ബിഹാറില്‍ വിജയിച്ചത് ഇന്ത്യ

അസീം ശ്രീവാസ്തവ
അഡ്വാനിജിയുടെ ജന്മദിനമായിരുന്നു ഞായറാഴ്ച. ബിഹാറിലെ ജനം നല്ലൊരു ജന്മദിന സമ്മാനമാണ് അദ്ദേഹത്തിനു നല്‍കിയത്. സംഘപരിവാരത്തിനു ഗംഭീരമായ ദീപാവലി സമ്മാനവും അവര്‍ നല്‍കി. ഗോമാതാവിന്റെ സംരക്ഷണം ഏറ്റെടുത്ത സംഘപരിവാരം യാദവന്മാരുടെ നാടായ ബിഹാറിലെ ജനത്തില്‍ നിന്ന് അങ്ങനെയൊരു സമ്മാനമായിരുന്നില്ല പ്രതീക്ഷിച്ചതെന്നു മാത്രം. ഇത്തവണ തിരഞ്ഞെടുപ്പുകാലത്ത് ഞാന്‍ ബിഹാറിലെ പല പ്രദേശങ്ങളും സന്ദര്‍ശിച്ചിരുന്നു; നിതീഷ് കുമാര്‍ജിയുമായി ഏതാണ്ട് 45 മിനിറ്റ് നേരം കൂടിക്കാഴ്ച നടത്താനും എനിക്ക് അവസരം ലഭിച്ചിരുന്നു. ആ യാത്രയില്‍ നിന്ന് ബോധ്യമായ കാര്യം നരേന്ദ്ര മോദിയെ പിടിച്ചുകെട്ടാന്‍ കരുത്തുള്ള നേതാക്കള്‍ എന്റെ നാട്ടിലുണ്ടെന്നാണ്. തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിനു മുമ്പുതന്നെ നിതീഷ്-ലാലു മഹാസഖ്യം മൂന്നില്‍ രണ്ടു ഭൂരിപക്ഷം നേടിയെടുക്കുമെന്ന് എനിക്കു പ്രതീക്ഷയുണ്ടായിരുന്നു. ലാലുജി മാത്രമാണ് അങ്ങനെയൊരു കാര്യം തുറന്നു പ്രഖ്യാപിച്ചത്. ചാണക്യ പറഞ്ഞത് എന്‍ഡിഎ 155 സീറ്റ് നേടുമെന്നാണ്.

അവര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പു ഫലം കൃത്യമായി പ്രവചിച്ച കൂട്ടരായതുകൊണ്ട് പലരും അതു വിശ്വസിച്ചു. തിരഞ്ഞെടുപ്പു വിധി വന്ന ദിവസം ബാലറ്റ്‌പെട്ടി തുറക്കും മുമ്പേ പലരും ബിജെപിയുടെ വിജയം പ്രഖ്യാപിച്ചുകളയുകയും ചെയ്തു! എന്നാല്‍, വസ്തുതകളോട് ഏറ്റവും അടുത്തു നിന്നത് ബിജെപി വിരുദ്ധ സഖ്യത്തിന് 190 സീറ്റ് കിട്ടുമെന്ന ലാലുജിയുടെ പ്രവചനമാണ്. മഹാസഖ്യത്തിന്റെ 178ന്റെ കൂടെ രണ്ടു സഖ്യങ്ങള്‍ക്കും പുറത്തുള്ള 12 പേരെ കൂടി പരിഗണിച്ചാല്‍ ലാലുജിയുടെ പ്രവചനം കിറുകൃത്യമാണെന്നു കാണാം!ഇത്തവണയും ഇന്ത്യയെ രക്ഷിച്ചത് പിന്നാക്കംനില്‍ക്കുന്ന ബിഹാറിലെ ഗ്രാമീണജനതയാണെന്നതു ചരിത്രസത്യം. മോദിയായിരുന്നു അവിടെ വിജയിച്ചത് എങ്കില്‍ എന്താവുമായിരുന്നു കഥ എന്നാലോചിച്ചുനോക്കുക. തീര്‍ച്ചയായും അവര്‍ ഇന്ത്യന്‍ ഭരണഘടന തന്നെ അട്ടിമറിച്ചേനെ. രാജ്യം വര്‍ഗീയ പ്രചണ്ഡതാണ്ഡവങ്ങളില്‍ ആടിയുലഞ്ഞേനെ. ഉത്തര്‍പ്രദേശില്‍ 2017ല്‍ നടക്കുന്ന തിരഞ്ഞെടുപ്പിലും വിജയം നേടാന്‍ ഇതുതന്നെ എളുപ്പവഴിയെന്ന് അവര്‍ കണ്ടെത്തിയേനെ.

അതോടെ രാജ്യസഭയിലും ബിജെപിക്ക് ഭൂരിപക്ഷം കൈയടക്കാന്‍ കഴിയുമായിരുന്നു. അങ്ങനെ സംഭവിച്ചാല്‍ ഭരണഘടനയില്‍ തങ്ങളുടെ ഇംഗിതങ്ങള്‍ക്കനുസരിച്ച് മാറ്റങ്ങള്‍ കൊണ്ടുവരാന്‍ അവര്‍ക്കു സാധിക്കുമായിരുന്നുവെന്നു മനസ്സിലാക്കണം. എന്നാല്‍, മോദി-ഷാ-ആര്‍എസ്എസ് സംഘത്തിന്റെ രഥയാത്രയെ വീണ്ടും ലാലുപ്രസാദ് യാദവ് തന്നെ തടഞ്ഞുനിര്‍ത്തി. രാജ്യം തങ്ങളുടെ കാല്‍ക്കീഴില്‍ അമര്‍ത്താമെന്ന സംഘപരിവാരത്തിന്റെ മനക്കോട്ടയാണ് ലാലുജി തകര്‍ത്തു തരിപ്പണമാക്കിയത്. ഇന്നു ബിഹാര്‍ നിയമസഭയില്‍ 80 സീറ്റുമായി ഏറ്റവും കരുത്തുള്ള പാര്‍ട്ടിയായി ലാലുജിയുടെ ആര്‍ജെഡി ശക്തമായ തിരിച്ചുവരവു നടത്തിയിരിക്കുന്നു. കഴിഞ്ഞ നിയമസഭയില്‍ അവരുടെ സംഖ്യ വെറും 23 മാത്രമായിരുന്നു. ആര്‍ജെഡിയുടെ ശക്തമായ മുന്നേറ്റമാണ് ബിഹാറില്‍ ഇത്തവണ വെറും 53 സീറ്റില്‍ ബിജെപിയെ തളച്ചത്. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 172 നിയമസഭാ മണ്ഡലങ്ങളില്‍ അവരാണ് മുമ്പില്‍ നിന്നതെന്ന് ഓര്‍മ വേണം. ഈ തിരഞ്ഞെടുപ്പു വിജയം കൃത്യമായി സൂചിപ്പിക്കുന്ന ഒരു കാര്യം, ഇന്ത്യയിലെ ഗ്രാമീണജനത നഗരവാസികളേക്കാള്‍ എത്രയോ മുമ്പിലാണ് രാഷ്ട്രീയ നിലപാടുകളുടെ കാര്യത്തില്‍ എന്ന വസ്തുതയാണ്. സാധാരണ ജനങ്ങള്‍ക്കു നന്നായി മനസ്സിലാകുന്ന വികാരങ്ങളാണ് സ്‌നേഹവും വെറുപ്പും. അതിന് ഉന്നത വിദ്യാഭ്യാസത്തിന്റെ ആവശ്യമൊന്നുമില്ല. ബിഹാറില്‍ അതാണ് കാണാന്‍ കഴിയുന്നത്. രാഷ്ട്രീയനേട്ടങ്ങള്‍ക്കു വേണ്ടി ജനങ്ങളെ വിഭജിക്കാന്‍ ശ്രമിക്കുന്ന കൂട്ടരുടെ തനിനിറം തിരിച്ചറിയാന്‍ പറ്റിയെന്നതാണ് ബിഹാരി ജനതയുടെ യഥാര്‍ഥ നേട്ടം.

ബിഹാരി ജനത ഈ കഴിവു പല തവണ തെളിയിച്ചിട്ടുള്ളതാണ്. തീര്‍ച്ചയായും കഴിഞ്ഞ ഒരു പതിറ്റാണ്ടില്‍ നിതീഷ് കുമാറിന്റെ ഭരണകാലത്തെ വികസന നേട്ടങ്ങള്‍ ജനത ഈ വോട്ടെടുപ്പില്‍ കണക്കിലെടുത്തിട്ടുണ്ട്. ജാതിയും മതവും അവരെ സ്വാധീനിച്ചിട്ടുണ്ട്. എന്നാല്‍, അതിനപ്പുറം സമുദായങ്ങള്‍ തമ്മിലുള്ള ഐക്യവും സ്‌നേഹവും നിലനിര്‍ത്തേണ്ടതും പൊതുജീവിതത്തില്‍ മാന്യത പുലര്‍ത്തേണ്ടതും പ്രധാനമാെണന്നു ബിഹാര്‍ ജനത തിരിച്ചറിയുകയുണ്ടായി. കിയോന്നിയില്‍ തിരഞ്ഞെടുപ്പു റാലിയില്‍ പ്രസംഗിക്കവെ നിതീഷ് ജനങ്ങളോട് പറഞ്ഞ വാക്കുകള്‍ ഞാന്‍ കേള്‍ക്കുകയുണ്ടായി: ''സാമൂഹിക ഐക്യവും സമാധാനവും കാത്തുസൂക്ഷിക്കുക. ഇവിടെ കുഴപ്പങ്ങള്‍ കുത്തിപ്പൊക്കാന്‍ പലരും വന്നു ശ്രമങ്ങള്‍ നടത്തും. നുണക്കഥകള്‍ പറഞ്ഞു ജനങ്ങളെ തമ്മിലടിപ്പിക്കാന്‍ ചില കൂട്ടര്‍ ശ്രമം നടത്തുന്നുണ്ട്. ക്ഷേത്രങ്ങള്‍ക്കു മുമ്പില്‍ മൃഗങ്ങളുടെ എല്ലും തലയും കൊണ്ടുവന്നിട്ടും വിഗ്രഹങ്ങള്‍ തകര്‍ത്തും പള്ളികള്‍ക്കു മുമ്പില്‍ പന്നികളെ കൊണ്ടുവന്നിട്ടുമൊക്കെ അവര്‍ കുഴപ്പങ്ങളുണ്ടാക്കാന്‍ ശ്രമം നടത്തും. ഇതെല്ലാം കരുതിയിരിക്കുക; ഒരിക്കലും പ്രകോപിതരാവാതിരിക്കുക!'' കഴിഞ്ഞ 25 വര്‍ഷമായി ഒരു വര്‍ഗീയ കലാപവും സംഭവിക്കാത്ത രാജ്യത്തെ അപൂര്‍വം പ്രദേശങ്ങളിലൊന്നാണ് ബിഹാര്‍. രാജ്യത്തെ മറ്റു സമുദായങ്ങള്‍ക്കെതിരേ ഹിന്ദുക്കളെ ഒന്നിപ്പിക്കുക എന്ന ആര്‍എസ്എസ് അജണ്ട ഇവിടെ ചെലവാകുകയുണ്ടായില്ല. തീര്‍ച്ചയായും ബിഹാറിന്റെ അനുഭവങ്ങളില്‍ നിന്നു രാജ്യത്തിന് ഒരു വലിയ പാഠം ഉള്‍ക്കൊള്ളാനാവും.

സംവരണം സാമ്പത്തികാടിസ്ഥാനത്തില്‍ ആയിരിക്കണമെന്ന സംഘപരിവാര നിലപാട് ജാതിവ്യവസ്ഥയുടെ ഭീകരതകളെ സംബന്ധിച്ച അവരുടെ അറിവില്ലായ്മയോ അതിനോടുള്ള അവഗണനയോ ആണ് വെളിപ്പെടുത്തുന്നത്. വരുംവര്‍ഷങ്ങളില്‍ തൊഴിലിനു വേണ്ടിയുള്ള മല്‍സരം കൂടുതല്‍ കടുത്തതാവും. നിലവിലുള്ള വികസന സമ്പ്രദായം യുവതലമുറയുടെ തൊഴില്‍പ്രശ്‌നത്തിനു പരിഹാരമുണ്ടാക്കുന്നതിനു പര്യാപ്തമാവില്ല. ഹിന്ദു ഐക്യം അത്തരമൊരു ഗുരുതരമായ മല്‍സരത്തിന്റെ അന്തരീക്ഷത്തില്‍ അസാധ്യമായിത്തീരും. ഈ വസ്തുത തിരിച്ചറിയാന്‍ കഴിയാത്തതുകൊണ്ടാണ് സര്‍സംഘ്ചാലക് മോഹന്‍ ഭാഗവത് പിന്നാക്കക്കാരുടെ തൊഴില്‍ സംവരണത്തിനെതിരേ പ്രഖ്യാപനം നടത്തിയത്. നിലവിലുള്ള ഹിന്ദുത്വ രാഷ്ട്രീയത്തിന് ഇന്ത്യയിലെ തൊഴില്‍പ്രശ്‌നത്തിനു പരിഹാരം കാണാന്‍ സാധിക്കുമെന്നു തോന്നുന്നില്ല. മോദിയുടെ വികസന നയം ജനസാമാന്യത്തിന്റെ ജീവിതത്തില്‍ ഗുണപരമായ വലിയ മാറ്റമൊന്നും വരുത്താനുമിടയില്ല. പൊതുജീവിതത്തില്‍ വെറുപ്പിന്റെ പ്രത്യയശാസ്ത്രത്തിനെതിരായ വോട്ട് കൂടിയാണ് ബിഹാറിലെ ജനവിധി. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും മാരകമായ വിഭജനസ്വഭാവമുള്ള തിരഞ്ഞെടുപ്പു പ്രചാരണമാണ് ബിഹാറില്‍ നടന്നത്. ജനങ്ങളെ വിഭജിക്കാനും വര്‍ഗീയവല്‍ക്കരിക്കാനും നഗ്നമായ ശ്രമങ്ങളാണ് ഇത്തവണ എന്‍ഡിഎ നേതാക്കള്‍ നടത്തിയത്. ദലിതരെയും യാദവരെയും മുസ്‌ലിംകള്‍ക്കെതിരേ തിരിക്കാനും യാദവരെ പരസ്പരം ഏറ്റുമുട്ടിക്കാനും അവര്‍ കഠിന പരിശ്രമം നടത്തി. മോദി നേരിട്ടുതന്നെ ഇത്തരം പ്രവണതകള്‍ക്കു പിന്തുണ നല്‍കിയെന്നത് ഒരു വസ്തുതയാണ്; നേരത്തേ ഒരു പ്രധാനമന്ത്രിയും ചെയ്യാത്ത കാര്യമാണിത്. ഇന്ത്യ സംസ്‌കാരസമ്പന്നമായ രാജ്യമാണോ എന്നു സംശയം തോന്നുന്ന പ്രചാരവേലയാണ് നടന്നത്. പശുവിറച്ചി വിവാദം മനപ്പൂര്‍വം അവര്‍ ഉപയോഗപ്പെടുത്തുകയായിരുന്നു. വോട്ട് തട്ടാന്‍ വേണ്ടി എന്തു തരത്തിലുള്ള നീക്കങ്ങളുമാവാമെന്ന നിലപാടാണ് അവര്‍ സ്വീകരിച്ചത്. പശുവിറച്ചി വിവാദമാക്കിയതിനു പിന്നിലുള്ള രാഷ്ട്രീയ ഗൂഢലക്ഷ്യങ്ങള്‍ ആര്‍ക്കും തിരിച്ചറിയാന്‍ കഴിയും. തിരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാനായാണ് ഗോമാതാവിനെ അവര്‍ കളത്തിലിറക്കിയത്. യാദവവോട്ടുകളെ ഭിന്നിപ്പിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍, ഇത്തരത്തിലുള്ള ഹീനനീക്കങ്ങള്‍ ജനങ്ങള്‍ ശക്തമായി തിരസ്‌കരിച്ചു.

അത് ബിജെപിക്കു തന്നെ തിരിച്ചടിയായി മാറുകയും ചെയ്തു. സാധാരണ ജനങ്ങള്‍ ഈ നീക്കങ്ങളുടെ പിന്നിലെ ഗൂഢലക്ഷ്യങ്ങള്‍ തിരിച്ചറിഞ്ഞതാണ് അവരുടെ നീക്കങ്ങള്‍ പരാജയപ്പെടാന്‍ കാരണമായത്. ബിഹാറിലെ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ സര്‍വാത്മനാ സ്വീകരിച്ചത് ഇന്ത്യ എന്ന മഹത്തായ ആശയത്തെയാണ്. കഴിഞ്ഞ ഒന്നര വര്‍ഷമായി ഇന്ത്യ എന്ന ആശയം ഭീഷണി നേരിടുകയാണ്. മഹാഭാരതയുദ്ധരംഗമാണ് അവര്‍ ഇവിടെ തിരികെ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നത്; സ്വച്ഛവും സുഫലവുമായ അഖണ്ഡഭാരതമല്ല.
Next Story

RELATED STORIES

Share it