ബിഡിജെഎസ് വഴി ബിജെപിയുമായി ധാരണയുണ്ടാക്കാന്‍ സിപിഎം ശ്രമം: വി എം സുധീരന്‍

കാസര്‍കോട്: സംസ്ഥാനത്ത് ബിഡിജെഎസ് വഴി ബിജെപിയുമായി തിരഞ്ഞെടുപ്പ് ധാരണയുണ്ടാക്കാന്‍ സിപിഎം ശ്രമിക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ പറഞ്ഞു. പ്രസ്‌ക്ലബ്ബിന്റെ ജനസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആലപ്പുഴയിലെ കണിച്ചുകുളങ്ങര ദേവസ്വം തിരഞ്ഞെടുപ്പില്‍ വെള്ളാപ്പള്ളി നടേശന്റെ പാനലിനെതിരേ സിപിഎം പ്രാദേശിക ഘടകം മല്‍സരിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, സംസ്ഥാന നേതൃത്വം ഇടപെട്ട് ഈ നീക്കം തടയുകയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് വെള്ളാപ്പള്ളിക്കെതിരേ മല്‍സരിക്കേണ്ടെന്ന് സിപിഎം സംസ്ഥാന നേതൃത്വം നിര്‍ദേശം നല്‍കിയത്. ആലപ്പുഴ ജില്ലയില്‍ പല മണ്ഡലങ്ങളിലും സിപിഎമ്മും ബിഡിജെഎസും തമ്മില്‍ രഹസ്യധാരണയുണ്ടാക്കിയിട്ടുണ്ട്. ബിഡിജെഎസ് മുഖാന്തിരം സംസ്ഥാനത്ത് ബിജെപിയുമായി ധാരണയിലെത്താനാണ് സിപിഎം ശ്രമിക്കുന്നത്.
കോണ്‍ഗ്രസ്സിന്റെ മുഖ്യ എതിരാളി ബിജെപിയാണ്. വര്‍ഗീയത പരത്തി ഇവര്‍ ഇന്ത്യയെ ഭ്രാന്താലയമാക്കാനാണ് ശ്രമിക്കുന്നത്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിന്നും ബിജെപിയെ ഉന്മൂലനം ചെയ്യുകയാണ് കോണ്‍ഗ്രസ്സിന്റെ ലക്ഷ്യം. രാജ്യം മുഴുവന്‍ വേരുകളുള്ള കോണ്‍ഗ്രസ്സിനു മാത്രമേ ബിജെപിയെ ചെറുക്കാന്‍ സാധിക്കുകയുള്ളു. ഏതാനും തുരുത്തുകളില്‍ മാത്രമുള്ള സിപിഎമ്മിനോ അവര്‍ ഉള്‍ക്കൊള്ളുന്ന മൂന്നാം മുന്നണിക്കോ ദേശീയതലത്തില്‍ യാതൊരു പ്രസക്തിയുമില്ല. ആര്‍എസ്പി, ഫോര്‍വേഡ് ബ്ലോക്ക് തുടങ്ങിയ ഇടതുകക്ഷികള്‍ മൂന്നാംമുന്നണി അപ്രസക്തമാണെന്ന് മനസ്സിലാക്കി കോണ്‍ഗ്രസ്സിനൊപ്പമാണ് നില്‍ക്കുന്നത്.
ബിഹാര്‍ തിരഞ്ഞെടുപ്പില്‍ ഇടതുകക്ഷികള്‍ മതേതര സഖ്യത്തോടൊപ്പം നില്‍ക്കാത്തതിനാല്‍ ബിജെപിക്ക് പത്തു സീറ്റുകള്‍ അധികമായി ലഭിച്ചു. ബിഹാറില്‍ ബിജെപിയെ സഹായിച്ച നിലപാട് സ്വീകരിച്ച സിപിഎമ്മിന്റെ ബിജെപി വിരുദ്ധ നിലപാട് കാപട്യമാണ്. കേരളത്തില്‍ ബിജെപിയെ പോലെതന്നെ സിപിഎമ്മിനെയും കോ ണ്‍ഗ്രസ് എതിര്‍ക്കുന്നുണ്ട്. ബിജെപി വര്‍ഗീയമായി കലാപമുണ്ടാക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ രാഷ്ട്രീയ എതിരാളികളെ കൊന്നൊടുക്കുന്ന അക്രമരാഷ്ട്രീയമാണ് സിപിഎം വച്ചുപുലര്‍ത്തുന്നത്.
കോണ്‍ഗ്രസ്സും ബിജെപിയും തമ്മില്‍ ധാരണയുണ്ടെന്ന് പ്രചരിപ്പിക്കുന്നത് സിപിഎമ്മിലെ ആശയപരമായ പ്രതിസന്ധിയില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധതിരിക്കുന്നതിനാണ്. മദ്യനയം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ അവര്‍ക്ക് ഇനിയും വ്യക്തതയില്ല. ഒരു നുണ നൂറുതവണ ആവര്‍ത്തിച്ചുപറഞ്ഞാല്‍ സത്യമായിത്തീരുമെന്ന ഗീബല്‍സിയന്‍ തന്ത്രമാണ് സിപിഎം ഇവിടെ പയറ്റുന്നത്. കാറള്‍ മാര്‍ക്‌സിന് പകരം ഗീബല്‍സിനെയാണ് അവര്‍ ആചാര്യനായി ഇപ്പോള്‍ കാണുന്നതെന്നും അദ്ദേഹം പരിഹസിച്ചു.
സിപിഎം ബോംബ് രാഷ്ട്രീയം നിര്‍ത്തിയിട്ടില്ലെന്നതിന് തെളിവാണ് കഴിഞ്ഞദിവസം നാദാപുരത്ത് ബോംബ് നിര്‍മിക്കുന്നതിനിടെ പരിക്കേറ്റ സിപിഎം പ്രവര്‍ത്തകന്‍ മരിച്ച സംഭവം. ബോംബ് രാഷ്ട്രീയത്തില്‍ നിന്നും സിപിഎം പിന്തിരിയണം. ജനാധിപത്യവ്യവസ്ഥയില്‍ രാഷ്ട്രീയപ്രവര്‍ത്തനത്തിന് എന്തിനാണ് ബോംബ് നിര്‍മിക്കുന്നതെന്ന് സിപിഎം നേതൃത്വം വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it