1989 ആഗസ്ത് 26നാണ് 45 വിദ്യാര്‍ഥികളും ഒമ്പത് അധ്യാപകരുമായി സ്‌കൂള്‍ ആരംഭിച്ചത്. ഇപ്പോള്‍ 2,301 ഇന്ത്യന്‍ വിദ്യാര്‍ഥികളും 215 ഇതരവിദ്യാര്‍ഥികളും പഠനം നടത്തുന്ന സ്‌കൂളില്‍ 127 അധ്യാപകരും 15 ജീവനക്കാരും മറ്റ് 49 പേരും സേവനമനുഷ്ടിക്കുന്നു.
Next Story

RELATED STORIES

Share it