ബിഹാറിലേക്ക് എന്‍ഡിഎ കക്ഷികളുമെത്തും: സത്യപ്രതിജ്ഞാ ചടങ്ങ് പ്രതിപക്ഷ മഹാവേദിയാകും

ന്യൂഡല്‍ഹി: ബിഹാറില്‍ നീതീഷ്‌കുമാര്‍ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ് എന്‍ഡിഎ വിരുദ്ധ കക്ഷികളുടെ സംഗമവേദിയാവും. സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുമെന്ന് വിവിധ പ്രതിപക്ഷ കക്ഷി നേതാക്കള്‍ അറിയിച്ചിട്ടുണ്ട്. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിലും പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്താന്‍ കഴിയുമെന്നാണ് ജെഡിയുവിന്റെ വിലയിരുത്തല്‍.
അസഹിഷ്ണുത, വിലക്കയറ്റം, കേന്ദ്ര സംസ്ഥാനബന്ധം എന്നിവയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ കക്ഷി നേതാക്കളുടെ വിശാല ഐക്യം രൂപപ്പെട്ടിട്ടുണ്ടെന്ന് ജെഡിയു സെക്രട്ടറി കെ സി ത്യാഗി പറഞ്ഞു. ബിഹാറില്‍ നിതീഷ്‌കുമാറിന്റെ നേതൃത്വത്തിലുളള മതനിരപേക്ഷ സഖ്യത്തിന് വന്‍ വിജയമാണ് ജനങ്ങള്‍ നല്‍കിയത്. നിതീഷിന്റെ സത്യപ്രതിജ്ഞ പ്രതിപക്ഷ മഹാസഖ്യത്തിനുളള വേദിയാക്കി മാറ്റാനാണ് ശ്രമം. ചടങ്ങിന്റെ സ്വാധീനം പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിലുണ്ടാവുമെന്ന് ത്യാഗി പറഞ്ഞു. എന്‍ഡിഎക്കെതിരെ വലിയ രീതിയിലുളള പ്രതിപക്ഷ ഐക്യത്തിനാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്‍ഡിഎയിലെ സഖ്യകക്ഷി നേതാക്കളും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും. മഹാരാഷ്ട്രയില്‍ നിന്നുളള ശിവസേന നേതാക്കള്‍ക്ക് പുറമെ പഞ്ചാബ് ഉപമുഖ്യമന്ത്രിയും സിരോമണി അകാലിദള്‍ നേതാവുമായ സുഖ്ബീര്‍ സിങ് ബാദലും എത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, യുപി മുഖ്യമന്ത്രി അഖിലേഷ് യാദവ് തുടങ്ങിയവര്‍ പങ്കടുക്കും. കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ തരുണ്‍ ഗൊഗോയ്,  സിദ്ധാ രാമയ്യ, ഹരീഷ് റാവത്ത്, ടി ആര്‍ സെലിയാങ് തുടങ്ങിയവരുമെത്തും. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്. നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുല്ല, മകന്‍ ഒമര്‍ അബ്ദുല്ല തുടങ്ങിയവരും സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കുമെന്ന് കെസി ത്യാഗി പറഞ്ഞു.
Next Story

RELATED STORIES

Share it