ബിസിസിഐ: ലോധ കമ്മീഷന്‍ റിപോര്‍ട്ട് സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഔദ്യോഗിക ക്രിക്കറ്റ് ഭരണ സ്ഥാപനമായ ബിസിസിഐയില്‍ അടിമുടി പരിഷ്‌കാരങ്ങള്‍ ശുപാര്‍ശ ചെയ്യുന്ന ജസ്റ്റിസ് ലോധ കമ്മീഷന്‍ റിപോര്‍ട്ട് സുപ്രിംകോടതിയില്‍ സമര്‍പ്പിച്ചു. മന്ത്രിമാരെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും ബിസിസിഐയുടെ നേതൃസ്ഥാനങ്ങളിലേക്കു തിരഞ്ഞെടുക്കരുത് എന്നതാണ് പ്രധാന നിര്‍ദേശം. വാതുവയ്പ് നിയമാനുസൃതമാക്കണമെന്ന നിര്‍ദേശവും ജസ്റ്റിസ് ലോധ കമ്മീഷന്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഐ പിഎല്‍ മുന്‍ ചീഫ് ഓപറേറ്റിങ് ഓഫീസര്‍ സുന്ദര്‍ രാമന് വാതുവെപ്പ് കേസില്‍ പങ്കില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ഭാരവാഹികളുടെ കാലാവധി മൂന്നുവര്‍ഷമായിരിക്കണം. 70 വയസ്സില്‍ കൂടുതല്‍ പ്രായമുള്ളവരെ നിയമിക്കരുത്. സാമ്പത്തികമായി തകര്‍ന്നവരെ നിയമിക്കരുത്. മൂന്നിലധികം തവണ ഭാരവാഹിത്വം വഹിക്കാന്‍ പാടില്ല. രണ്ടു തവണ തുടര്‍ച്ചയായി ഭാരവാഹി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കാന്‍ അനുവദിക്കരുത്. ബിസിസിഐയെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്നും 159 പേജുള്ള റിപോര്‍ട്ടില്‍ പറയുന്നു.
റിപോര്‍ട്ട് തയ്യാറാക്കാനായി ബോര്‍ഡ് അംഗങ്ങള്‍, ക്രിക്കറ്റ് താരങ്ങള്‍, മറ്റു ഷെയര്‍ ഉടമകള്‍ എന്നിവരുമൊത്ത് മൊത്തം 38 യോഗങ്ങള്‍ ചേര്‍ന്നെന്ന് ജസ്റ്റിസ് ലോധ ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
ഒരു സംസ്ഥാനത്തു നിന്ന് ഒരു ക്രിക്കറ്റ് സമിതിയാക്കി ചുരുക്കി വോട്ടവകാശം നല്‍കുക, ബിസിസിഐ ഭാരവാഹിത്വം വ്യക്തിക്കു പകരം സംസ്ഥാനത്തിനു നല്‍കുക, സിഇഒ തസ്തിക സൃഷ്ടിച്ച് 9 അംഗ ഉന്നതസമിതി രൂപീകരിച്ചു കൊണ്ടുള്ള ഭരണ സംവിധാനം നടപ്പാക്കുക, ഇതിലെ 5 അംഗങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടവരായിരിക്കണം, രണ്ടു പേര്‍ കളിക്കാരുടെ അസോസിയേഷന്‍ പ്രതിനിധികളും ഒരാള്‍ വനിതയുമായിരിക്കണം എന്നും റിപോര്‍ട്ടിലുണ്ട്.
കളിക്കാരുടെ അസോസിയേഷന്‍ രൂപീകരിക്കണം. സിഇഒയെ സഹായിക്കാന്‍ ആറംഗ മാനേജര്‍മാരെ നിയമിക്കണം. മാനേജര്‍മാരെ സുപ്രീം കൗണ്‍സില്‍ ആയി കണക്കാക്കി സാമ്പത്തിക കാര്യങ്ങളുടെ ചുമതല നല്‍കണം. ഇന്ത്യന്‍ പ്രിമീയര്‍ ലീഗിനെ (ഐപിഎല്‍) പ്രത്യേക ഭരണസമിതിക്കു കീഴിലാക്കണം എന്നും റിപോര്‍ട്ട് ആവശ്യപ്പെടുന്നു. ജസ്റ്റിസ് ആര്‍ എം ലോധയ്ക്കു പുറമെ ജസ്റ്റിസുമാരായ അശോക് ഭന്‍, ആര്‍ വി രവീന്ദ്രന്‍ എന്നിവരാണ് കമ്മീഷനിലെ മറ്റ് അംഗങ്ങള്‍.
Next Story

RELATED STORIES

Share it