ബിഹാര്‍ പരീക്ഷാ ക്രമക്കേട്; ഒന്നാംറാങ്കുകാരി പുനപ്പരീക്ഷയില്‍ പങ്കെടുത്തില്ല

പട്‌ന: ബിഹാറിലെ പന്ത്രണ്ടാംക്ലാസ് പരീക്ഷയിലെ കോപ്പിയടി പുറത്തുവന്നതിനെ തുടര്‍ന്ന് നടത്തിയ പുനപ്പരീക്ഷയില്‍ ഒന്നാംറാങ്ക് ജേതാവായ റൂബി റായി പങ്കെടുത്തില്ല. ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് റൂബി പരീക്ഷയില്‍ നിന്നു രക്ഷപ്പെട്ടത്. ഹ്യുമാനിറ്റീസ് വിഭാഗത്തിലെ ഒന്നാംറാങ്കുകാരിയായിരുന്നു റൂബി. ഒരു പ്രാദേശിക ചാനല്‍ പഠന വിഷയത്തിലെ റൂബിയുടെ പരിജ്ഞാനക്കുറവ് പുറത്തെത്തിച്ചതോടെയാണ് പരീക്ഷയിലെ ക്രമക്കേട് പുറത്തുവന്നത്.
പരീക്ഷയില്‍ പങ്കെടുക്കാത്തവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ അറിയിച്ചിട്ടുണ്ട്. ഹ്യുമാനിറ്റീസ്, സയന്‍സ്, കൊമേഴ്‌സ് വിഭാഗങ്ങളിലാണ് ക്രമക്കേടുകള്‍ കണ്ടെത്തിയത്. മൂന്ന് വിഷയങ്ങളിലെയും റാങ്ക് ജേതാക്കളുടെ ഞെട്ടിക്കുന്ന അറിവില്ലായ്മ പുറത്തുവന്നതോടെയാണ് ക്രമേക്കേട് നടന്നെന്ന വിവരം സ്ഥിരീകരിച്ചത്. രാഷ്ട്രമീമാംസ എന്നത് പാചകമെന്നായിരുന്നു ഹ്യുമാനീറ്റീസില്‍ റാങ്കുകാരിയായ റൂബി ചാനലിനു മുമ്പില്‍ വ്യക്തമാക്കിയത്. സയന്‍സിന് ഒന്നാംറാങ്ക് നേടിയ കുട്ടിക്ക് ജലവും എച്ച്ടുഒയും തമ്മിലുള്ള ബന്ധവും അറിയില്ല.
തുടര്‍ന്ന് ആദ്യ 14 റാങ്കുകാരോട് വീണ്ടും പരീക്ഷയ്ക്ക് ഹാജരാവാന്‍ ബിഹാര്‍ സ്‌കൂള്‍ എക്‌സാമിനേഷന്‍ ബോര്‍ഡ് ആവശ്യപ്പെടുകയായിരുന്നു. റൂബി ഒഴികെയുള്ള പതിമൂന്ന് പേരും പരീക്ഷയില്‍ പങ്കെടുത്തു. ഫലം പുറത്തുവന്നതിന് പിന്നാലെയാണ് പ്രാദേശിക ചാനല്‍ റാങ്ക് ജേതാക്കളെ ഇന്റര്‍വ്യൂ ചെയ്തത്.
അതേസമയം, പുനപ്പരീക്ഷയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ സയന്‍സിലെ രണ്ട് റാങ്കുകാരുടെ ഫലം പരീക്ഷാ ബോര്‍ഡ് റദ്ദാക്കി. പുനപ്പരീക്ഷയില്‍ ദയനീയ പ്രകടനം കാഴ്ചവച്ച ഒന്നാംറാങ്കുകാരനായ സൗരഭ് ശ്രേഷ്ടയുടെയും മറ്റൊരു റാങ്കുകാരനായ രാഹുല്‍ കുമാറിന്റെയും ഫലങ്ങളാണ് ബോര്‍ഡ് റദ്ദാക്കിയത്.
Next Story

RELATED STORIES

Share it