ബിഹാര്‍: നിതീഷിന്റെ സത്യപ്രതിജ്ഞ ഇന്ന്

ന്യൂഡല്‍ഹി/പട്‌ന: ജനതാദള്‍ യുനൈറ്റഡ് നേതാവ് നിതീഷ്‌കുമാര്‍ ഇന്ന് ബിഹാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഏതാനും മാസത്തെ ചെറിയ ഇടവേളയ്ക്കുശേഷം ഇതു തുടര്‍ച്ചയായ മൂന്നാംതവണയാണ് ബിഹാറിനെ നയിക്കാന്‍ നിതീഷ്‌കുമാര്‍ തയ്യാറെടുക്കുന്നത്.

ദേശീയതലത്തില്‍ ശക്തിപ്പെട്ടുവരാന്‍ ഇടയുള്ള ബിജെപി വിരുദ്ധ മുന്നണിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് സത്യപ്രതിജ്ഞാ ചടങ്ങ് കരുത്തുപകരും. ബിജെപിയെ എതിര്‍ക്കുന്ന വ്യത്യസ്ത പാര്‍ട്ടികളുടെ നിരവധി മുതിര്‍ന്ന നേതാക്കളും മുഖ്യമന്ത്രിമാരും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ എന്നിവര്‍ പങ്കെടുക്കുമെന്നുറപ്പായിട്ടുണ്ട്. കൂടാതെ യുപി, അസം, മണിപ്പൂര്‍, സിക്കിം, ഹിമാചല്‍പ്രദേശ്, അരുണാചല്‍പ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരും ചടങ്ങിനെത്തും. കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പങ്കെടുക്കും. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി, എന്‍സിപി അധ്യക്ഷന്‍ ശരത്പവാര്‍, സിപിഎം നേതാവ് സീതാറാം യെച്ചൂരി, സിപിഐ നേതാവ് ഡി രാജ, ഡിഎംകെ നേതാവ് സ്റ്റാലിന്‍, നാഷനല്‍ കോണ്‍ഫറന്‍സ് നേതാക്കളായ ഫാറൂഖ് അബ്ദുല്ല, ഉമര്‍ അബ്ദുല്ല തുടങ്ങിയവരും വ്യത്യസ്ത സംസ്ഥാനങ്ങളില്‍ ബിജെപി ഇതര സര്‍ക്കാരുകള്‍ക്ക് നേതൃത്വം കൊടുത്ത മുന്‍ മുഖ്യമന്ത്രിമാരും ചടങ്ങില്‍ പങ്കെടുക്കുമെന്നു നിതീഷ് ബുധനാഴ്ച രാത്രി ട്വിറ്ററില്‍ കുറിച്ചു. തലസ്ഥാനമായ പട്‌നയിലെ ഗാന്ധി മൈതാനത്താണ് സത്യപ്രതിജ്ഞാ ചടങ്ങ്.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ചടങ്ങിന് ക്ഷണമുണ്ട്. എന്നാല്‍, മോദി പങ്കെടുക്കില്ല. പകരം, കേന്ദ്രസര്‍ക്കാരിന്റെ പ്രതിനിധിയായി പാര്‍ലമെന്ററികാര്യമന്ത്രി വെങ്കയ്യ നായിഡുവും സഹമന്ത്രി രാജീവ് പ്രതാപ് റൂഡിയും പങ്കെടുക്കും. അംഗീകൃത ചട്ടമനുസരിച്ചാണ് പരിപാടിയിലേക്ക് പ്രധാനമന്ത്രിയെ ക്ഷണിച്ചതെന്നും കേന്ദ്രവുമായി നല്ലബന്ധമാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ജെഡിയു നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it