Districts

ബിജെപി മുന്നേറ്റം തിരിച്ചടിയായി; തിരുവനന്തപുരത്ത് കോര്‍പറേഷന്‍ ഭരണം പ്രതിസന്ധിയില്‍

ശ്രീജിഷ പ്രസന്നന്‍

തിരുവനന്തപുരം: തിരഞ്ഞെടുപ്പു ചിത്രം വ്യക്തമായപ്പോള്‍ എല്‍ഡിഎഫിനു മേല്‍ക്കൈ നേടാനായെങ്കിലും തിരുവനന്തപുരം നഗരസഭാ ഭരണം ത്രിശങ്കുവിലായി. 43 സീറ്റ് നേടി ഒന്നാമതെത്തിയെങ്കിലും കേവല ഭൂരിപക്ഷം നേടാനാകാതെ ഭരണം നിലനിര്‍ത്താന്‍ സാധിക്കാതെ പ്രതിസന്ധിയിലാണ് എല്‍ഡിഎഫ്.
കഴിഞ്ഞ തവണ 42 സീറ്റുകള്‍ നേടി വന്‍ മുന്നേറ്റം നടത്തിയ കോണ്‍ഗ്രസ് 21 സീറ്റുകളിലൊതുങ്ങി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 35 സീറ്റുകളില്‍ വിജയം നേടി ബിജെപി രണ്ടാം സ്ഥാനത്തെത്തിയത് അപ്രതീക്ഷിതമാണ്. ഒരു സ്വതന്ത്രനും ഇവിടെ വിജയിച്ചിട്ടുണ്ട്. കൂട്ടുഭരണം എന്നതു മാത്രമാണ് ഇനി തിരുവനന്തപുരത്ത് പ്രായോഗികം.
അതേസമയം വര്‍ഗീയ പാര്‍ട്ടിയായ ബിജെപിയുമായി ഒരുതരത്തിലും കൂട്ടുചേരില്ലെന്ന് എല്‍ഡിഎഫ് വ്യക്തമാക്കിയിട്ടുണ്ട്. യുഡിഎഫ് നിലപാടും അതുതന്നെയാണ്.
യുഡിഎഫിന്റെ പിന്തുണയോടെ എല്‍ഡിഎഫ് ഭരണസമിതിയാണ് മറ്റൊരു സാധ്യത. ഇക്കാര്യത്തില്‍ വരുംദിവസങ്ങളില്‍ നടക്കുന്ന ചര്‍ച്ചകളില്‍ സമവായമാവുമെന്നാണ് സൂചന. ബിജെപി ഒഴികെയുള്ള കക്ഷികളുമായി ഒത്തുചേരുന്നതില്‍ എതിര്‍പ്പില്ലെന്ന് മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയത് ഈ സൂചനകളാണ് നല്‍കുന്നത്. ബിജെപിയുടെ അപ്രതീക്ഷിത മുന്നേറ്റമാണ് കോര്‍പറേഷനില്‍ ഇരുമുന്നണികള്‍ക്കും തിരിച്ചടിയായത്.
എല്‍ഡിഎഫിനെയും യുഡിഎഫിനെയും വര്‍ഷങ്ങളായി പിന്തുണച്ചിരുന്ന വാര്‍ഡുകള്‍ പോലും ബിജെപി പിടിച്ചടക്കുകയായിരുന്നു.
Next Story

RELATED STORIES

Share it