ബിഡിജെസ് എന്‍ഡിഎ ഘടകകക്ഷി

തിരുവനന്തപുരം: ബിജെപി, ബിഡിജെഎസ് സ്ഥാനാര്‍ഥികളെ 10 ദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കും. എസ്എന്‍ഡിപിയുടെ രാഷ്ട്രീയപ്പാര്‍ട്ടിയായ ബിഡിജെഎസ് എന്‍ഡിഎയുടെ ഘടകകക്ഷിയായിട്ടായിരിക്കും പ്രവര്‍ത്തിക്കുക. നയപരമായ കാര്യങ്ങളില്‍ ഇരുപാര്‍ട്ടികളും യോജിപ്പിലെത്തിയതായും സീറ്റ് സംബന്ധിച്ച ധാരണ ഉടന്‍ പൂര്‍ത്തിയാക്കുമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയും സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കൂടുതല്‍ കക്ഷികള്‍ എന്‍ഡിഎയുടെ ഭാഗമാവും. തിരഞ്ഞെടുപ്പ് പ്രകടനപത്രികയും നയരേഖയും ഉടന്‍ പുറത്തുവിടും. ബിജെപി സംസ്ഥാന നേതൃത്വത്തെ അറിയിക്കാതെയല്ല ബിഡിജെഎസ് നേതാക്കള്‍ കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച നടത്തിയത്. രണ്ടുതവണ സംസ്ഥാനത്ത് ചര്‍ച്ച നടത്തിയശേഷമാണ് കേന്ദ്ര നേതൃത്വവുമായി ബിഡിജെഎസ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയത്. അത്തരത്തിലുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. പി പി മുകുന്ദനെ ബിജെപിയിലേക്ക് മടക്കിക്കൊണ്ടുവരുന്നതിന് വേണ്ടിയുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ആദ്യഘട്ട ചര്‍ച്ച പൂര്‍ത്തിയായി. പി പി മുകുന്ദന്‍ മാത്രമല്ല, ബിജെപിയിലെ ഒരു നേതാക്കളും മല്‍സരിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് കുമ്മനം രാജശേഖരന്‍ അറിയിച്ചു.
ബിജെപി കേന്ദ്രനേതാക്കളുമായി ജോസ് കെ മാണി ചര്‍ച്ച നടത്തിയതായി അറിയില്ലെന്നും കേരളാ കോണ്‍ഗ്രസ്- എം നേതാക്കളുമായി ബിജെപി കേരള ഘടകം ഇതുവരെ ചര്‍ച്ച നടത്തിയിട്ടില്ല. ചലച്ചിത്രതാരം സുരേഷ് ഗോപി മല്‍സരസന്നദ്ധത അറിയിച്ചിട്ടില്ല. എങ്കിലും ഇത്തവണയും അദ്ദേഹം സ്റ്റാര്‍ ക്യാംപയ്‌നറായുണ്ടാവും. മല്‍സരരംഗത്തുണ്ടാവില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളിയും വ്യക്തമാക്കി. അലിഡഡ് മുസ്‌ലിം സര്‍വകലാശാലയുടെ ഓഫ് കാംപസ് സംബന്ധിച്ച് മുഖ്യമന്ത്രി തെറ്റിദ്ധാരണ പരത്തുകയാണെന്ന് വി മുരളീധരന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it