ബിഹാറില്‍ എന്‍സിപി മൂന്നാംമുന്നണി വിട്ടു

പട്‌ന: നിയമസഭാ തിരഞ്ഞെടുപ്പില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കാനിരിക്കെ ബിഹാറില്‍ നാഷനലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) മൂന്നാംമുന്നണി വിട്ടു. സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായംസിങ് യാദവ് ബിജെപി അനുകൂല പ്രസ്താവന നടത്തിയെന്നാരോപിച്ചാണ് നടപടി. ആറ് പാര്‍ട്ടികള്‍ ചേര്‍ന്ന് രൂപീകരിച്ച മൂന്നാംമുന്നണിയില്‍നിന്നു രാജിവയ്ക്കുന്ന വിവരം എന്‍സിപി ജനറല്‍ സെക്രട്ടറിയും എംപിയുമായ താരീഖ് അ ന്‍വര്‍ വാര്‍ത്താസമ്മേളനത്തിലാണ് പ്രഖ്യാപിച്ചത്. ബിഹാറില്‍ അടുത്ത സര്‍ക്കാര്‍ ബിജെപിയുടെതാവുമെന്ന മുലായത്തിന്റെ പ്രസ്താവനയാണ് എന്‍സിപിയെ പ്രകോപിപ്പിച്ചത്. എസ്പി സ്ഥാനാര്‍ഥികള്‍ക്കുവേണ്ടി റോഹ്താസിലും ഔറംഗാബാദിലും പ്രചാരണം നടത്തുമ്പോഴായിരുന്നു മുലായത്തിന്റെ ബിജെപി അനുകൂല പ്രസംഗം.

മുലായത്തിന്റെ വാക്കുകള്‍ രണ്ടാംഘട്ട വോട്ടെടുപ്പിനെ ബാധിക്കുമെന്ന് താരീഖ് അന്‍വര്‍ പറഞ്ഞു. മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കാനും ബിജെപിക്കും കോണ്‍ഗ്രസ്സിനുമെതിരേ പോരാടാനുമാണ് എന്‍സിപി മൂന്നാം മുന്നണിയില്‍ ചേ ര്‍ന്നത്. എന്നാല്‍, എസ് പി അധ്യക്ഷന്‍ മുന്നണിയെ വഞ്ചിക്കുകയാണെന്ന് അന്‍വര്‍ പറഞ്ഞു. നേരത്തേ ജെഡിയു നേതൃത്വം നല്‍കുന്ന മതേതര വിശാല സഖ്യത്തിന്റെ ഭാഗമായിരുന്ന എന്‍സിപി സീറ്റ് വിഭജനത്തെ ചൊല്ലിയാണ് സഖ്യം പിരിഞ്ഞത്. അതേസമയം, പട്‌ന വിമാനത്താവളത്തോട് ചേര്‍ന്ന് സ്ഥാപിച്ച എല്ലാ തിരഞ്ഞെടുപ്പുബാനറുകളും പോസ്റ്ററുകളും പോലിസ് ഇന്നലെ നീക്കംചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെയും ബാനര്‍ നീക്കണമെന്നു വിശാല മതേതരസഖ്യം തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. ആര്‍ജെഡി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവിന്റെ ജാതി പരാമര്‍ശം ചട്ടലംഘനമാണ്. ഇത്തരം പ്രസ്താവനകള്‍ ആവര്‍ത്തിക്കരുതെന്നും തിരഞ്ഞെടു പ്പ് കമ്മീഷന്‍ താക്കീത് നല്‍കി.
Next Story

RELATED STORIES

Share it