ബിഹാര്‍ മന്ത്രിസഭ 20ന് സത്യപ്രതിജ്ഞ ചെയ്‌തേക്കും

ന്യൂഡല്‍ഹി: ബിഹാര്‍ അസംബ്ലി തിരഞ്ഞെടുപ്പില്‍ വന്‍വിജയം നേടിയ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യം ഈ മാസം 20ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റേക്കും. ദീപാവലിക്കും 17നു നടക്കുന്ന ഛാട്ട് ഉല്‍സവത്തിനും ശേഷമുള്ള ദിവസം എന്ന നിലയ്ക്കാണ് 20ന് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടത്താന്‍ ആലോചിക്കുന്നത്. പട്‌നയിലെ ഗാന്ധി മൈതാനത്തായിരിക്കും സത്യപ്രതിജ്ഞാ ചടങ്ങുകള്‍. മന്ത്രിസഭാ രൂപീകരണം കീറാമുട്ടിയാവുമെന്നാണു സൂചന. അഞ്ച് എംഎല്‍എമാര്‍ക്ക് ഒരു മന്ത്രിയെന്ന നയമാണ് നിതീഷ് സ്വീകരിക്കുക എന്നാണ് റിപോര്‍ട്ടുകള്‍. ഇതുപ്രകാരം കോണ്‍ഗ്രസ്സിന് അഞ്ചുമന്ത്രിമാരെ ലഭിക്കും. 80 എംഎല്‍എമാരുള്ള ലാലുപ്രസാദ് യാദവിന്റെ ആര്‍ജെഡിക്കായിരിക്കും മന്ത്രിസഭയില്‍ കൂടുതല്‍ പ്രതിനിധ്യം.
ഏറ്റവും വലിയ ഒറ്റക്കക്ഷിയായതിനാല്‍ ആര്‍ജെഡി ഉപമുഖ്യമന്ത്രി സ്ഥാനവും ആവശ്യപ്പെട്ടിട്ടുണ്ട്. വൈദ്യുതി, പൊതുമരാമത്ത്, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകള്‍ സംബന്ധിച്ച് ഉടന്‍ നിതീഷ്‌കുമാര്‍ ആര്‍ജെഡിയുമായും കോണ്‍ഗ്രസ്സുമായും ചര്‍ച്ച നടത്തും. ഈ മേഖലയിലുള്ള വികസനത്തിനായിരുന്നു മഹാസഖ്യം പ്രചാരണത്തില്‍ പ്രാധാന്യം നല്‍കിയിരുന്നത്.
ഉപമുഖ്യമന്ത്രി സ്ഥാനത്തിന്റെ കാര്യത്തില്‍ ലാലുവും നിതീഷ് കുമാറും തമ്മില്‍ ചര്‍ച്ച നടത്തി ഉചിതമായ തീരുമാനം കൈകൊള്ളുമെന്ന് ലാലുവിന്റെ ഭാര്യയും മുന്‍ മുഖ്യമന്ത്രിയുമായ റാബ്‌റി ദേവി പറഞ്ഞു. മകന്‍ തേജസ്വി യാദവിനെ ഉപമുഖ്യമന്ത്രിയാക്കാന്‍ ലാലു ആവശ്യപ്പെടുമെന്ന് റിപോര്‍ട്ടുകളുണ്ട്. എന്നാല്‍, ആര്‍ജെഡിയിലെ മുതിര്‍ന്ന നേതാവ് അബ്ദുല്‍ ബാരി സിദ്ദീഖിയെ ഉപമുഖ്യമന്ത്രിയാക്കുമെന്ന് നിതീഷ് നേരത്തെ സൂചന നല്‍കിയിരുന്നു.
കന്നി മല്‍സരത്തില്‍ വിജയിച്ച മക്കളിലൊരാളെ മന്ത്രിയാക്കണമെന്നാണ് ലാലുവിന് താല്‍പര്യം. എന്നാല്‍, രാഷ്ട്രീയമോ ഭരണപരമോ ആയ ഒരു പരിചയവുമില്ലാത്ത തേജ് പ്രതാപ് യാദവി(26)നെയോ തേജസ്വി യാദവി(27)നെയോ മന്ത്രിയാക്കാനുള്ള ലാലുവിന്റെ ആവശ്യം നിതീഷിനു സ്വീകാര്യമാവുമോ എന്നു കണ്ടറിയണം.
ജെഡിയു നേതാവും മുന്‍ മുഖ്യമന്ത്രിയുമായ നിതീഷ്‌കുമാര്‍ നയിച്ച മഹാസഖ്യം മൂന്നില്‍രണ്ടു ഭൂരിപക്ഷത്തേടെയാണ് വിജയിച്ചത്. 243 അംഗ നിയമസഭയില്‍ 178 സീറ്റും മഹാസഖ്യം നേടി. സഖ്യത്തിലെ പ്രധാന കക്ഷിയായ ആര്‍ജെഡി 80 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി.
Next Story

RELATED STORIES

Share it