ബിജെപി മുന്നേറ്റം യുഡിഎഫ് സഹായത്തോടെ: എസ്ഡിപിഐ

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിക്കുണ്ടായ വിജയം യുഡിഎഫിന്റെ സഹായത്തോടെയാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ്.
ബിജെപിയും യുഡിഎഫും തമ്മിലുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് ബിജെപി നേട്ടം കൈവരിച്ചത്. മുസ്‌ലിംലീഗ് ഉള്‍പ്പെടെയുള്ള യുഡിഎഫിലെ ഘടകകക്ഷികള്‍ ഈ നീക്കത്തിന് നേതൃത്വപരമായ പങ്ക് വഹിച്ചിട്ടുണ്ട്.
കെപിസിസിയുടെ പ്രസ്താവന അവരുടെ കുറ്റസമ്മതത്തിനു തെളിവാണ്. ഒളിഞ്ഞും തെളിഞ്ഞും ബിജെപിയുമായി ഉണ്ടാക്കിയ ധാരണയ്ക്ക് കോണ്‍ഗ്രസ് കടുത്ത വില നല്‍കേണ്ടിവരും. ആര്‍എസ്എസ് അക്രമങ്ങളെ രാജ്യം മുഴുവന്‍ അപലപിച്ചു കൊണ്ടിരിക്കുമ്പോള്‍ അതിന്റെ രാഷ്ട്രീയ രൂപമായ ബിജെപിയുമായി ഉണ്ടാക്കിയ ധാരണ മതേതര ചേരി ക്ഷയിപ്പിക്കാനും ബിജെപിക്ക് മാന്യത നേടിക്കൊടുക്കാനും മാത്രമേ ഉപകരിക്കുകയുള്ളുവെന്ന് എസ്ഡിപിഐ വ്യക്തമാക്കി.
മറ്റുള്ളവരില്‍ വര്‍ഗീയത ആരോപിക്കുന്ന ഇടത്- വലത് നിലപാട് ഫലത്തില്‍ ബിജെപിയെ സഹായിക്കുകയാണ് ചെയ്യുന്നത്. ബിഹാറിലെ മഹാജനസഖ്യത്തിന്റെ വിജയം പ്രതീക്ഷയ്ക്ക് വക നല്‍കുന്നുണ്ട്. കടുത്ത ആരോപണങ്ങള്‍ക്കും കുതന്ത്രങ്ങള്‍ക്കുമിടയിലും എസ്ഡിപിഐ മുന്നോട്ട് വച്ച ജനപക്ഷ രാഷ്ട്രീയത്തിന് പിന്തുണ നല്‍കിയ മുഴുവന്‍ വോട്ടര്‍മാരെയും സെക്രട്ടേറിയറ്റ് അഭിനന്ദിച്ചു. പാര്‍ട്ടി മുന്നോട്ട് വയ്ക്കുന്ന അഴിമതിവിരുദ്ധ മതേതര മുന്നേറ്റത്തിന് ലഭിച്ച അംഗീകരമാണ് എസ്ഡിപിഐയുടെ വിജയമെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി.
സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ എം അഷ്‌റഫ്, ജനറല്‍ സെക്രട്ടറിമാരായ പി അബ്ദുല്‍ ഹമീദ്, എം കെ മനോജ്കുമാര്‍, എ കെ സലാഹുദ്ദീന്‍, വൈസ് പ്രസിഡന്റ് യഹ്‌യ തങ്ങള്‍, സെക്രട്ടേറിയറ്റ് അംഗങ്ങളായ നാസറുദ്ദീന്‍ എളമരം, എ കെ അബ്ദുല്‍ മജീദ്, പികെ ഉസ്മാന്‍, ജലീല്‍ നീലാമ്പ്ര സംസാരിച്ചു.
Next Story

RELATED STORIES

Share it