ബിഹാര്‍: സമ്പൂര്‍ണ മദ്യ നിരോധനം പ്രാബല്യത്തില്‍

പട്‌ന: ബിഹാറില്‍ സമ്പൂര്‍ണ മദ്യനിരോധനം പ്രാബല്യത്തില്‍വന്നു. ഇനി ഹോട്ടലുകളിലും ബാറുകളിലും വിദേശമദ്യമുള്‍പ്പെടെയുള്ള മദ്യം വില്‍ക്കാന്‍ അനുവദിക്കുകയില്ലെന്ന് മന്ത്രിസഭാ യോഗത്തിനു ശേഷം മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നാലു ദിവസം മുമ്പ് കള്ള്, ചാരായം തുടങ്ങിയവയ്ക്ക് സംസ്ഥാനത്ത് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, സമ്പൂ ര്‍ണ മദ്യനിരോധനത്തിന് വിവിധ കോണുകളില്‍ നിന്ന് ആവശ്യമുയര്‍ന്നു. ഇതേത്തുടര്‍ന്നാണ് സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അതേസമയം, ആര്‍മി കാന്റീനുകളിലെ മദ്യവില്‍പനയെ നിയന്ത്രിക്കുകയില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കുമെന്ന് നിതീഷ്‌കുമാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഏതാണ്ട് 6000 കോടി രൂപയാണ് കഴിഞ്ഞ വര്‍ഷം മദ്യവില്‍പനയിലൂടെ ബിഹാര്‍ സര്‍ക്കാരിനു ലഭിച്ച വരുമാനം. സംസ്ഥാന എംഎല്‍എമാരും മദ്യം ഉപയോഗിക്കുകയില്ലെന്ന് പ്രതിജ്ഞയെടുത്തു. കള്ള് വ്യവസായവുമായി ബന്ധപ്പെട്ടു ജീവിക്കുന്ന തൊഴിലാളികളെ കണക്കിലെടുത്ത് സര്‍ക്കാരിലെ സഖ്യകക്ഷിയായ ആര്‍ജെഡിയുടെ പ്രസിഡന്റ് ലാലുപ്രസാദ് യാദവ് സമ്പൂര്‍ണ മദ്യനിരോധനത്തെ എതിര്‍ത്തിരുന്നു. 1991ലെ മാര്‍ഗനിര്‍ദേശമനുസരിച്ച് നീര ഉപയോഗിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.
ആശുപത്രികള്‍, വിദ്യാലയങ്ങള്‍, ആരാധനാലയങ്ങള്‍ എന്നിവയുടെ 50 മീറ്ററിനുള്ളില്‍ നഗരത്തിലും 100 മീറ്ററിനുള്ളില്‍ ഗ്രാമത്തിലും നീര വില്‍ക്കരുതെന്നാണ് 1991ലെ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്. നീര ഉപയോഗിക്കാമെങ്കിലും കള്ള് നിരോധിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.സംസ്ഥാനത്തെ മദ്യം ഉല്‍പാദിപ്പിക്കുന്ന കമ്പനികളെക്കുറിച്ച് ചോദിച്ചപ്പോള്‍ അവര്‍ക്ക് മദ്യം ഉല്‍പ്പാദിപ്പിക്കാമെന്നും എന്നാ ല്‍, സംസ്ഥാനത്തിനകത്ത് മദ്യം വില്‍ക്കാന്‍ അനുവദിക്കുകയില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
സംസ്ഥാനത്ത് ബിവറേജസ് കോര്‍പറേഷന്റെ കൈവശമുള്ള 36,000 ലിറ്റര്‍ വിദേശമദ്യം നശിപ്പിക്കാന്‍ എക്‌സൈസ് വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തിയതിനെ മുന്‍ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സുശീല്‍കുമാര്‍ മോദി സ്വാഗതം ചെയ്തു. സമ്പൂര്‍ണ മദ്യനിരോധനത്തിനു വേണ്ടിയുള്ള പ്രതിപക്ഷത്തിന്റെ സമ്മര്‍ദ്ദത്തിന് അവസാനം സര്‍ക്കാരിനു വഴങ്ങേണ്ടിവന്നുവെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it