ബിഡിജെഎസ് അധ്യക്ഷസ്ഥാനം: തുഷാറിനെ ഒഴിവാക്കി

തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ഭാരത് ധര്‍മ ജനസേന (ബിഡിജെഎസ്)യുടെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് തുഷാര്‍ വെള്ളാപ്പള്ളിയെ രഹസ്യമായി ഒഴിവാക്കി. തിരഞ്ഞെടുപ്പ് കമ്മീഷനില്‍ രാഷ്ട്രീയ പാര്‍ട്ടിയായി രജിസ്റ്റര്‍ ചെയ്യാന്‍ ഒരു ഇംഗ്ലീഷ് പത്രത്തില്‍ നല്‍കിയ പരസ്യത്തിലാണ് തുഷാറിന്റെ പേര് ഒഴിവാക്കിയത്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം സുഭാഷ് വാസുവിന്റെ പേരാണ് അധ്യക്ഷ സ്ഥാനത്ത് നല്‍കിയത്. കഴിഞ്ഞമാസം 12ന് ചേര്‍ത്തലയില്‍ ചേര്‍ന്ന ബിഡിജെഎസ് നേതൃയോഗമാണ് തുഷാറിനെ തിരഞ്ഞെടുത്തത്. ജനറല്‍ സെക്രട്ടറിമാരായി സുഭാഷ് വാസുവിനെയും ടി വി ബാബുവിനെയും ഖജാഞ്ചിയായി എ ജെ തങ്കപ്പനെയും ഇതേയോഗം തിരഞ്ഞെടുത്തിരുന്നു. അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാടും മഞ്ചേരി ഭാസ്‌കരന്‍ പിള്ളയും വൈസ് പ്രസിഡന്റുമാരാണ്.
മറ്റു ഭാരവാഹികളുടെ പട്ടികയിലും തുഷാറിന്റെ പേരില്ല. ജനറല്‍ സെക്രട്ടറിയായി ടി വി ബാബുവിന്റെയും ഖജാഞ്ചിയായി എ ജെ തങ്കപ്പന്റെ പേരും നല്‍കിയിട്ടുണ്ട്. ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 29എ പ്രകാരം രാഷ്ട്രീയപ്പാര്‍ട്ടി തിരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഭാരവാഹികള്‍ സ്വത്തുവിവരം രേഖപ്പെടുത്തണമെന്ന വ്യവസ്ഥ മറികടക്കാനായാണ് പേര് ഒഴിവാക്കിയതെന്നാണ് സൂചന. എന്നാല്‍, പുതിയ കമ്മിറ്റി നിലവില്‍ വരുന്നതിന് മുമ്പാണ് വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയതെന്നാണ് ബിഡിജെഎസിന്റെ വിശദീകരണം.
Next Story

RELATED STORIES

Share it