kozhikode local

ബി പി മൊയ്തീന്‍ സേവാമന്ദിര്‍ കെട്ടിടത്തിന് തറക്കല്ലിട്ടു

മുക്കം: മുക്കം ബി പി മൊയ്തീന്‍ സേവാ മന്ദിറിനായി പുതുതായി നിര്‍മിക്കുന്ന കെട്ടിടത്തിന് തറക്കല്ലിട്ടു. പ്രൗഢഗംഭീരമായ ചടങ്ങില്‍ സിനിമാ താരം ദിലീപ് തറക്കല്ലിടല്‍ കര്‍മം നിര്‍വഹിച്ചു. നടന്‍ ദിലീപാണ് മൂന്നു നില കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്‌ളോര്‍ നിര്‍മിച്ച് നല്‍കുന്നത്. ഇതിന് ഏകദേശം 35 ലക്ഷം രൂപ ചെലവ് വരും. സേവാ മന്ദിറിന്റെയും കാഞ്ചന മാലയേയും കുറിച്ച് മാധ്യമങ്ങളിലൂടെ അറിഞ്ഞ ദിലീപ് കെട്ടിടം നിര്‍മിക്കാന്‍ സ്വയം തയാറായി വരികയായിരുന്നു.ചടങ്ങില്‍ കെട്ടിട നിര്‍മാണ കമ്മിറ്റി ചെയര്‍മാന്‍ എന്‍ സുരേന്ദ്രനാഥ് അധ്യക്ഷനായി.

എം ഐ ഷാനവാസ് എംപി, സി മോയിന്‍കുട്ടി എംഎല്‍എ കെ ടി ജലീല്‍ എംഎല്‍എ, പി എം മുഹമ്മദലി ബാബു, ജോര്‍ജ് എം തോമസ്, കാഞ്ചനകൊറ്റങ്ങല്‍ ,എ സി നിസാര്‍ ബാബു, ബേബി ഷക്കീല സംസാരിച്ചു.1982 ജൂലൈ പതിനഞ്ചിന് കൊടിയത്തൂര്‍ തെയത്തുംകടവിലുണ്ടായ തോണി അപകടത്തില്‍ നിരവധി പേരെ രക്ഷിച്ച് മൊയ്തീന്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. സാഹസികന്‍ ,സാമൂഹിക പ്രവര്‍ത്തകന്‍, ഫുട്ബാള്‍ കളിക്കാരന്‍ ,അഭിനേതാവ്, പത്രപ്രവര്‍ത്തകന്‍ തുടങ്ങിയ ഒട്ടേറെ മേഖലകളില്‍ മൊയ്തീന്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു.

അദ്ദേഹത്തിന്റെ മരണശേഷം സേവാ മന്ദിറിന്റെ പ്രവര്‍ത്തനം കാഞ്ചന മാല ഏറ്റെടുക്കുകയായിരുന്നു.  നേരത്തെ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം  മൊയ്തീന്റെ ബന്ധുക്കളുമായി നടന്ന കേസിനൊടുവില്‍ സേവാ മന്ദിറിന് നഷ്ടമായി. തുടര്‍ന്ന് നടന്ന അനുരജ്ഞനത്തിനൊടുവില്‍ 8 സെന്റ് സ്ഥലം സേവാ മന്ദിറിന് ലഭിച്ചു. ഇവിടെ ഷെഡിനുള്ളില്‍ അസൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടി പ്രവര്‍ത്തിക്കുകയായിരുന്നു സേവാ മന്ദിര്‍ . പതിനയ്യായിരത്തില്‍പരം പുസ്തകങ്ങള്‍ ഉള്‍ക്കൊള്ളുന്ന ലൈബ്രറിയുടെ സ്ഥിതിയായിരുന്നു ഏറെ പരിതാപകരം ‘ഇവിടെ പ്രവര്‍ത്തിച്ചിരുന്ന സ്ത്രീ രക്ഷാകേന്ദ്രം, തൊഴില്‍ പരിശീലന കേന്ദ്രം തുടങ്ങി പന്ത്രണ്ടോളം സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം നിലച്ചു.പുതിയ കെട്ടിടം യാഥാര്‍ത്ഥ്യമാവുന്നതോടെ ഇതി നെല്ലാം പരിഹാരമാവുമെന്നാണ് പ്രതീക്ഷ. നാല് മാസത്തിനകം കെട്ടിട നിര്‍മാണം പൂര്‍ത്തിയാവുമെന്നാണ് പ്രതീക്ഷ.
Next Story

RELATED STORIES

Share it