ബിപിസിഎല്‍ സമരം ഒത്തു തീര്‍പ്പായി

തൃപ്പൂണിത്തുറ: പത്തു ദിവസം പിന്നിട്ട ഇരുമ്പനം ഭാരത് പെട്രോളിയം കോര്‍പറേഷനി(ബിപിസിഎല്‍)ലെ ടാങ്കര്‍ ലോറി ഉടമകളും തൊഴിലാളികളും നടത്തി വന്ന ബഹിഷ്‌കരണ സമരം ഒത്തുതീര്‍ന്നു. ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയെതുടര്‍ന്ന് നേരത്തെ ഒരു സബ്കമ്മിറ്റി രൂപീകരിച്ചിരുന്നു. കമ്പനി മാനേജ്‌മെന്റ്, ലോറി ഉടമകള്‍, തൊഴിലാളി യൂനിയനുകള്‍, ഡീലേഴ്‌സ് അസോസിയേഷന്‍ തുടങ്ങിയവരുമായി സബ് കമ്മിറ്റി നടത്തിയ ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍ന്നത്.
കോണ്‍ട്രാക്ട് ലോറി ഉടമകളും തൊഴിലാളികളും ആവശ്യപ്പെട്ട പ്രകാരം ഡീലര്‍മാരുടെ ലോറികള്‍ക്കും കമ്പനിയില്‍ ഇനി മുതല്‍ പൊതു ക്യൂ ഏര്‍പ്പെടുത്തുമെന്ന് ചര്‍ച്ചയില്‍ ധാരണയായി. ഡീലര്‍മാരുടെ പമ്പുകളിലേക്ക് എടുക്കുന്ന ലോഡുകള്‍ക്കു ശേഷം എടുക്കുന്ന ലോഡുകള്‍ക്കാണ് പൊതു ക്യൂ സിസ്റ്റം വരുന്നത്. സമീപത്തെ പമ്പുകളിലേക്ക് ലോഡ് എടുക്കാനുള്ള അനുവാദത്തിന്റെ പേരില്‍ മുമ്പ് ഡീലര്‍മാരുടെ വാഹനങ്ങള്‍ക്ക് ക്യൂവിനെ ആശ്രയിക്കേണ്ട ആവശ്യമില്ലായിരുന്നു. ഇങ്ങനെ ഡീലര്‍മാരുടെ ലോറികള്‍ ദിവസേന നാലും അഞ്ചും ലോഡുകള്‍ എടുക്കുന്നതിനാല്‍ കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ ബിപിസിഎല്ലില്‍ നിന്ന് ലോഡ് എടുക്കുന്ന ടാങ്കറുകള്‍ക്ക് ലോഡുകള്‍ കിട്ടാത്ത സ്ഥിതിയായിരുന്നു. ഇതോടെ ഈ വാഹനങ്ങളിലെ തൊഴിലാളികള്‍ക്കും തൊഴിലും വരുമാനവും കുറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ഡിസംബര്‍ 12 മുതല്‍ ലോറി ഉടമകളും തൊഴിലാളികളും ബഹിഷ്‌കരണസമരം ആരംഭിച്ചത്. സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് ഇരുമ്പനം അമ്പലമേട് മേഖലയിലെ എല്ലാ ഓയില്‍ കമ്പനികളിലും ഇന്നലെ സൂചനാ പണിമുടക്ക് നടന്നിരുന്നു.
Next Story

RELATED STORIES

Share it