ബിഹാറില്‍ നിന്ന് അസുഖകരമായ പുതിയ വാര്‍ത്തകള്‍

ബിഹാറില്‍ നിന്ന് അസുഖകരമായ പുതിയ വാര്‍ത്തകള്‍
X
നിയമസഭാ തിരഞ്ഞെടുപ്പു പടിവാതിലില്‍ നില്‍ക്കുന്ന ബിഹാര്‍ രാഷ്ട്രീയത്തില്‍ എന്താണു സംഭവിച്ചുകൊണ്ടിരിക്കുന്നത്. ബിഹാറിലെ വര്‍ഗീയ അസ്വാസ്ഥ്യങ്ങള്‍ ഏതുവിധത്തിലാണ് ബി.ജെ.പിയെ സഹായിക്കുന്നത്. തേജസ് ഡല്‍ഹി ലേഖകന്‍ മുഹമ്മദ് സാബിത്ത് തയ്യാറാക്കുന്ന പരമ്പര -്യൂഡല്‍ഹി: ബിഹാറില്‍ നിന്ന് ഈയിടെയായി വരുന്ന വാര്‍ത്തകള്‍ ദൗര്‍ഭാഗ്യകരമാണ്. സംസ്ഥാനം മുമ്പില്ലാത്തവിധം സാമുദായിക സംഘര്‍ഷങ്ങള്‍ക്കു സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുകയാണെന്ന് ഈയിടെ പുറത്തുവന്ന ഔദ്യോഗിക രേഖകള്‍ പറയുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലത്തിനിടയില്‍ ബിഹാറില്‍ നടന്ന “'സാമുദായിക സംഭവങ്ങളെ' കുറിച്ചുള്ള സംസ്ഥാന പോലിസിന്റെ ഔദ്യോഗിക കണക്കുകളാണ്, ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന, കൃത്യമായി പറഞ്ഞാല്‍ ആസൂത്രിതമായി ദുര്‍ബലമാക്കപ്പെട്ടുകൊണ്ടിരിക്കുന്ന, ബിഹാറിലെ വര്‍ത്തമാനകാല സാമൂഹിക ജീവിതത്തെ കുറിച്ചുള്ള അറിവ് തരുന്നത്. ബിഹാറിലെ സാമുദായിക സൗഹാര്‍ദത്തിനും സാമൂഹിക ജീവിതത്തിനും നേരിട്ടുകൊണ്ടിരിക്കുന്ന ഈ പരിക്കുകള്‍ സ്വാഭാവികമായി ഉണ്ടാവുന്നതല്ലെന്നും മറിച്ച് സുവ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഇതിനുണ്ടെന്നും ഔദ്യോഗിക കണക്കുകളുടെ സാമാന്യമായ വിശകലനം ചൂണ്ടിക്കാണിക്കുന്നു.ഹിന്ദു-മുസ്‌ലിംകള്‍ക്കിടയില്‍, ഭിന്നത ഉണ്ടാക്കാന്‍ ആസൂത്രിതമായ ശ്രമങ്ങളുണ്ടാവുന്നു. അത്തരം ഭിന്നതകള്‍ ആത്യന്തികമായി ബിഹാര്‍ രാഷ്ട്രീയത്തില്‍ ബി.ജെ.പി. ഉണ്ടാക്കിയ കുതിപ്പിനു പിന്നിലുണ്ട്.2013ലെ ജൂണ്‍ മാസം ബിഹാറിനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായിരുന്നു. ആ മാസം 18ാം തിയ്യതിയാണ് ജെ.ഡി.യു. നേതൃത്വം നല്‍കുന്ന സംസ്ഥാനസര്‍ക്കാരില്‍ നിന്ന് ബി.ജെ.പി. പുറത്തുവരുന്നത്. ആ മാസം നിര്‍ണായകമാണെന്നു കരുതാന്‍ വേറെയും കാരണങ്ങളുണ്ട്. അതിനു മുമ്പുള്ള മൂന്നര വര്‍ഷക്കാലത്തിനിടയില്‍ ബിഹാര്‍ പോലിസില്‍ ആകെ റിപോര്‍ട്ട് ചെയ്യപ്പെട്ട “'സാമുദായിക സംഭവ'ങ്ങളുടെ എണ്ണം 226 ആയിരുന്നു. എന്നാല്‍ blurb
സംസ്ഥാനസര്‍ക്കാരില്‍ നിന്ന് ബി.ജെ.പി. സ്വതന്ത്രമായതിനു ശേഷമുള്ള രണ്ടു വര്‍ഷത്തിനുള്ളില്‍, അഥവാ 2013 ജൂണിനും 2015 ജൂണിനുമിടയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ചെറുതും വലുതുമായ സാമുദായിക സംഘര്‍ഷങ്ങളുടെ ആകെയെണ്ണം 667. അഥവാ ഇത്തരം സംഭവങ്ങള്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടയ്ക്ക് അതിനു മുമ്പത്തെ മൂന്നര വര്‍ഷങ്ങളേതിനെക്കാള്‍ മൂന്നുമടങ്ങായി വര്‍ധിച്ചു!സാമുദായിക സൗഹാര്‍ദത്തില്‍ വന്ന അപകടകരവും ദൗര്‍ഭാഗ്യകരവുമായ ഈ വിള്ളലിന് പ്രാദേശികമായ സാമൂഹിക പ്രത്യാഘാതങ്ങള്‍ മാത്രമാണോ ഉണ്ടായിട്ടുള്ളത്? അല്ലെന്നാണു വസ്തുതകള്‍ വ്യക്തമാക്കുന്നത്. ഇതിന്റെ ഏറ്റവും വലിയ പ്രത്യാഘാതം ഉണ്ടായിട്ടുള്ളത് ബിഹാറിന്റെ രാഷ്ട്രീയ സംസ്‌കാരത്തില്‍ തന്നെയാണ്. സംസ്ഥാനത്തു സാമുദായിക അസ്വസ്ഥതകള്‍ ഏറ്റവും കൂടുതല്‍ അനുഭവപ്പെട്ട അതേ കാലത്തുതന്നെയാണ്, കഴിഞ്ഞവര്‍ഷം, പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. വന്‍ രാഷ്ട്രീയ നേട്ടമുണ്ടാക്കുന്നത്. ഇവിടെ ജെ.ഡി.യു. അധ്യക്ഷന്‍ ശരത് യാദവിന്റെ വാക്കുകള്‍ ഉദ്ധരിക്കുക ഉചിതമായിരിക്കും. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍,









paulwatt
 

സംഘപരിവാരത്തിനും 




സംഘപരിവാരത്തിനും ഉപ സംഘടനകള്‍ക്കും പരിമിതമായ സ്വാധീനം മാത്രമുള്ള സംസ്ഥാനത്ത്, ബി.ജെ.പി. വന്‍ നേട്ടമുണ്ടാക്കിയത്  എങ്ങനെയെന്നു പുതിയ കണക്കുകള്‍ വ്യക്തമായിപറയുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. “ബി.ജെ.പി. അല്ലാതെ വേറെ ആരാണ് ഇതിന്റെ നേട്ടം അനുഭവിക്കുന്നത്?' ശരത് യാദവിന്റെ ചോദ്യം എളുപ്പം തള്ളിക്കളയാന്‍ കഴിയുമെന്നു തോന്നുന്നില്ല. 2009ലെ സഖ്യകക്ഷി ജെ.ഡി.യുവിന്റെ പിന്തുണയില്ലാതെയാണ് 2014ല്‍ ബി.ജെ.പി. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. പക്ഷേ, ഹിന്ദുത്വ പാര്‍ട്ടിയുടെ സീറ്റുകളുടെയെണ്ണം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 22 ആയി വര്‍ധിക്കുകയാണുണ്ടായത്. പ്രധാനമന്ത്രി വരെ പങ്കെടുക്കുന്ന റാലികളിലൂടെ വന്‍ കേന്ദ്രസഹായങ്ങള്‍ പ്രഖ്യാപിച്ചു ഭരണം പിടിച്ചെടുക്കാന്‍ സംഘപരിവാരം തയ്യാറെടുക്കുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ എക്‌സ്പ്രസ് പത്രം നടത്തിയ അന്വേഷണത്തിലൂടെ പുറത്തുവന്ന വിശദമായ കണക്കുകള്‍ക്കു വലിയ പ്രസക്തിയാണുള്ളത്.സംസ്ഥാനത്തെ പോലിസ് രേഖകള്‍ അവലംബമാക്കി നടത്തിയ വിശദമായ പഠനത്തെ ആശ്രയിച്ചും കൂടുതല്‍ സംഘര്‍ഷങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ട പതിനെട്ടോളം ജില്ലകള്‍ നേരിട്ടു സന്ദര്‍ശിച്ചും മുതിര്‍ന്ന ഉദ്യോഗസ്ഥരെ കണ്ട് ആശയവിനിമയം നടത്തിയും തയ്യാറാക്കിയ റിപോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്ന പ്രധാനപ്പെട്ട കാര്യം, സാമുദായിക സംഘര്‍ഷങ്ങളിലെ ഈ വര്‍ധനവ് ഒട്ടും യാദൃശ്ചികമായി സംഭവിച്ചതല്ല എന്നുതന്നെയാണ്.കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. ബിഹാറിലെ 40ല്‍ 22 സീറ്റും നേടി അനുകൂലികളെയും വിമര്‍ശകരെയും ഒരുപോലെ അമ്പരപ്പിച്ചു. സംസ്ഥാനത്തെ മറ്റൊരു പാര്‍ട്ടിക്കും രണ്ടക്കം തികയ്ക്കാന്‍ കഴിയാതിരുന്ന തിരഞ്ഞെടുപ്പില്‍ മുന്‍ വര്‍ഷത്തേതിനേക്കാള്‍ 10 സീറ്റുകളാണ് ബി.ജെ.പി. അധികം നേടിയത്. സംസ്ഥാനത്തെ ഭരണകക്ഷിയായ ജെ.ഡി.യു. 20ല്‍ നിന്ന് വെറും രണ്ട് സീറ്റിലേക്ക് ചുരുക്കപ്പെട്ടു. ഹിന്ദുത്വ പാര്‍ട്ടിയുടെ ഈ പ്രദേശങ്ങളിലെ സ്വാധീനം വര്‍ധിച്ചതിനെക്കുറിച്ചു വ്യത്യസ്തമായ നിരീക്ഷണങ്ങളുണ്ടായി. ശ്രദ്ധേയമായ ഒരു കാര്യം ഈ “അദ്ഭുതകരമായ കുതിപ്പിനിടയില്‍ പാര്‍ട്ടിക്ക് മൂന്ന് സിറ്റിങ് സീറ്റുകള്‍ നഷ്ടപ്പെട്ടു എന്നതാണ്. മുസ്‌ലിം ജനസംഖ്യ കൂടുതലുള്ള പടിഞ്ഞാറന്‍ ബിഹാറിലെ കട്ടിഹാര്‍, പൂര്‍ണിയ, അരാറിയ എന്നീ മണ്ഡലങ്ങളാണ് ബി.ജെ.പിക്ക് നഷ്ടമായത്. സംസ്ഥാനത്ത് മൊത്തത്തില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ വര്‍ധിച്ചപ്പോള്‍ വളരെ കുറച്ച് അനിഷ്ടസംഭവങ്ങള്‍ മാത്രം റിപോര്‍ട്ട് ചെയ്യപ്പെട്ട ജില്ലകളായിരുന്നു ഇവ മൂന്നും!ബിഹാറിലെ പുതിയ രാഷ്ട്രീയ- സാമൂഹിക സമവാക്യങ്ങള്‍ മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കു വേറെ ചില കണക്കുകളും ഉപകാരപ്പെടും. ഉദാഹരണത്തിന,് കഴിഞ്ഞ രണ്ടുവര്‍ഷങ്ങള്‍ക്കിടയില്‍ ബിഹാറില്‍ റിപോര്‍ട്ട് ചെയ്യപ്പെട്ട 667 സാമുദായിക സംഭവങ്ങളില്‍ ഏതാണ്ട് 70 ശതമാനവും നടന്നത് 18 ജില്ലകളിലാണ്. സംസ്ഥാനത്ത് മുസ്‌ലിം ജനസംഖ്യ കുറവുള്ള ജില്ലകളാണിവ. കഴിഞ്ഞവര്‍ഷത്തെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. 18 സീറ്റ് നേടിയത് ഈ ജില്ലകളില്‍ ആകെയുള്ള 23 സീറ്റുകളില്‍ നിന്നായിരുന്നു. തീര്‍ന്നില്ല, പിന്നെ ഈ ജില്ലകളില്‍ അവശേഷിക്കുന്ന അഞ്ച് സീറ്റുകളില്‍ ജെ.ഡി.യുവിന്റെ ശക്തി കേന്ദ്രമായ നളന്ദ ഒഴികെയുള്ള നാല് സീറ്റുകള്‍ നേടിയതും ബി.ജെ.പിയുടെ ഘടകകക്ഷികള്‍ തന്നെ. ചുരുക്കത്തില്‍, സംസ്ഥാനത്തെ വര്‍ധിച്ച സാമുദായിക സംഘര്‍ഷങ്ങളും ബി.ജെ.പിയുടെ വളര്‍ച്ചയും തമ്മില്‍ അഭേദ്യമായ ബന്ധം കാണാനാവും. സംഘപരിവാരം അവരുടെ സ്ഥിരം തന്ത്രമാണ് അവിടെ പയറ്റിക്കൊണ്ടിരിക്കുന്നത്. (അവസാനിക്കുന്നില്ല...)



ബീഹാറില്‍ നിന്ന്് അസുഖകരമായ പുതിയ വാര്‍ത്തകള്‍-2

വ്യത്യസ്ത തര്‍ക്കങ്ങള്‍; ഒരേ തരം കാരണങ്ങള്‍

ന്യൂഡല്‍ഹി: ജൂണ്‍ വരെയുള്ള രണ്ടു വര്‍ഷത്തിനിടയില്‍ ബിഹാറില്‍ ആകെ റിപോര്‍ട്ട് ചെയ്ത 667 സാമുദായിക സംഘര്‍ഷങ്ങള്‍ക്കും പൊതുസ്വഭാവമുണ്ട്. ജനങ്ങള്‍ക്കിടയില്‍ വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കുക എന്നതാണ് അവയുടെ പൊതുലക്ഷ്യം. ആരാധനാലയങ്ങളില്‍ മൃഗങ്ങളുടെ ശവമോ മാംസമോ കൊണ്ടിടല്‍ (കാലങ്ങളായി കാണുന്ന അതേ രീതി തന്നെ, അമ്പലങ്ങളില്‍ പശു, പള്ളികളില്‍ പന്നി), പ്രകോപനപരമായ റാലികള്‍ നടത്തല്‍, പള്ളികള്‍ക്കും വിഗ്രഹങ്ങള്‍ക്കും കേടുവരുത്തല്‍, പതിറ്റാണ്ടുകള്‍ പഴക്കമുള്ള തര്‍ക്കവിഷയങ്ങള്‍ക്ക് പുതിയ ഊര്‍ജം നല്‍കല്‍ എന്നിവ ഏതുവഴക്കിനു പിന്നിലും കാണും.
വൈശാലി ജില്ലയിലെ അടുത്തടുത്തുള്ള ഗ്രാമങ്ങളാണ് ചക്മജാഹിദും ഭാന്‍പൂര്‍ ബ്രേവയും. 40 മിനിറ്റിന്റെ യാത്രാദൂരം മാത്രമുള്ള ഈ രണ്ടു ഗ്രാമങ്ങളുടെയും ചരിത്രം ഹിന്ദു-മുസ്‌ലിം സൗഹൃദത്തിന്റേ ത് കൂടിയാണ്. പക്ഷേ, ഇന്ന് അത് ഒരു പഴങ്കഥയായിരിക്കുന്നു. ബി.ജെ.പി. സംസ്ഥാന സര്‍ക്കാരില്‍ നിന്നു പടിയിറങ്ങിയ 2013 ജൂണിനു ശേഷം മൂന്നുമാസം മാത്രം കഴിഞ്ഞാണ് ഈ ഗ്രാമങ്ങളുടെ സാമൂഹിക അന്തരീക്ഷത്തെ തന്നെ മാറ്റിമറിച്ച രണ്ടു സംഭവങ്ങളുണ്ടായത്.
ഭാന്‍പൂര്‍ ബ്രേവയില്‍ 2013 സപ്തംബര്‍ 19ന് നിര്‍മാണത്തിലിരുന്ന പള്ളിയില്‍ പന്നിയുടെ ശവം പ്രത്യക്ഷപ്പെടുന്നു. സംഭവവുമായി ബന്ധപ്പെട്ട് സ്വദേശിയായ മുഹമ്മദ് ഈനുല്‍ ഹഖ് എന്ന വയോധികന്‍ പറയുന്നത് അദ്ദേഹത്തിന്റെ ഓര്‍മയില്‍ നാട്ടില്‍ ഇതുപോലൊരു സംഭവമുണ്ടായിട്ടില്ല എന്നാണ്. 'സംഭവത്തിനു ശേഷം സംഘര്‍ഷം ഉരുണ്ടുകൂടി. ഞാന്‍ പോലിസിനോട് ആ ശവവും അതു കിടന്നതിന്റെ സമീപത്തു നിന്ന് മൂന്നടി മണ്ണും നീക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഗ്രാമത്തിലെ മറ്റുള്ളവരെ പറഞ്ഞു സമാധാനിപ്പിക്കുന്നതായിരുന്നു ഏറെ ബുദ്ധിമുട്ട്. അദ്ദേഹം പറയുന്നു:- സൗഹൃദത്തില്‍ കഴിഞ്ഞിരുന്ന ഹിന്ദുക്കളും മുസ്‌ലിംകളും ആ സംഭവത്തിനു ശേഷം ആദ്യമായി പരസ്പരം സംശയത്തോടെ നോക്കാന്‍ തുടങ്ങിയെന്നു പറയുമ്പോള്‍ മുഈനുല്‍ ഹഖിന്റെ മുഖത്ത് വലിയ സങ്കടം.
ഈ സംഭവമുണ്ടായി വെറും പത്തു ദിവസത്തിനു ശേഷമാണ് തൊട്ടടുത്തുള്ള യാദവ ഭൂരിപക്ഷ ഗ്രാമമായ ചക്മജാഹിദില്‍ പശുവിനെ കൊന്ന സംഭവവുമായി ബന്ധപ്പെട്ട് ഹിന്ദുക്കളും മുസ്‌ലിംകളും പരസ്പരം കല്ലേറു നടത്തിയത്. മുസഫര്‍പൂര്‍ ബൈഗ്നി ഗ്രാമത്തിലെ പാരമ്പര്യ ഹൈന്ദവ ആഘോഷമായ 'മഹാവീര്‍ ജണ്ട' റാലിക്കിടെ (2014 മെയ് മാസത്തില്‍) പ്രശ്‌നങ്ങളുണ്ടായി. പ്രദേശത്ത് റിപോര്‍ട്ട് ചെയ്യപ്പെട്ട ആദ്യ സാമുദായിക സംഘര്‍ഷമായിരുന്നു അത്. നേരത്തെ തീരുമാനിച്ചതില്‍ നിന്നു ഭിന്നമായി പ്രകടനം വഴിതിരിച്ചുവിട്ട് ഒരു പള്ളിയുടെ മുന്നില്‍ക്കൂടി കടന്നു പോവുകയായിരുന്നു. പ്രകോപനപരമായ മുദ്രാവാക്യങ്ങളില്‍ തുടങ്ങിയ പ്രശ്‌നം പരസ്പരമുള്ള കല്ലേറിലാണ് അവസാനിച്ചത്.
പോലിസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് പത്രം പറയുന്നത്:- ബിഹാറിലെ സാമുദായിക സംഘര്‍ഷങ്ങളില്‍ ആശങ്കാജനകമായ വര്‍ധന രേഖപ്പെടുത്തിയ 18 ജില്ലകളിലും സരസ്വതീപൂജയ്ക്കും മഹാവീര്‍ ജണ്ട റാലികള്‍ക്കും പങ്കെടുക്കുന്നവരുടെ എണ്ണം കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് വര്‍ധിച്ചുവെന്നാണ്. ഇതര മത വിഭാഗങ്ങളോടുള്ള വെറുപ്പു വര്‍ധിപ്പിക്കാനും അതിലൂടെ തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നേടിയെടുക്കാനുമുള്ള ഉപാധിയായി ചിലര്‍ മത ചടങ്ങുകളെ സമര്‍ഥമായി ഉപയോഗിക്കുന്നെന്നു വേണം മനസ്സിലാക്കാന്‍.
വ്യത്യസ്ത സമുദായങ്ങള്‍ക്കിടയില്‍ വെറുപ്പിന്റെയും സംശയത്തിന്റെയും വിത്തുപാകാന്‍ ബിഹാറില്‍ ഈയിടെയായി പലതവണ ഉപയോഗിക്കപ്പെട്ട മറ്റൊരു കാരണം പഴക്കമുള്ള തര്‍ക്കവിഷയങ്ങള്‍ വീണ്ടും കുത്തിപ്പൊക്കുക എന്നതായിരുന്നു. നീപ്പാള്‍ അതിര്‍ത്തിയോടു ചേര്‍ന്നുള്ള പുല്‍വാരിയ ഗ്രാമത്തില്‍ സംഭവിച്ചത് അതായിരുന്നു. പുല്‍വാരിയയിലെ ഖബര്‍സ്ഥാന്റെ മധ്യത്തില്‍ സ്ഥിതിചെയ്യുന്ന ഒരു ചെറിയ അമ്പലത്തെച്ചൊല്ലി പ്രദേശത്ത് അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. എന്നാല്‍, 58 വര്‍ഷം പഴക്കമുള്ള തര്‍ക്കം നിലനില്‍ക്കെ തന്നെ ഇരുവിഭാഗവും ഖബര്‍സ്ഥാനായും അമ്പലമായും ആ സ്ഥലം ഉപയോഗിക്കുന്നുമുണ്ട്. 1980കള്‍ക്കു ശേഷം ഒരു അനിഷ്ട സംഭവവും ആ പ്രദേശത്തെച്ചൊല്ലി ഉണ്ടായിട്ടുമില്ല. എന്നാല്‍, ഇക്കഴിഞ്ഞ ഏപ്രില്‍ 26ന് പ്രസ്തുത അമ്പലത്തില്‍ സംഘടിപ്പിക്കപ്പെട്ട  ചടങ്ങുമായി ബന്ധപ്പെട്ടു തര്‍ക്കമുണ്ടായി. തുടര്‍ന്ന് ജില്ലാ ഭരണകൂടം ഇടപെട്ടു. പക്ഷേ, ഭാവിയില്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സ്ഥലം വിഭജിച്ച് ഒരു സ്ഥിരം മതില്‍ കെട്ടാനുള്ള അവരുടെ നീക്കത്തെ നാട്ടുകാരന്‍ കൂടിയായ സ്ഥലം ബി.ജെ.പി. എം.എല്‍.എ. എതിര്‍ത്തു. അയാള്‍ക്ക് പ്രശ്‌നം തീര്‍ക്കുന്നതില്‍ ഒട്ടും താല്‍പ്പര്യം ഉണ്ടായിരുന്നില്ല.
അമ്പതിലധികം വര്‍ഷം പഴക്കമുള്ള ഒരു ഭൂമി തര്‍ക്കമാണ് പുല്‍വാരിയയില്‍  പുനരുജ്ജീവിപ്പിക്കപ്പെട്ടതെങ്കില്‍, നാളന്ദയിലെ സിലാവനില്‍ കഴിഞ്ഞ ജനുവരി 11ന് 'പുതുജീവന്‍' നല്‍കപ്പെട്ട തര്‍ക്കത്തിന് 83 വര്‍ഷം പഴക്കമുണ്ടായിരുന്നു! 2013 ജൂണിനു മുമ്പുള്ള മൂന്നരവര്‍ഷം ഇത്തരം സംഭവങ്ങള്‍ 40ലധികം ഉണ്ടായിരുന്നില്ല. ബിഹാര്‍ സര്‍ക്കാരില്‍ നിന്ന് ബി.ജെ.പി. പുറത്തുവരുകയും പിന്നീട് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആ പാര്‍ട്ടി വന്‍ നേട്ടമുണ്ടാക്കുകയും ചെയ്ത ഇക്കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ അത്തരം സംഭവങ്ങളുടെ എണ്ണം 139 ആയി വര്‍ധിച്ചു.
Next Story

RELATED STORIES

Share it