ബിഹാര്‍ തിരഞ്ഞെടുപ്പ് പരാജയം: ബിജെപിയില്‍ കലാപം

സിദ്ദീഖ് കാപ്പന്‍

ന്യൂഡല്‍ഹി: ബിഹാര്‍ തിരഞ്ഞെടുപ്പിലേറ്റ വന്‍ പരാജയത്തെത്തുടര്‍ന്ന് കേന്ദ്ര നേതൃത്വത്തിനെതിരേ ബിജെപിയിലുണ്ടായ ആഭ്യന്തര കലഹത്തിനു കരുത്ത് പകര്‍ന്ന് കൂടുതല്‍ നേതാക്കള്‍. ബിഹാറില്‍ നിന്നുള്ള പാര്‍ട്ടി എംപിയും മുന്‍ ആഭ്യന്തര സെക്രട്ടറിയുമായ ആര്‍ കെ സിങാണ് ഇന്നലെ കേന്ദ്ര നേതൃത്വത്തിനെതിരേ പരസ്യമായി രംഗത്തെത്തിയത്. മറ്റുള്ള പാര്‍ട്ടികളില്‍ നിന്നു വ്യത്യസ്തമായ പാര്‍ട്ടി എന്നവകാശപ്പെടുന്ന ബിജെപി ക്രിമിനലുകള്‍ക്കു മല്‍സരിക്കാന്‍ സീറ്റ് നല്‍കിയെന്ന് ആരോപണം ഉന്നയിച്ചു. ക്രിമിനലുകള്‍ക്ക് ടിക്കറ്റ് നല്‍കിയ നടപടി അത്യന്തം ഖേദകരമാണ്. ക്രിമിനലുകളെ പൂര്‍ണമായും പിന്തുണച്ച പാര്‍ട്ടിക്കു സംശുദ്ധ രാഷ്ട്രീയത്തെ കുറിച്ച് പറയാന്‍ അവകാശമില്ല. തന്റെ മണ്ഡലത്തില്‍ ക്രിമിനലുകളെ സ്ഥാനാര്‍ഥികളാക്കിയതിനെക്കുറിച്ച് പാര്‍ട്ടിക്കു മുന്നറിയിപ്പു നല്‍കിയിരുന്നു. എന്നാല്‍, അതുകൊണ്ട് ഒരു ഗുണവുമുണ്ടായില്ല. പാര്‍ട്ടി നിര്‍ത്തിയ സ്ഥാനാര്‍ഥികള്‍ ചെറിയ കുറ്റവാളികള്‍ അല്ലെന്നും സംസ്ഥാനസര്‍ക്കാര്‍ മുമ്പ് തലയ്ക്കു വില പ്രഖ്യാപിച്ച് നോട്ടീസ് ഇറക്കിയ കൊടും ക്രിമിനലുകള്‍ ആണെന്നും സിങ് പറഞ്ഞു. ബിജെപി നേതൃത്വത്തിനെതിരേ അഡ്വാനിയടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ നടത്തിയ പരസ്യ വിമര്‍ശനത്തില്‍ തെറ്റില്ലെന്നും ബിജെപിയുടെ ഉന്നതാധികാര സമിതിയായ മാര്‍ഗദര്‍ശി മണ്ഡലിന്റെ ചുമതലയാണ് അവര്‍ നിര്‍വഹിച്ചതെന്നും സിങ് വ്യക്തമാക്കി.
അതിനിടെ, കേന്ദ്ര നേതൃത്വത്തിനെതിരേ ബിജെപിയുടെ മുന്‍ ദേശീയ ജനറല്‍ സെക്രട്ടറിയും ആര്‍എസ്എസ് സൈദ്ധാന്തികനുമായ കെ എന്‍ ഗോവിന്ദാചാര്യയും രംഗത്തെത്തി. മുതിര്‍ന്ന നേതാക്കള്‍ക്കു പുതിയ അമിത്ഷാ- മോദി നേതൃത്വത്തില്‍ വിശ്വാസം നഷ്ടമായെന്ന് അദ്ദേഹം പറഞ്ഞു. മുതിര്‍ന്ന നേതാവ് എല്‍ കെ അഡ്വാനി ഉള്‍പ്പെടെയുള്ളവര്‍ പരസ്യമായി പ്രതിഷേധം രേഖപ്പെടുത്തിയതു മറ്റു മാര്‍ഗങ്ങള്‍ ഇല്ലാത്തതിനാലാണെന്നു ഗോവിന്ദാചാര്യ വ്യക്തമാക്കി. പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചകള്‍ ഇല്ലാത്തതും പുതിയ നേതൃത്വത്തില്‍ മുതിര്‍ന്ന നേതാക്കള്‍ക്കു വിശ്വാസം നഷ്ടമായതുമാണു പാര്‍ട്ടിക്കു തുടര്‍ച്ചയായി തിരിച്ചടികള്‍ ഏല്‍ക്കാന്‍ കാരണം. ഇത് ഒരു മുന്നറിയിപ്പായി കണ്ട് പാര്‍ട്ടി നേതൃത്വം വിലയിരുത്തല്‍ നടത്തണമെന്നും ഗോവിന്ദാചാര്യ പറഞ്ഞു. ജനങ്ങളുടെ യഥാര്‍ഥ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടുവെന്ന് ബിജെപി നേതാവും ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രിയുമായ അര്‍ജുന്‍ മുണ്ട പറഞ്ഞു.
ബിഹാറില്‍ ബിജെപി സ്വീകരിച്ച തിരഞ്ഞെടുപ്പ് തന്ത്രം പാളിയെന്ന് ബിജെപി എംപി മനോജ് തിവാരി പറഞ്ഞു. മഹാസഖ്യം സ്വീകരിച്ച തിരഞ്ഞെടുപ്പ് തന്ത്രം പ്രശംസനീയമാണ്. പാര്‍ട്ടി ജനങ്ങളെ വിശ്വാസത്തിലെടുത്തില്ലെന്നും തിവാരി വിമര്‍ശിച്ചു. ബോജ്പുരി ഗായകനായ തിവാരി ഡല്‍ഹിയിലെ നോര്‍ത്ത് ഈസ്റ്റ് മണ്ഡലത്തില്‍ നിന്നുള്ള എംപിയാണ്. അതേസമയം, പാര്‍ട്ടിക്കകത്ത് പോര് രൂക്ഷമാവുകയും കൂടുതല്‍ നേതാക്കള്‍ പരസ്യമായി നേതൃത്വത്തിനെതിരേ രംഗത്തെത്തുകയും ചെയ്തതോടെ അമിത്ഷാ, മോദി അച്ചുതണ്ടിനെ പിന്തുണച്ച് പാര്‍ട്ടി നേതാക്കള്‍ വീണ്ടും രംഗത്തെത്തി. മുതിര്‍ന്ന നേതാക്കള്‍ പരസ്യമായി വിമര്‍ശിച്ചത് പ്രധാനമന്ത്രി മോദിയെ അല്ലെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു. പ്രധാനമന്ത്രിയെയല്ല, പാര്‍ട്ടി സ്വീകരിച്ച തിരഞ്ഞെടുപ്പ് തന്ത്രങ്ങളെയാണു നേതാക്കള്‍ വിമര്‍ശിച്ചതെന്നായിരുന്നു നായിഡുവിന്റെ ന്യായീകരണം. എന്നാല്‍, വിമര്‍ശനം ഉന്നയിക്കേണ്ടിയിരുന്നത് പാര്‍ട്ടി വേദികളിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, പാര്‍ട്ടിക്കകത്ത് പോര് രൂക്ഷമായതോടെ, പരസ്യപ്രസ്താവന നടത്തിയ മുതിര്‍ന്ന നേതാക്കള്‍ക്കെതിരേ നടപടി വേണമെന്ന തന്റെ കഴിഞ്ഞദിവസത്തെ നിലപാടില്‍ നിന്നു കേന്ദ്രമന്ത്രി നിഥിന്‍ ഗഡ്കരി പിന്‍മാറി. മുരളി മനോഹര്‍ ജോഷിയും എല്‍ കെ അഡ്വാനിയും പാര്‍ട്ടിയുടെ ബഹുമാന്യരായ നേതാക്കളാണെന്നായിരുന്നു ഗഡ്കരിയുടെ ഇന്നലത്തെ പ്രതികരണം. അതിനിടെ, പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷായ്ക്കും പ്രധാനമന്ത്രി മോദിക്കുമെതിരേ പരസ്യമായി രംഗത്തെത്തിയ മുതിര്‍ന്ന നേതാക്കളെ അനുനയിപ്പിക്കാനായി കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ശ്രമം ആരംഭിച്ചു. വിമതപക്ഷത്തെ ഏറ്റവും മുതിര്‍ന്ന നേതാവായ മുരളി മനോഹര്‍ ജോഷിയുമായി ജെയ്റ്റ്‌ലി ഇന്നലെ അദ്ദേഹത്തിന്റെ വസതിയില്‍ എത്തി കൂടിക്കാഴ്ച നടത്തി.
Next Story

RELATED STORIES

Share it