ബി.ജെ.പിക്കൊപ്പം മതേതരമുന്നണി അറവുകാരന്‍ അഹിംസയെക്കുറിച്ച് പറയുന്നതുപോലെ: സുധീരന്‍

തിരുവനന്തപുരം: ബി.ജെ.പിയെ മുന്നില്‍ നിര്‍ത്തി മതേതരമുന്നണി ഉണ്ടാക്കാന്‍ പോവുന്നു എന്നു പറയുന്നത് അറവുകാരന്‍ അഹിംസയെക്കുറിച്ച് പറയുന്നതുപോലെ പരിഹാസ്യമാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി എം സുധീരന്‍. മൂന്നാം മുന്നണി ഉണ്ടാക്കാന്‍ പോവുന്നുവെന്ന പ്രചാരണം നടത്തിയവര്‍ അത് ക്ലച്ച്പിടിക്കുന്നില്ലെന്ന അവസ്ഥ തിരിച്ചറിയുന്നുണ്ട്. കൃത്യമായ ലക്ഷ്യമോ ആശയമോ പരിപാടിയോ ഇല്ലാതെ സ്വാര്‍ഥതാല്‍പ്പര്യത്തിനുവേണ്ടി മൂന്നാം മുന്നണിക്കായി ഇറങ്ങിപ്പുറപ്പെട്ടവര്‍ ഇപ്പോള്‍ ആശയക്കുഴപ്പത്തില്‍പ്പെട്ട് ഇരുട്ടില്‍ തപ്പുകയാണെന്നും സുധീരന്‍ പറഞ്ഞു. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മതം ഏതായാലും മനുഷ്യന്‍ നന്നായാല്‍ മതിഎന്ന ഉത്കൃഷ്ട സന്ദേശം നല്‍കിയ ശ്രീനാരായണഗുരുവിന്റെ ധര്‍മസംഹിത പ്രചരിപ്പിക്കാനാണ് എസ്.എന്‍.ഡി.പി. യോഗം രൂപവല്‍ക്കരിക്കപ്പെട്ടത്. മഹാകവി കുമാരനാശാന്‍, ഡോ. പല്‍പ്പു, ടി കെ മാധവന്‍, സി കേശവന്‍, ആര്‍ ശങ്കര്‍ തുടങ്ങിയവര്‍ വിലപ്പെട്ട സംഭാവന നല്‍കി വളര്‍ത്തിയെടുത്ത ആ മഹത്തായ പ്രസ്ഥാനത്തെഅവരുടെ പാതയില്‍ നിന്നു വ്യതിചലിപ്പിക്കാനും ആ പ്രസ്ഥാനത്തിന്റെ ആശയാദര്‍ശങ്ങള്‍ക്കു വിരുദ്ധമായി പ്രവര്‍ത്തിക്കാനും ആരു ശ്രമിച്ചാലും അംഗീകരിക്കില്ല. ഇപ്പോള്‍ അതിനു ശ്രമിക്കുന്നവര്‍ കേരളസമൂഹത്തിനുവേണ്ടി ഗുണപരമായ എന്തെങ്കിലും സംഭാവന നല്‍കിയവരല്ല.

ഇവര്‍ നയിക്കുന്ന സംഘടനയുടെ സ്ഥാപനങ്ങളില്‍പ്പോലും പാവപ്പെട്ടവര്‍ക്ക് അവഗണനയാണ്.  അങ്ങനെയുള്ളവര്‍ ഇപ്പോള്‍ സംഘടനയുടെ നേതൃത്വത്തിലിരുന്നുകൊണ്ട് സ്വന്തം താല്‍പ്പര്യത്തിനുവേണ്ടി ബി.ജെ.പിയുമായി കൂട്ടുചേരാന്‍ ശ്രമിക്കുകയാണ്.  സംഘപരിവാര അജണ്ട നടപ്പാക്കാന്‍ നിന്നുകൊടുക്കുന്നതിലൂടെ ശ്രീനാരായണ പ്രസ്ഥാനത്തിന്റെ തലപ്പത്തുള്ളവര്‍ സമൂഹത്തില്‍ നിന്നുതന്നെ ഉയര്‍ന്നുവന്നിരിക്കുന്ന എതിര്‍വികാരം കണ്ട് ഇപ്പോള്‍ അമ്പരന്നു നില്‍ക്കുകയാണെന്ന് സുധീരന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it