ബിഹാര്‍ പരാജയം: ബിജെപിയില്‍ പോര് രൂക്ഷമായി

ന്യൂഡല്‍ഹി: ബിഹാര്‍ അസംബ്ലി തിരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിക്കു പിന്നാലെ ബിജെപിയില്‍ പൊട്ടിത്തെറി. ബിഹാര്‍ ഫലം പുറത്തുവന്നതോടെ നരേന്ദ്ര മോദിയെയും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായെയും വിമര്‍ശിച്ചു രംഗത്തെത്തിയ മുതിര്‍ന്ന നേതാക്കളായ എല്‍ കെ അദ്വാനി, ശത്രുഘ്‌നന്‍ സിന്‍ഹ എംപി, ശാന്തകുമാര്‍ എംപി, മുരളീമനോഹര്‍ ജോഷി, യശ്വന്ത് സിന്‍ഹ എന്നിവര്‍ക്കെതിരേ നടപടി വേണമെന്ന് കേന്ദ്രമന്ത്രിയും പാര്‍ട്ടിയുടെ മുന്‍ അധ്യക്ഷനുമായ നിതിന്‍ ഗഡ്കരി ആവശ്യപ്പെട്ടു.
പരാജയത്തിന്റെ ഉത്തരവാദിത്തം മോദിയുടെയും അമിത്ഷായുടെയും ചുമലില്‍ മാത്രം കെട്ടിവയ്ക്കരുത്. ഇത് പാര്‍ട്ടിയിലെ എല്ലാ നേതാക്കളുടെയും കൂട്ടായ ഉത്തരവാദിത്തമാണ്. പാര്‍ട്ടിയുടെ പ്രതിച്ഛായക്കു ദോഷം വരുന്ന തരത്തില്‍ നിരുത്തരവാദപരമായി പ്രസ്താവനകള്‍ നടത്തുന്നത് ആരാണെങ്കിലും അവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണം. അമിത്ഷാ അധ്യക്ഷസ്ഥാനം ഒഴിയാനുള്ള സാധ്യത തള്ളിയ ഗഡ്കരി, നിലവില്‍ പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ ഉയര്‍ന്നു വന്നിരിക്കുന്ന അഭിപ്രായ ഭിന്നതയുമായി ബന്ധപ്പെട്ട് കേന്ദ്ര നേതൃത്വം അഡ്വാനിയുമായി ചര്‍ച്ച നടത്തുമെന്നും അറിയിച്ചു.
ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തില്‍ നിന്ന് പാര്‍ട്ടി പാഠം പഠിച്ചില്ലെന്നും ബിഹാറിലെ പരാജയത്തിന്റെ പ്രധാന കാരണം കഴിഞ്ഞ ഒരു വര്‍ഷത്തെ ബിജെപിയുടെ പ്രവര്‍ത്തനങ്ങളുടെ ഫലമാണെന്നും തോല്‍വിയുടെ കാരണങ്ങള്‍ വിലയിരുത്തുന്നതിനായി വിശദമായ പുനപ്പരിശോധന ആവശ്യമാണെന്നും അഡ്വാനിയുടെ നേതൃത്വത്തിലുള്ള മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ കഴിഞ്ഞദിവസം പരസ്യമായി പ്രതികരിച്ചിരുന്നു. പരാജയം സംബന്ധിച്ച് നേതാക്കള്‍ പരസ്യപ്രസ്താവന നടത്തരുതെന്ന അമിത്ഷായുടെ നിര്‍ദേശം അവഗണിച്ചായിരുന്നു നേതാക്കളുടെ പ്രതികരണം.
ഇതിനു പിന്നാലെ, അവരെ വിമര്‍ശിച്ച് മുന്‍ അധ്യക്ഷന്‍മാരായ വെങ്കയ്യ നായിഡു, രാജ്‌നാഥ് സിങ്, ഗഡ്കരി എന്നിവര്‍ രംഗത്തുവന്നിരുന്നു. പരാജയത്തിന്റെയും വിജയത്തിന്റെയും ഉത്തരവാദിത്തം പാര്‍ട്ടി ഒന്നിച്ച് ഏറ്റെടുക്കുക എന്നത് വാജ്‌പേയിയുടെ കാലം മുതലുള്ള കീഴ്‌വഴക്കമാണെന്നായിരുന്നു ഇപ്പോള്‍ കേന്ദ്രമന്ത്രിമാരായ പാര്‍ട്ടി മുന്‍ അധ്യക്ഷന്‍മാരുടെ മറുപടി.
എന്നാല്‍, അഡ്വാനി പക്ഷം ഇതു മുഖവിലയ്‌ക്കെടുത്തിട്ടില്ല. പരാജയകാരണങ്ങള്‍ ഗൗരവമായി ചര്‍ച്ചചെയ്യണമെന്നും തങ്ങളുമായി ആശയവിനിമയം നടത്താന്‍ നേതൃത്വം തയ്യാറാവണമെന്നുമാണ് ഇവരുടെ ആവശ്യം. രണ്ടുമൂന്നു ദിവസത്തിനുള്ളില്‍ തൃപ്തികരമായ മറുപടിയില്ലെങ്കില്‍ കടുത്ത നടപടികളിലേക്കു നീങ്ങാനും ആലോചനയുണ്ട്.
Next Story

RELATED STORIES

Share it