ബിവറേജസ് കോര്‍പറേഷന്‍ ഒഴിവുകള്‍ പിഎസ്‌സി റിപോര്‍ട്ട് ചെയ്യുന്നില്ല

തിരുവനന്തപുരം: സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടും ബിവറേജസ് കോര്‍പറേഷനിലെ ഒഴിവുകള്‍ പിഎസ്‌സിക്ക് റിപോര്‍ട്ട് ചെയ്യുന്നില്ലെന്നു പരാതി. കാലാകാലങ്ങളില്‍ ഒഴിവുവരുന്ന തസ്തികകള്‍ പിഎസ്‌സിക്ക് റിപോര്‍ട്ട് ചെയ്യാതെ പിന്‍വാതില്‍ നിയമനം നടത്തുകയാണെന്ന ഉദ്യോഗാര്‍ഥികളുടെ പരാതി പരിഗണിച്ചാണ് നിര്‍ദേശം നല്‍കിയത്.
കാലാകാലങ്ങളിലുണ്ടാവുന്ന ഒഴിവുകള്‍ യഥാസമയം പിഎസ്‌സിക്ക് റിപോര്‍ട്ട് ചെയ്യണമെന്ന് വിവിധ വകുപ്പുതലവന്‍മാര്‍ക്ക് മുഖ്യമന്ത്രി കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. സര്‍ക്കാരിന്റെ ഉത്തരവ് ലംഘിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ചിരുന്നു.
പ്രതീക്ഷിത ഒഴിവുകള്‍ ഉള്‍പ്പെടെ പിഎസ്‌സിക്ക് റിപോര്‍ട്ട് ചെയ്യാനായിരുന്നു സര്‍ക്കുലറിലൂടെ നല്‍കിയിരുന്ന നിര്‍ദേശം. എന്നാല്‍, ഇതൊക്കെ കാറ്റില്‍പ്പറത്തിയാണ് ബിവറേജസ് കോര്‍പറേഷനില്‍ പിന്‍വാതില്‍ നിയമനം തകൃതിയായി നടക്കുന്നത്. പ്രമോഷന്‍ ടെസ്റ്റുകള്‍ പാസാവാത്തവര്‍ക്കു സ്ഥാനക്കയറ്റം നല്‍കുന്നതായും വ്യാപകമായ ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
പിഎസ്‌സി വഴി നിയമനം ലഭിക്കുന്ന ഉദ്യോഗാര്‍ഥികളില്‍ പ്രമോഷന്‍ ടെസ്റ്റുകള്‍ പാസായവര്‍ക്കു മാത്രമേ ഉദ്യോഗക്കയറ്റം നല്‍കാവൂ എന്ന വ്യവസ്ഥയാണ് ബിവറേജസ് കോര്‍പറേഷന്‍ അട്ടിമറിക്കുന്നത്. 2012ല്‍ പിഎസ്‌സി വഴി അസിസ്റ്റന്റ് ഗ്രേഡ്-2 തസ്തികയില്‍ നിയമനം ലഭിച്ചവരില്‍ നല്ലൊരു പങ്ക് ഉദ്യോഗസ്ഥര്‍ക്ക് 2013ല്‍ അസിസ്റ്റന്റ് ഗ്രേഡ്-1ലേക്ക് പ്രമോഷന്‍ ലഭിച്ചു. ഇതേ തസ്തികയില്‍ സേവനമനുഷ്ഠിച്ചിരുന്നവരെ 2014-15 വര്‍ഷങ്ങളില്‍ അസിസ്റ്റന്റ് മാനേജര്‍മാരായും സ്ഥാനക്കയറ്റം നല്‍കിയെന്നാണു പരാതി. കൂടാതെ മാനദണ്ഡം ലംഘിച്ചുള്ള സ്ഥലംമാറ്റവും കോര്‍പറേഷനില്‍ നടക്കുന്നുണ്ട്. കരാര്‍വ്യവസ്ഥയില്‍ ഉദ്യോഗത്തില്‍ കയറിയവരെ സംരക്ഷിക്കാനാണ് കോര്‍പറേഷന്റെ നടപടികളെന്ന് ജീവനക്കാരില്‍ ചിലര്‍ തന്നെ ആക്ഷേപമുന്നയിക്കുന്നു.
Next Story

RELATED STORIES

Share it