ബി.ജെ.പി. നേതാവ് മാംസവ്യവസായകമ്പനിയുടെ ഡയറക്ടര്‍

സ്വന്തം പ്രതിനിധി

മീറത്ത്: ഉത്തര്‍പ്രദേശിലെ ബി.ജെ.പി. നേതാവ് സംഗീത് സോം മാംസവ്യാപാരവുമായി ബന്ധപ്പെട്ടിരുന്നുവെന്ന തെളിവുകള്‍ പുറത്തുവന്നു. ഹലാല്‍ മാംസം കയറ്റിയയക്കുന്ന കമ്പനിയുടെ ഡയറക്ടറായിരുന്നു സോം. അല്‍ദുവ ഫുഡ് പ്രൊസസിങ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഡയറക്ടറായി 2008 വരെ ഇയാള്‍ പ്രവര്‍ത്തിച്ചു. കമ്പനി രജിസ്റ്റര്‍ ചെയ്ത 2005 മുതല്‍ മൂന്നുവര്‍ഷക്കാലം സോം ഡയറക്ടറായിരുന്നുവെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. 2008ലാണ് ഡയറക്ടര്‍സ്ഥാനം ഇയാള്‍ രാജിവച്ചത്. ഇറച്ചിയും അനുബന്ധ ഉല്‍പ്പന്നങ്ങളും വാങ്ങാനും വില്‍ക്കാനും കമ്പനി അനുമതി സമ്പാദിച്ചിരുന്നു.കമ്പനിക്കു വേണ്ടി ഡയറക്ടറെന്ന നിലയില്‍ സോം ഒപ്പുവച്ച രേഖകള്‍ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍, ഇതുസംബന്ധിച്ച ചോദ്യത്തിന് സോം വ്യക്തമായ ഉത്തരം നല്‍കിയില്ല.

തനിക്ക് കമ്പനിയുമായി യാതൊരു ബന്ധവുമില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ഒരു കമ്പനിക്ക് ആയിരം കാര്യങ്ങളുണ്ടാവുമെന്നും അതെല്ലാം തനിക്കെങ്ങനെ അറിയാനാവുമെന്നും സോം ചോദിച്ചു. അല്‍ദുവ കമ്പനിയുടെ ഡയറക്ടറെന്ന നിലയില്‍ അലിഗഡില്‍ സോം ഭൂമി വാങ്ങിയിരുന്നു. ഭൂമി വാങ്ങിയെന്ന കാര്യം അദ്ദേഹം സമ്മതിച്ചു. പിന്നീട് ഈ ഭൂമി വിറ്റെന്നും അദ്ദേഹം പറഞ്ഞു.അറവുശാലയ്ക്ക് അനുമതിക്കായി സോം സമീപിച്ചിരുന്നുവെന്ന യു.പി. മന്ത്രി അഅ്‌സംഖാന്റെ വെളിപ്പെടുത്തലോടെയാണ് സോമിന്റെ മാംസവ്യാപാരം പുറത്തായത്. യു.പി. നിയമസഭയിലെ അംഗമായ സോം മുസഫര്‍നഗര്‍ കലാപക്കേസിലെ പ്രതിയാണ്.
Next Story

RELATED STORIES

Share it