Middlepiece

ബിഹാര്‍ ജനത നല്‍കുന്ന സന്ദേശം

സിദ്ദീഖ് കാപ്പന്‍

തും ബിഹാറി ഹെ ക്യാ (നിങ്ങള്‍ ബിഹാറിയാണല്ലേ). ഈ പ്രയോഗം ഡല്‍ഹിയില്‍ പലപ്പോഴും പരിഹാസരൂപത്തിലാണ് ഉപയോഗിക്കാറ്. വിഡ്ഢിത്തങ്ങളും അമളികളും പറ്റിയവരെ കളിയാക്കി ഉപയോഗിക്കാനാണ് ബിഹാറി എന്ന വാക്ക് ഉപയോഗിക്കുന്നത്. അക്കാരണം കൊണ്ടു തന്നെ, അപകര്‍ഷതാബോധംകൊണ്ടാണെന്നു തോന്നുന്നു, പലപ്പോഴും പല ബിഹാറികളും താന്‍ ബിഹാറിയാണെന്ന കാര്യം വെളിപ്പെടുത്താന്‍ ഇഷ്ടപ്പെടാറില്ല. ഇത്തരത്തില്‍ സ്ഥലപ്പേര് ഉപയോഗിച്ച് അപഹസിക്കുന്നത് കേട്ടിട്ടുള്ളത് സൗദി അറേബ്യയിലാണ്; കുറഞ്ഞ കൂലിക്ക് ജോലിചെയ്യുന്ന ബംഗ്ലാദേശികളുടെ പേരില്‍. സൗദിയില്‍ 'ബംഗാളി' ഒരു പരിഹാസവാക്കാണ്. അറബികള്‍ അവരുടെ രാജ്യത്ത് ജോലിചെയ്യുന്ന ഇന്ത്യക്കാരെയും ബംഗ്ലാദേശുകാരെയും മൊത്തത്തില്‍ തെറിവിളിക്കാന്‍ ഉപയോഗിക്കുന്ന ഏറ്റവും 'മാന്യമായ' ചീത്തവാക്കാണ് 'അന്‍ത ബംഗാളി' (നീ ബംഗാളിയാണോ) എന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കത്തില്‍ ബിഹാറികളുടെ ഡിഎന്‍എ പരിശോധനയെക്കുറിച്ചുള്ള നരേന്ദ്രമോദിയുടെ പരാമര്‍ശവും കൂടി കൂട്ടിവായിച്ചാല്‍ വംശീയ, പ്രാദേശിക അധിക്ഷേപങ്ങളുടെ ആഴം വ്യക്തമാവും.
കഴിഞ്ഞ ദിവസം പുറത്തുവന്ന ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഫലമാണ് ഇപ്പോള്‍ ഇക്കാര്യങ്ങള്‍ പരാമര്‍ശിക്കാന്‍ കാരണം. തങ്ങള്‍ നേരിട്ട എല്ലാ പരിഹാസങ്ങള്‍ക്കും കൂടി ബിഹാറികള്‍ ഒരിക്കല്‍ക്കൂടി ചരിത്രമെഴുതി മറുപടി നല്‍കിയിരിക്കുന്നു. രാഷ്ട്രീയ പ്രബുദ്ധത അവകാശപ്പെടുന്ന കേരളം പോലും കാണിച്ചിട്ടില്ലാത്ത തന്റേടമാണ് ബിഹാര്‍ ഈ തിരഞ്ഞെടുപ്പില്‍ പുറത്തെടുത്തത്. ഇന്ദിരാഗാന്ധിയുടെ കിരാതമായ അടിയന്തരാവസ്ഥയുടെ കാലത്തു നടന്ന തിരഞ്ഞെടുപ്പില്‍ വരെ കേരളം കോണ്‍ഗ്രസ്സിനെ ജയിപ്പിച്ചു. എന്നാല്‍,
കേന്ദ്രഭരണത്തിന്റെ എല്ലാവിധ സംവിധാനങ്ങളും ഉപയോഗിച്ച് പ്രധാനമന്ത്രി തന്നെ നേരിട്ട് പ്രചാരണം നടത്തിയിട്ടും ബിഹാര്‍ ജനത വര്‍ഗീയതയുടെ മുഖത്ത് പ്രഹരമേല്‍പ്പിച്ചിരിക്കുന്നു. എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ വരെ തെറ്റിച്ചാണ് ബിജെപിക്കും സഖ്യകക്ഷികള്‍ക്കും ബിഹാര്‍ ജനത മറുപടി നല്‍കിയത്. ഈ ജനതയെയാണ് നാം 'ബിഹാറികള്‍' എന്ന് അപഹസിക്കുന്നത്. 1974ല്‍ വിപ്ലവാഹ്വാനവുമായി പട്‌ന സര്‍വകലാശാലയിലെ വിദ്യാര്‍ഥികളെ സംഘടിപ്പിച്ച പ്രമുഖ സോഷ്യലിസ്റ്റ് നേതാവ് ജയപ്രകാശ് നാരായണന്റെ പിന്മുറക്കാര്‍ ജനങ്ങളോട് ഉത്തരവാദിത്തമില്ലാത്ത ഒരു അധികാരകേന്ദ്രത്തെയും വച്ചുപൊറുപ്പിക്കില്ലെന്നതാണ് ബിഹാര്‍ തിരഞ്ഞെടുപ്പ് ഫലത്തിലൂടെ ബിഹാറികള്‍ രാജ്യത്തെ ഓര്‍മിപ്പിച്ചിരിക്കുന്നത്.
പ്രബുദ്ധരായ ബിഹാറി വോട്ടര്‍മാര്‍ അസംബ്ലി തിരഞ്ഞെടുപ്പില്‍ ദേശീയ വിഷയങ്ങള്‍ വരെ പരിഗണിച്ചാണ് തങ്ങളുടെ വോട്ടവകാശം വിനിയോഗിച്ചതെന്നാണ് അവരുടെ പ്രതികരണങ്ങളില്‍നിന്നു മനസ്സിലാക്കാനാവുക. കൊലയാളികള്‍ക്കു പകരം ഞങ്ങള്‍ കൊള്ളക്കാരെ തിരഞ്ഞെടുത്തു, ജീവനുണ്ടെങ്കില്‍ പണമുണ്ടാക്കാമല്ലോ എന്നായിരുന്നു തിരഞ്ഞെടുപ്പ് ഫലം വന്നയുടനെ ഒരു ബിഹാറി സുഹൃത്തിന്റെ പ്രതികരണം.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 40ല്‍ വെറും രണ്ട് സീറ്റ് മാത്രമാണ് നിതീഷ്‌കുമാറിന്റെ ജെഡിയുവിനു ലഭിച്ചിരുന്നത്. ബിജെപിയുടെ 22 സീറ്റടക്കം എന്‍ഡിഎ സഖ്യം ആകെ നേടിയത് 31 സീറ്റായിരുന്നു. ഇത് ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കുറച്ചൊന്നുമല്ല ആത്മവിശ്വാസം നല്‍കിയിരുന്നത്. എന്നാല്‍, അതിനുശേഷം ഇപ്പോള്‍ തികച്ചും വ്യത്യസ്തമായ ഒരു വിധിയെഴുത്താണ് ബിഹാര്‍ നടത്തിയിരിക്കുന്നത്. ജയപ്രകാശ് നാരായണ്‍ അടക്കമുള്ള മുന്‍കാല ദേശീയ നേതാക്കളെ വരെ സ്വന്തമാക്കിയാണ് പ്രധാനമന്ത്രി മോദി ബിഹാറില്‍ പ്രചാരണം ആരംഭിച്ചത്. അഞ്ചു ഘട്ടമായി നടന്ന തിരഞ്ഞെടുപ്പില്‍ ആദ്യ രണ്ടു ഘട്ടത്തിലും വികസനം പ്രചാരണായുധമാക്കിയ ബിജെപി, മൂന്നാംഘട്ടത്തിലേക്കു കടന്നതോടെ തങ്ങളുടെ യഥാര്‍ഥ മുഖമായ വര്‍ഗീയാജണ്ട കാണിച്ചുതുടങ്ങി. മോദിയുടെ തിരഞ്ഞെടുപ്പ് റാലികളിലെ പ്രസംഗങ്ങളില്‍ മുഴുവന്‍ പിന്നാക്ക, ദലിത്, മുസ്‌ലിം വിഭാഗങ്ങളെ തമ്മിലടിപ്പിക്കാനുള്ള ശ്രമങ്ങളായിരുന്നു. പിന്നാക്കസമുദായങ്ങളുടെ സംവരണത്തില്‍നിന്ന് അഞ്ചു ശതമാനം വകമാറ്റി മുസ്‌ലിംകള്‍ക്ക് നല്‍കാനാണ് നിതീഷിന്റെ ശ്രമമെന്നായിരുന്നു പ്രധാനമന്ത്രി മോദിയുടെ പ്രസ്താവന.
കൂടാതെ, ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് സംവരണത്തിനെതിരായി പരസ്യമായി രംഗത്തുവന്നതും ഹരിയാനയില്‍ ദലിത് കുടുംബം ആക്രമിക്കപ്പെടുകയും രണ്ട് പിഞ്ചുകുഞ്ഞുങ്ങള്‍ കൊല്ലപ്പെടുകയും ചെയ്തതും ബിഹാര്‍ തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചു. അവസാനഘട്ടമായതോടെ, വര്‍ഗീയത മുഖ്യ പ്രചാരണായുധമായി. ബിഹാറില്‍ ബിജെപി തോറ്റാല്‍ പാകിസ്താനില്‍ പടക്കംപൊട്ടുമെന്ന പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷായുടെ പ്രസംഗവും ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ കേന്ദ്ര സര്‍ക്കാരിനെതിരേ നടത്തിയ പരാമര്‍ശവും അതിനോട് ബിജെപി നേതാക്കള്‍ പ്രതികരിച്ച രീതിയുമെല്ലാം ബിജെപിക്ക് കെണിയാവുകയായിരുന്നു.
മഹാസഖ്യത്തിന്റെ വന്‍ വിജയത്തിനു പിറകിലുള്ള മറ്റൊരു പ്രധാന കാരണം ബിജെപിക്കെതിരായ മുസ്‌ലിം വോട്ടുകളുടെ ഏകീകരണമാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിഘടിച്ചുപോയ മുസ്‌ലിം വോട്ടുകള്‍ ദാദ്രി കൊലപാതകം, മാട്ടിറച്ചി നിരോധനം, കേന്ദ്രമന്ത്രിമാരടക്കമുള്ള ബിജെപി നേതാക്കളുടെ വര്‍ഗീയ പ്രസ്താവനകള്‍ തുടങ്ങിയ വിഷയങ്ങള്‍ കാരണമായി ഒരിക്കല്‍ക്കൂടി ബിജെപിക്ക് എതിരായി. വോട്ടുകള്‍ ഭിന്നിച്ചുപോവാതിരിക്കാനും അതിലൂടെ ബിജെപിയെ അധികാരത്തില്‍നിന്ന് അകറ്റിനിര്‍ത്താനും ബിഹാര്‍ മുസ്‌ലിംകള്‍ മഹാസഖ്യത്തെ തിരഞ്ഞെടുത്തു. ദേശീയതലത്തില്‍ ന്യൂനപക്ഷങ്ങള്‍ ഭയാശങ്കയിലായ സാഹചര്യത്തില്‍ സംസ്ഥാന ജനസംഖ്യയുടെ അഞ്ചിലൊന്ന് വരുന്ന മുസ്‌ലിം വോട്ടുകള്‍ മഹാസഖ്യത്തിന്റെ പെട്ടിയില്‍ വീണു. കേന്ദ്രസര്‍ക്കാരിന്റെ ഭൂമിയേറ്റെടുക്കല്‍ ബില്ല്, വിലക്കയറ്റം എന്നിവയും കര്‍ഷകരായ ബിഹാറി ജനതയില്‍ അസംതൃപ്തിക്ക് ഇടയാക്കി.
Next Story

RELATED STORIES

Share it