ബിജെപി-സിപിഎം സംഘത്തെ മാല്‍ഡയില്‍ തടഞ്ഞു

മാല്‍ഡ/ന്യൂഡല്‍ഹി/ കൊല്‍ക്കത്ത: കലാപം നടന്ന പശ്ചിമ ബംഗാളിലെ മാല്‍ഡ ജില്ലയിലെ കല്യാചക്ക് സന്ദര്‍ശിക്കാനെത്തിയ ബിജെപി, സിപിഎം സംഘങ്ങളെ പോലിസ് തടഞ്ഞു. ബിജെപി എംപിമാരായ ഭൂപേന്ദ്ര യാദവ്, രാംവിലാസ് വേദാന്തി, എസ് എസ് അതുല്‍വാലിയ എന്നിവരടങ്ങിയ സംഘത്തെയാണ് തിങ്കളാഴ്ച രാവിലെ 6 മണിക്ക് ജില്ലാ അധികൃതര്‍ മാല്‍ഡ റെയില്‍വേ സ്റ്റേഷനില്‍ തടഞ്ഞത്. സംഘത്തെ ഹൗറ ശതാബ്ദി എക്‌സ്പ്രസ്സില്‍ തിരിച്ചയക്കുകയും ചെയ്തു.
മണിക്കൂറുകള്‍ക്കു ശേഷമാണ് സിപിഎമ്മിന്റെ പോളിറ്റ് ബ്യൂറോ അംഗവും എംപിയുമായ മുഹമ്മദ് സലീമിന്റെ നേതൃത്വത്തിലുള്ള സംഘത്തെ കല്യാചക്കിന്റെ 35 കിലോമീറ്റര്‍ അകലെ വച്ച് വന്‍ പോലിസ് സംഘം തടഞ്ഞത്.മുഖ്യമന്ത്രി മമത ബാനര്‍ജി പ്രശ്‌നത്തില്‍ വോട്ട്‌രാഷ്ട്രീയം കളിക്കുകയാണെന്നും രാഷ്ട്രപതിക്കുമുമ്പില്‍ വിഷയം അവതരിപ്പിക്കുമെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു. കലാപത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ്‌സിങിനോട് ആവശ്യപ്പെടുമെന്നും അവര്‍ അറിയിച്ചു.
മുന്‍കൂട്ടി ആസൂത്രണം ചെയ്താണ് തങ്ങളെ തടഞ്ഞത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും തടഞ്ഞ് എന്താണ് മറയ്ക്കാന്‍ ശ്രമിക്കുന്നതെന്ന് താന്‍ ജില്ലാ ഭരണാധികാരികളോട് ചോദിച്ചെന്നു സിപിഎം എംപി മുഹമ്മദ് സലിം അറിയിച്ചു.
എന്നാല്‍, ബിജെപി സംസ്ഥാന തിരഞ്ഞെടുപ്പിനു മുമ്പ് വര്‍ഗീയതയില്‍ നിന്ന് മുതലെടുക്കാന്‍ ശ്രമിക്കുകയാണെന്ന് തൃണമൂല്‍ പാര്‍ട്ടി എംപിയും പാര്‍ട്ടിയുടെ മുഖ്യ ദേശീയ വക്താവുമായ ഡറക് ഒ ബ്രയാന്‍ പറഞ്ഞു. ബിജെപിയും ആര്‍എസ്എസ്സും ട്വിറ്ററിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും പഴയ ഫോട്ടോകളും നിരുത്തരവാദപരമായ പ്രസ്താവനകളും പ്രചരിപ്പിച്ചു വര്‍ഗീയത വളര്‍ത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.
Next Story

RELATED STORIES

Share it