ബിന്‍ലാദിന്റെ ഒളിവ് ജീവിതം പാക് നേതൃത്വം അറിഞ്ഞിരുന്നു: മുന്‍ മന്ത്രി

ഇസ്‌ലാമാബാദ്: അല്‍ഖാഇദ തലവന്‍ ഉസാമാ ബിന്‍ ലാദിന്‍ പാകിസ്താനില്‍ ഒളിവില്‍ കഴിയുന്നത് രാജ്യത്തെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും ഭരണ നേതൃത്വത്തിനും സൈനിക മേധാവിമാര്‍ക്കും അറിയാമായിരുന്നെന്നു പാക് മുന്‍ പ്രതിരോധമന്ത്രി ചൗധരി അഹ്മദ് മുഖ്താര്‍. 2011ല്‍ യുഎസ് നേവി നടത്തിയ അതീവ രഹസ്യ ഓപറേഷനില്‍ ലാദിന്‍ കൊല്ലപ്പെടുമ്പോള്‍ പാകിസ്താന്റെ പ്രതിരോധമന്ത്രിയായിരുന്നു ഇദ്ദേഹം.പാക് മുന്‍ പ്രസിഡന്റ് ആസിഫലി സര്‍ദാരി, മുന്‍ സൈനിക മേധാവി അഷ്ഫാഖ് പര്‍വേസ് കയാനി എന്നിവര്‍ക്ക് ലാദിന്‍ പാകിസ്താനിലുള്ള കാര്യം അറിയാമായിരുന്നുവെന്നും പ്രമുഖ ചാനലായ സിഎന്‍എന്‍ഐബിഎന്നിന് നല്‍കിയ അഭിമുഖത്തില്‍ മുഖ്താര്‍ വ്യക്തമാക്കി.

ഉസാമയെപ്പോലുള്ള ആള്‍ ആബട്ടാബാദില്‍ താമസിക്കുന്ന കാര്യം ചില വ്യക്തികള്‍ക്കും സൈനികര്‍ക്കും അറിയാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉസാമ പാകിസ്താനിലുള്ള കാര്യം തങ്ങള്‍ക്കറിയില്ലെന്ന പാക് വാദത്തിന് വിരുദ്ധമാണ് മുന്‍ പ്രതിരോധമന്ത്രിയുടെ വെളിപ്പെടുത്തല്‍. യുഎസ് നേവി സീല്‍ പ്രത്യേക ഓപറേഷനിലൂടെ ഉസാമയെ വകവരുത്തിയതിനു ശേഷമാണ് ഉസാമ പാകിസ്താനിലുണ്ടായിരുന്ന കാര്യം തങ്ങളറിഞ്ഞതെന്നാണ് പാകിസ്താന്‍ അവകാശപ്പെടുന്നത്.ആബട്ടാബാദിലെ ഉസാമയുടെ സങ്കേതത്തെക്കുറിച്ച് യുഎസ് സേനയ്ക്ക് വിവരം നല്‍കിയത് പാകിസ്താനി ഏജന്റാണെന്നു അടുത്തിടെ പത്രപ്രവര്‍ത്തകനായ സെയ്മര്‍ ഹെര്‍ഷ് അവകാശപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് പാക് മുന്‍ മന്ത്രിയുടെ വെളിപ്പെടുത്തല്‍. 2011 മെയ് രണ്ടിനാണ് ആബട്ടാബാദിലെ വസതിയില്‍ ഉസാമയെ വകവരുത്തിയത്.എന്നാല്‍, ആരോപണം പാക് ഭരണകൂടം നിഷേധിച്ചു.
Next Story

RELATED STORIES

Share it