ബിജെപി ഭരണത്തില്‍ ദലിതര്‍ അരക്ഷിതര്‍: മായാവതി

ലഖ്‌നോ: ബിജെപി ഭരണത്തില്‍ തങ്ങള്‍ അരക്ഷിതരാണെന്നാണ് ദലിതര്‍ കരുതുന്നതെന്ന് ബിഎസ്പി അധ്യക്ഷ മായാവതി. ഹരിയാനയിലെ ഫരീദാബാദില്‍ ദലിത് കുടുംബത്തിലെ രണ്ടു കുട്ടികളെ സവര്‍ണര്‍ ചുട്ടുകൊന്നതിന്റെ പശ്ചാത്തലത്തിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.
ഫരീദാബാദില്‍ ദലിത് കുടുംബത്തെ ആക്രമിച്ചത് അങ്ങേയറ്റം ദൗര്‍ഭാഗ്യകരവും അപലപനീയവുമാണ്. ഇരകള്‍ക്ക് സംരക്ഷണവും കുറ്റവാളികള്‍ക്കെതിരേ നടപടിയും സ്വീകരിച്ചില്ലെങ്കില്‍ ബിഎസ്പി തെരുവിലിറങ്ങുമെന്നും മായാവതിയെ ഉദ്ധരിച്ച് പാര്‍ട്ടി പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു. സ്വാതന്ത്ര്യം ലഭിച്ച് നിരവധി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ദുര്‍ബല വിഭാഗങ്ങള്‍ക്കും ദലിതുകള്‍ക്കുമെതിരായ അതിക്രമങ്ങള്‍ അവസാനിക്കാത്തതില്‍ മായാവതി ഖേദം പ്രകടിപ്പിച്ചു.
കേന്ദ്രത്തിലും നിരവധി സംസ്ഥാനങ്ങളിലും ജാതിമനോഭാവം പുലര്‍ത്തുന്ന സര്‍ക്കാരുകളാണുള്ളത്. അവര്‍, പ്രത്യേകിച്ച് ബിജെപി സര്‍ക്കാരുകള്‍ ദുര്‍ബല വിഭാഗങ്ങളോട് വിവേചനം കാണിക്കുന്നുവെന്നത് ഗൗരവത്തില്‍ കാണേണ്ടതാണെന്നും മായാവതി പറഞ്ഞു. ഹരിയാനയില്‍ ആക്രമിക്കപ്പെട്ട ദലിത് കുടുംബത്തെ സഹായിക്കാന്‍ എല്ലാ ശ്രമവും നടത്തണമെന്ന് നേതാക്കള്‍ക്ക് ബിഎസ്പി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it