ബിഹാര്‍ നിയമസഭയില്‍ ബഹളം

പട്‌ന: കൊലപാതകമടക്കം നിരവധി കേസുകളില്‍ ജയില്‍ ശിക്ഷയനുഭവിക്കുന്ന ആര്‍ജെഡി നേതാവ് മുഹമ്മദ് ഷഹാബുദ്ദീനെ മന്ത്രി സന്ദര്‍ശിച്ചത് ബിഹാ ര്‍ നിയമസഭയില്‍ വന്‍ ബഹളത്തിനു കാരണമായി. ന്യൂനപക്ഷകാര്യ മന്ത്രി അബ്ദുല്‍ ഗഫൂറാണ് ജയിലില്‍ ഷഹാബുദ്ദീനെ സന്ദര്‍ശിച്ചത്.
കുറ്റവാളിയെ ജയിലില്‍ സന്ദര്‍ശിച്ച മന്ത്രി രാജിവയ്ക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. എന്നാല്‍, മുന്‍ എംപിയായ ഷഹാബുദ്ദീനെ സന്ദര്‍ശിച്ചത് കുറ്റമല്ലെന്നും വേണ്ടിവന്നാല്‍ ഇനിയും കാണുമെന്നും ഗഫൂര്‍ പറഞ്ഞു. സഭ സമ്മേളിച്ച ഉടനെ മന്ത്രിയുടെ ജയില്‍ സന്ദര്‍ശനം ചര്‍ച്ച ചെയ്യണമെന്ന് ബിജെപിയും സഖ്യകക്ഷികളും ആവശ്യപ്പെട്ടു. എന്നാല്‍, അത് ഗൗനിക്കാതെ സ്പീക്കര്‍ വിജയ് ചൗധരി ചോദ്യോത്തര വേള തുടര്‍ന്നപ്പോള്‍ പ്രതിപക്ഷാംഗങ്ങള്‍ സഭയുടെ നടുത്തളത്തിലേക്ക് കുതിച്ചു. ബഹളത്തിനിടെ 15 മിനിറ്റോളം ചോദ്യോത്തര വേളയുമായി മുമ്പോട്ടു പോയ സ്പീക്കര്‍ പിന്നീട് ഉച്ചവരെ സഭ നിര്‍ത്തിവച്ചു. കുറ്റവാളിയെ മന്ത്രി ജയിലില്‍ പോയി കണ്ടത് ബിഹാറിന്റെ പ്രതിച്ഛായ മോശമാക്കിയെന്നും അതിനാല്‍ അദ്ദേഹം രാജിവയ്ക്കണമെന്നും പ്രതിപക്ഷ നേതാവ് പ്രേംകുമാര്‍ ആവശ്യപ്പെട്ടു. മന്ത്രി സ്വമേധയാ രാജിവച്ചില്ലെങ്കില്‍ അദ്ദേഹത്തെ മുഖ്യമന്ത്രി പുറത്താക്കണമെന്നും കുമാര്‍ ആവശ്യപ്പെട്ടു.
മന്ത്രിയും ആര്‍ജെഡി എംഎല്‍എ ശങ്കര്‍ യാദവുമാണ് ഞായറാഴ്ച സിവാന്‍ ജയിലില്‍ ഷഹാബുദ്ദീനെ സന്ദര്‍ശിച്ചത്. മൂവരുമൊത്തുള്ള ഫോട്ടോ സമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. സംഭവത്തെക്കുറിച്ചന്വേഷിക്കാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്.
Next Story

RELATED STORIES

Share it