ബിയര്‍ പാര്‍ലറിലെ വിദേശമദ്യ വില്‍പന പിടികൂടി; തിരുവല്ലത്തെ ബാര്‍ അടച്ച് പൂട്ടാന്‍ നിര്‍ദേശം

തിരുവനന്തപുരം: എക്‌സൈസ് കമ്മീഷണറായി ചുമതലയേറ്റെടുത്ത ശേഷം ഋഷിരാജ് സിങ് അനധികൃത മദ്യവില്‍പനയ്‌ക്കെതിരേ നടപടി തുടങ്ങി. അനധികൃതമായി വിദേശമദ്യവില്‍പന നടത്തിയ ബിയര്‍ പാര്‍ലറിനെതിരേയാണ് ഋഷിരാജ് സിങിന്റെ ആദ്യനടപടി. തിരുവനന്തപുരം തിരുവല്ലത്തെ അര്‍ച്ചന ബിയര്‍പാര്‍ലറിലാണ് അനധികൃത മദ്യവില്‍പന നടന്നത്. ബാര്‍ സീല്‍ ചെയ്യാന്‍ കമ്മീഷണര്‍ നിര്‍ദേശം നല്‍കി.
ബിയര്‍ വില്‍ക്കാന്‍ അനുമതിയുള്ള ബാറില്‍ വിദേശമദ്യം വില്‍ക്കുന്നുവെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഋഷിരാജ് സിങ് നേരിട്ടെത്തിയാണ് ഇവിടെ പരിശോധന നടത്തിയത്. ബാറിലെ മുറികളില്‍ മദ്യം വിതരണം ചെയ്യുന്നത് പിടികൂടി. അവധി ദിവസമായതിനാല്‍ മദ്യവില്‍പന മികച്ച രീതിയില്‍ നടക്കുകയായിരുന്നു. ഉദ്യോഗസ്ഥരെപ്പോലും അറിയിക്കാതെയാണ് കമ്മീഷണറുടെ മിന്നല്‍ പരിശോധന എന്നതും ശ്രദ്ധേയമാണ്.
ബാറിന്റ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് എക്‌സൈസ് കമ്മീഷണര്‍ പറഞ്ഞു. തുടര്‍ന്ന് പഴക്കം ചെന്ന കള്ള് വില്‍ക്കുന്നുവെന്ന പരാതി ഉയര്‍ന്ന കാട്ടാക്കടയിലെ കള്ളു ഷാപ്പിലും പരിശോധന നടത്തി. ഇവിടെ നിന്ന് 48 മണിക്കൂര്‍ പഴക്കമുള്ള 30 ലിറ്റര്‍ കള്ളും പിടികൂടി. കള്ളിന്റെ സാമ്പിള്‍ ഉള്‍പ്പെടെ ശേഖരിച്ചിട്ടുണ്ട്. കള്ള് ഷാപ്പ് അടച്ചുപൂട്ടാനും കമ്മീഷണര്‍ നിര്‍ദേശം നല്‍കി.
ഓരോ സ്ഥലത്തും പരിശോധനയ്ക്കായി എത്തിയ ശേഷമാണ് ഋഷിരാജ് സിങ് എക്‌സൈസ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തിയത്.
സംസ്ഥാന വ്യാപകമായി ബാറുകളിലും കള്ളുഷാപ്പുകളിലും മിന്നല്‍ പരിശോധന നടത്താന്‍ കമ്മീഷണര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്പിരിറ്റ് കടത്തിനെതിരേയും വാറ്റ് ചാരായത്തിനെതിരേയും കര്‍ശന നടപടിയുണ്ടാവുമെന്നു എക്‌സൈസ് കമ്മീഷണറായി ചുമതലയേറ്റയുടന്‍ ഋഷിരാജ് സിങ് പറഞ്ഞിരുന്നു.
Next Story

RELATED STORIES

Share it