ബി സന്ധ്യ ദക്ഷിണമേഖലാ എഡിജിപി

തിരുവനന്തപുരം: എല്‍ഡിഎഫ് മന്ത്രിസഭ അധികാരമേറ്റതിനു പിന്നാലെ ആദ്യ അഴിച്ചുപണി പോലിസ് തലപ്പത്ത്. ദക്ഷിണമേഖലാ എഡിജിപി കെ പത്മകുമാറിനെ മാറ്റി ബി സന്ധ്യയെ തല്‍സ്ഥാനത്തു നിയമിച്ചു. പോലിസ് ആസ്ഥാനത്ത് സേനാനവീകരണ ചുമതലയുള്ള എഡിജിപിയായിരുന്നു സന്ധ്യ.
ജിഷ കേസ് അന്വേഷണത്തോടൊപ്പം പ്രദേശത്തെ ക്രമസമാധാന ചുമതലയും ഒരാ ള്‍ നിര്‍വഹിച്ചാല്‍ മതിയെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് പുതിയ തീരുമാനം. പത്മകുമാറിന് പകരം ചുമതല നല്‍കിയിട്ടില്ല. ഏറെക്കാലത്തിനുശേഷമാണ് ബി സന്ധ്യയെ ക്രമസമാധാനപാലന ചുമതലയുള്ള പദവിയില്‍ നിയമിക്കുന്നത്. പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ഥിനി ജിഷ കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം ആദ്യ മന്ത്രിസഭായോഗത്തില്‍ തന്നെ ബി സന്ധ്യയെ ഏല്‍പിച്ചിരുന്നു. ജിഷ വധക്കേസിന്റെ അന്വേഷണച്ചുമതലയും മുമ്പ് പത്മകുമാറിനായിരുന്നു.
അതേസമയം, ജിഷയുടെ ക്രൂരകൊലപാതകത്തില്‍ സത്യം പുറത്തുകൊണ്ടുവരാന്‍ കഴിവിന്റെ പരമാവധി ശ്രമിക്കുമെന്ന് എഡിജിപി ബി സന്ധ്യ അറിയിച്ചു. തനിക്കു വിശ്വാസമുള്ള ഒരു ടീമിനെ അനുവദിച്ചുതരണമെന്ന് ഡിജിപിയോട് ആവശ്യപ്പെടുമെന്നും ബി സന്ധ്യ അറിയിച്ചു. കൊലപാതകം നടന്ന് ഒരു മാസമായിട്ടും പ്രതിയെ പിടികൂടാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് വനിതാ ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ പുതിയ അന്വേഷണസംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചത്.
Next Story

RELATED STORIES

Share it