ബിഹാറില്‍ നാഗ്മണിയുടെ എസ്എസ്പിയും മുന്നാം മുന്നണി വിട്ടു

പട്‌ന: ബിഹാറില്‍ മുന്‍ കേന്ദ്രമന്ത്രി നാഗ്മണിയുടെ നേതൃത്വത്തിലുള്ള സംരാസ് സമാജ് പാര്‍ട്ടി(എസ്എസ്പി) മൂന്നാം മുന്നണി വിട്ടു. ലാലുപ്രസാദ് യാദവിന്റെയും നിതീഷ് കുമാറിന്റെയും മതനിരപേക്ഷ സഖ്യത്തില്‍ ചേരുമെന്ന് എസ്എസ്പി പ്രഖ്യാപിച്ചു. നേരത്തെ എന്‍സിപിയും മുന്നാം മുന്നണി വിട്ടിരുന്നു.
ബിഹാര്‍ തിരഞ്ഞെടുപ്പില്‍ രണ്ടാം ഘട്ടം കഴിഞ്ഞതോടെ മൂന്നാംമുന്നണിക്ക് സംസ്ഥാനത്ത് പ്രത്യേകിച്ചൊന്നും ചെയ്യാന്‍ കഴിയില്ലെന്നു മനസിലായെന്ന് നാഗ്മണി പറഞ്ഞു. മുലായംസിങ് യാദവിന്റെ സമാജ്‌വാദി പാര്‍ട്ടിയും പപ്പു യാദവിന്റെ ജന്‍ അലികാര്‍ പാര്‍ട്ടിയും ബിജെപിയെ സഹായിക്കുന്ന തരത്തിലാണു പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
ആറ് പാര്‍ട്ടികള്‍ ചേര്‍ന്നാണ് സംസ്ഥാനത്ത് മൂന്നാം മുന്നണി രൂപീകരിച്ചത്. ഈമാസം 15ന് എന്‍സിപി മുന്നണി വിട്ടിരുന്നു.
മുലായം സിങ് യാദവ് നടത്തിയ ബിജെപി അനുകൂല പ്രസ്താവനയെ തുടര്‍ന്നായിരുന്നു ഇത്. സംസ്ഥാനത്ത് ബിജെപി അധികാരത്തില്‍ വരരുതെന്ന ആവശ്യത്തിന് പ്രധാന പരിഗണന നല്‍കുന്നതിനാണ് മതനിരപേക്ഷ സഖ്യത്തെ പിന്തുണയ്ക്കാന്‍ തയ്യാറായതെന്ന് നാഗ്മണി അറിയിച്ചു. തിരഞ്ഞെടുപ്പില്‍ ഇനിയുള്ള ഘട്ടത്തില്‍ മതനിരപേക്ഷ സഖ്യത്തിന് വോട്ടുചെയ്യാന്‍ അനുയായികളോട് അഭ്യര്‍ഥിക്കും. മതനിരപേക്ഷ സഖ്യം മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ സംസ്ഥാനത്ത് അധികാരത്തില്‍ വരുമെന്ന കാര്യത്തില്‍ ആത്മവിശ്വാസമുണ്ടെന്നും നാഗ്മണി പറഞ്ഞു. തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിനു ശേഷമാണ് മുന്നാം മുന്നണിയിലെ കക്ഷിവക്താക്കളായ മുലായംസിങ് യാദവ്, പപ്പുയാദവ് തുടങ്ങിയവര്‍ ബിജെപിക്കു വേണ്ടി പ്രവര്‍ത്തിക്കുന്നതായി മനസിലാക്കിയതെന്നും നാഗ്മണി പറഞ്ഞു.
Next Story

RELATED STORIES

Share it