Alappuzha local

ബീച്ചില്‍ സുനാമി മോക്ഡ്രില്‍ 11ന്

ആലപ്പുഴ: ജില്ലയിലെ ദുരന്തനിവാരണ സംവിധാനങ്ങളുടെ കാര്യക്ഷത ഉറപ്പാക്കാനും സുനാമി ദുരന്ത മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദേശപ്രകാരം 11ന് ആലപ്പുഴ ബീച്ചില്‍ സുനാമി മോക് ഡ്രില്‍ സംഘടിപ്പിക്കും.
സര്‍ക്കാര്‍ സംവിധാനങ്ങളെല്ലാം സുനാമി ദുരന്ത സമയത്ത് സ്വീകരിക്കേണ്ട എല്ലാ മുന്‍കരുതലുകളും എടുക്കും. ഭൂകമ്പത്തെത്തുടര്‍ന്ന് സുനാമിയുണ്ടായാല്‍ കേരളത്തില്‍ അതിന്റെ ഭാഗമായി 4.30 മുതല്‍ 5.30 വരെ സുനാമി ഉണ്ടാവുമെന്ന് മുന്നറിയിപ്പ് ലഭിക്കുകയും ചെയ്താല്‍ സ്വീകരിക്കേണ്ട യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികളാണ് തല്‍സമയം ആവഷ്‌കരിക്കുക. ഉച്ചയ്ക്ക് 2.30 മുതല്‍ 6.30 വരെയായിരിക്കും ഓപറേഷന്‍ സമയം.
അന്നേദിവസം ആലപ്പുഴ ബീച്ചില്‍ കടല്‍ത്തീരത്തുനിന്ന് 250 മീറ്റര്‍ അകലത്തിലുള്ളവരെ ഒഴിപ്പിക്കും. സാങ്കല്‍പ്പിക സുനാമി അറിയിപ്പ് ലഭിച്ചാലുടന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി അംഗങ്ങളെല്ലാം ജില്ലാ എമര്‍ജന്‍സി ഓപറേഷന്‍ സെന്ററില്‍ എത്തിച്ചേരും. തുടര്‍ന്ന് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ പ്രശ്‌ന പരിഹാര സമിതി യോഗം ചേരും. ഇ-മെയില്‍ , ഫോണ്‍, ഫാക്‌സ്, ഹാം റേഡിയോ ഉള്‍പ്പടെയുള്ള സംവിധാനങ്ങളിലൂടെയാവും അറിയിപ്പ് നല്‍കുക.
പോലിസ്, ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലിസ്, അഗ്നിശമനവിഭാഗം, മെഡിക്കല്‍ സംഘം, റവന്യൂ വിഭാഗം ഉദ്യോഗസ്ഥര്‍, കോസ്റ്റല്‍ പോലിസ് എന്നീ കേന്ദ്രങ്ങളാണ് പങ്കെടുക്കുക. തൊട്ടടുത്തുള്ള ആശുപത്രിയില്‍ ദുരന്തം നേരിടാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും. ബീച്ചില്‍ എയര്‍ഫോഴ്‌സ്, നേവി എന്നിവയുടെ സഹായത്തോടെ എയര്‍ഡ്രോപിങ് അടക്കമുള്ള സംവിധാനങ്ങള്‍ ഒരുക്കും.
Next Story

RELATED STORIES

Share it