ബിടെക് ഒന്നാം വര്‍ഷ പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ന്നു

തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാല നടത്തുന്ന എന്‍ജിനീയറിങ് കോളജുകളിലെ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നു. ബിടെക് ഒന്നാംവര്‍ഷ പരീക്ഷയുടെ ചോദ്യങ്ങളാണ് ചോര്‍ന്നത്. ഇതേത്തുടര്‍ന്ന് പരീക്ഷാ കണ്‍ട്രോളര്‍ ചോദ്യപേപ്പര്‍ ഒന്നടങ്കം പിന്‍വലിച്ചു. പകരം പരീക്ഷയ്ക്കു പുതിയ ചോദ്യപേപ്പര്‍ അച്ചടിച്ച് പരീക്ഷാകേന്ദ്രങ്ങളിലെത്തിച്ചു.
കെബിപിഎസ് അച്ചടിച്ച ചോദ്യപേപ്പര്‍ സെക്യൂരിറ്റി പ്രസ്സുകളില്‍ നിന്ന് പ്ലാസ്റ്റിക് കവറുകളില്‍ പൊതിഞ്ഞ് കാര്‍ഡ്‌ബോര്‍ഡ് പെട്ടിക്കുള്ളിലാക്കിയാണ് പരീക്ഷാകേന്ദ്രങ്ങളിലെത്തിച്ചത്. പ്ലാസ്റ്റിക് കവര്‍ ആയതിനാല്‍ ചോദ്യപേപ്പറിന്റെ ആദ്യത്തെയും അവസാനത്തെയും പേജുകള്‍ കൃത്യമായി കാണാനായി. ഇതേത്തുടര്‍ന്നാണ് സര്‍വകലാശാല ചോദ്യപേപ്പര്‍ ഒന്നടങ്കം പിന്‍വലിച്ചത്. സാധാരണ കാര്‍ബണ്‍ പേപ്പര്‍ കവറിലാണ് ചോദ്യപേപ്പര്‍ എത്തിക്കാറുള്ളത്. സാങ്കേതിക സര്‍വകലാശാല രൂപീകരിച്ച ശേഷം അവര്‍ ആദ്യമായി ഏറ്റെടുത്തു നടത്തുന്ന പരീക്ഷയിലാണ് വന്‍ വീഴ്ചയുണ്ടായിരിക്കുന്നത്.
അതേസമയം, ബിടെക് ഒന്നാംവര്‍ഷ പരീക്ഷയുടെ ചോദ്യങ്ങള്‍ ചോര്‍ന്നുവെന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് എ പി ജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാലാ അധികൃതര്‍ അറിയിച്ചു. ബിടെക് പരീക്ഷകള്‍ മുന്‍നിശ്ചയിച്ച പ്രകാരം 4ന് ആരംഭിക്കും. ചില ചോദ്യങ്ങള്‍ അവ്യക്തമായാണ് കാണാനാവുന്നതെന്ന ആക്ഷേപം ഉയര്‍ന്ന ഉടന്‍ തന്നെ പുതിയ ചോദ്യപേപ്പര്‍ അച്ചടിച്ച് എത്തിച്ചതായും സര്‍വകലാശാല വ്യക്തമാക്കി.
നേരത്തേ പരീക്ഷകള്‍ ഓണ്‍ലൈനായി നടത്താനായിരുന്നു സര്‍വകലാശാല തീരുമാനിച്ചിരുന്നത്. പിന്നീട് ഇത് റദ്ദാക്കി. ജനുവരി 4 മുതല്‍ 18 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന ബിടെക് പരീക്ഷയ്ക്കായി 41,000 വിദ്യാര്‍ഥികളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്.
Next Story

RELATED STORIES

Share it