ബിജെപി ബിഹാര്‍ ഘടകം പിളര്‍പ്പിലേക്ക്

ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് പിന്നാലെ കേന്ദ്ര നേതൃത്വത്തിനെതിരെ വിമര്‍ശനമുന്നയിച്ച സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളെ പുറത്താക്കാന്‍ ബിജെപിയില്‍ നീക്കം. ബിഹാറില്‍ നിന്നുള്ള പാര്‍ട്ടി എംപിമാരായ ശത്രുഘ്‌നന്‍ സിന്‍ഹ, ആര്‍കെ സിങ്, ഭോലാ സിങ് എന്നിവര്‍ക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കാനാണ് ആലോചന. നല്ല ജനപിന്തുണയുള്ള ഇവര്‍ക്കെതിരേ നടപടിയെടുക്കുന്നത് പാര്‍ട്ടിയെ പിളര്‍പ്പിലേക്ക് നയിച്ചേക്കും.
പാര്‍ലമെന്റംഗവും മുന്‍ കേന്ദ്രമന്ത്രിയുമായ സിന്‍ഹ അഭിനയരംഗത്തു നിന്നാണ് രാഷ്ട്രീയത്തിലെത്തിയത്. മുന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയായ ആര്‍കെ സിങ് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് ബിജെപിയിലെത്തിയ ആളാണ്. ബിഹാറില്‍ നിന്നുള്ള ലോക്‌സഭാംഗമാണ് ഭോലാ സിങ്. സംസ്ഥാനത്തെ ബിജെപിയുടെ പ്രമുഖ നേതാക്കളായ മൂന്നുപേര്‍ക്കും നല്ല ജനപിന്തുണയുണ്ട്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ചാവും ഇവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുക. നടപടികള്‍ സംബന്ധിച്ച് ബിഹാറിലെ പാര്‍ട്ടി ഘടകം കേന്ദ്ര നേതൃത്വവുമായി സംസാരിച്ചതായാണ് റിപോര്‍ട്ട്.
ഭോലാ സിങ് അദ്ദേഹത്തിന്റെ മണ്ഡലമായ ബെഗുസറായിയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിക്കെതിരേ പ്രവര്‍ത്തിച്ചുവെന്ന് ആരോപണമുണ്ട്. മൂന്നു നേതാക്കള്‍ക്കെതിരെയും പാര്‍ട്ടി അണികള്‍ക്കിടയില്‍ കടുത്ത വികാരം നിലനില്‍ക്കുന്നുണ്ടെന്നും നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിനു കാര്യമായ സംഭാവന നല്‍കാന്‍ ഇവര്‍ക്കായിട്ടില്ലെന്നും ബിജെപി നേതാവ് സുശീല്‍കുമാര്‍ മോദി പറഞ്ഞു.
എന്നാല്‍, മുതിര്‍ന്ന നേതാക്കളായ മൂവരെയും പുറത്താക്കുന്നത് സംസ്ഥാനത്തു പാര്‍ട്ടിയെ പിളര്‍പ്പിലേക്കു നയിക്കുമെന്നാണ് റിപോര്‍ട്ട്. ശത്രുഘ്‌നന്‍ സിന്‍ഹയ്ക്കും ആര്‍കെ സിങ്ങിനും രാഷ്ട്രീയ പാരമ്പര്യമില്ലെങ്കിലും ഇരുവര്‍ക്കും സംസ്ഥാനത്ത് നിരവധി അനുയായികളുണ്ട്. പാര്‍ട്ടിക്കും നേതൃത്വത്തിനുമെതിരേ പരസ്യ പ്രസ്താവന പുറപ്പെടുവിച്ച മറ്റു മുതിര്‍ന്ന നേതാക്കളായ എല്‍കെ അഡ്വാനി, ശാന്തകുമാര്‍, ജസ്വന്ത് സിങ് എന്നിവര്‍ക്കെതിരേ നടപടിയുണ്ടാവില്ലെന്നാണ് സൂചന.
അതിനിടെ, നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്തെത്തിയ ശത്രുഘ്‌നന്‍ സിന്‍ഹയുമായി സംഘടനാ നേതൃത്വം കൂടിക്കാഴ്ചയ്ക്കു വിസമ്മതിച്ചു. ബിഹാര്‍ തെരഞ്ഞെടുപ്പു ഫലം സംബന്ധിച്ച് ആര്‍എസ്എസ് നേതൃത്വവുമായി ചര്‍ച്ച നടത്തി അവരുടെ പിന്തുണ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ വെള്ളിയാഴ്ച രാത്രിയോടെ നാഗ്പൂരിലെത്തിയ സിന്‍ഹ, ആര്‍എസ്എസ്സിന്റെ ഉന്നത നേതാക്കളുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ചോദിച്ചെങ്കിലും ലഭിച്ചില്ലെന്ന് സംഘപരിവാര വൃത്തങ്ങള്‍ അറിയിച്ചു. നാഗ്പൂര്‍ എംപിയും ബിജെപി മുന്‍ അധ്യക്ഷനുമായ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി നഗരത്തിലുണ്ടായിരുന്നെങ്കിലും സിന്‍ഹയെ കാണാന്‍ കൂട്ടാക്കിയില്ല.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരോക്ഷമായി പരിഹസിച്ച് ഇന്നലെയും ശത്രുഘ്‌നന്‍ സിന്‍ഹ രംഗത്തെത്തി. ബിഹാറില്‍ ബിജെപിക്കു കിട്ടിയ 53 സീറ്റിന്റെയും നേട്ടം മോദിക്കവകാശപ്പെട്ടതാണെന്നതില്‍ സംശയമില്ലെന്നായിരുന്നു സിന്‍ഹയുടെ പരിഹാസം. ബിഹാറില്‍ നടക്കുന്നത് കാട്ടുഭരണമാണെന്നത് പോലുള്ള മോദിയുടെ ചില പ്രയോഗങ്ങള്‍ മൊത്തം ബിഹാറികളുടെ വികാരത്തെയും വ്രണപ്പെടുത്തുന്നതായിരുന്നു- സിന്‍ഹ പറഞ്ഞു.
Next Story

RELATED STORIES

Share it