ബിഷപ് ജേക്കബിന്റെ വൃക്ക സൂരജില്‍ പ്രവര്‍ത്തിച്ചുതുടങ്ങി

കൊച്ചി: പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബിന്റെ സ്‌നേഹം വൃക്കയുടെ രൂപത്തില്‍ സൂരജിന്റെ ശരീരത്തില്‍ പ്രവര്‍ത്തിച്ചുതുടങ്ങി. ഇന്നലെ എറണാകുളം വിപിഎസ് ലേക്‌ഷോര്‍ ആശുപത്രിയില്‍ നടന്ന അവയവ മാറ്റത്തിലൂടെയാണ് ഈ 'കാരുണ്യവര്‍ഷ'ത്തില്‍ ബിഷപ് ജേക്കബ് മുരിക്കന്‍ കാരുണ്യത്തിന്റെ പ്രതീകമായത്. കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയില്‍ ജീവനക്കാരനായ സൂരജ് എന്ന 31 വയസ്സുകാരന് ഒന്നര വര്‍ഷം മുമ്പാണ് കടുത്ത കിഡ്‌നി രോഗമുണ്ടെന്നു കണ്ടെത്തിയത്. സൂരജിന്റെ തുച്ഛവരുമാനം കൊണ്ടാണ് കുടുംബം കഴിഞ്ഞുപോന്നത്. ശസ്ത്രക്രിയ നടത്താനുള്ള പണം സ്വരൂപിക്കാനായി സ്വന്തം വീടുപോലും സൂരജിന് വില്‍ക്കേണ്ടിവന്നു.
ഭാര്യ ബേബി രശ്മിയും മാതാവ് പാര്‍വതിയുമൊത്തു കഴിയുമ്പോഴാണ് സൂരജിന് കിഡ്‌നി രോഗമുണ്ടെന്നു കണ്ടെത്തിയത്. തുടര്‍ന്ന് കിഡ്‌നി മാറ്റിവയ്ക്കാനായി കിഡ്‌നി ഫെഡറേഷനില്‍ രജിസ്റ്റര്‍ ചെയ്ത് കാത്തിരിപ്പ് ആരംഭിച്ചു. സൂരജിന്റെ കഥ കേട്ട പാല സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ രണ്ടാമതൊന്ന് ആലോചിക്കാതെ തന്റെ കിഡ്‌നിയിലൊന്നു ദാനംചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.
ലേക്‌ഷോര്‍ ആശുപത്രിയിലെ യൂറോളജിസ്റ്റുമാരായ ഡോ. ജോര്‍ജ് പി ഏബ്രഹാം, ഡോ. ഡാറ്റ്‌സണ്‍ ജോര്‍ജ് പി, നെഫ്രോളജിസ്റ്റുമാരായ ഡോ. എബി ഏബ്രഹാം, ഡോ. ജിതിന്‍ എസ് കുമാര്‍, ചീഫ് ഓഫ് സ്റ്റാഫും അത്യാഹിതചികില്‍സാ വിഭാഗം മേധാവിയുമായ ഡോ. മോഹന്‍ മാത്യു, ഡോ. മത്തായി സാമുവല്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം അവയവമാറ്റ ശസ്ത്രക്രിയക്കും ചികില്‍സകള്‍ക്കും നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it