ബിജെപി ബന്ധം: കെപിഎംഎസില്‍ പിളര്‍പ്പ്; സംസ്ഥാന കമ്മിറ്റി ഓഫിസ് വിമതര്‍ പിടിച്ചു

തിരുവനന്തപുരം: എസ്എന്‍ഡിപി- ബിജെപി ബന്ധത്തിന്റെ പേരില്‍ കെപിഎംഎസ് ടി വി ബാബു വിഭാഗത്തില്‍ പിളര്‍പ്പ്. ഈ ബന്ധത്തില്‍ എതിര്‍പ്പുള്ള വിഭാഗം തിരുവനന്തപുരം നന്ദാവനത്തെ സംസ്ഥാന കമ്മിറ്റി ഓഫിസ് പിടിച്ചെടുത്തു. കായല്‍ സമ്മേളന അനുസ്മരണ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചതു മുതല്‍ ആരംഭിച്ച ഭിന്നതയാണ് ഇപ്പോള്‍ ഓഫിസ് പിടിച്ചെടുക്കലിലേക്ക് എത്തിനില്‍ക്കുന്നത്.
കെപിഎംഎസിനെ ടി വി ബാബു വിഭാഗം ബിജെപി പാളയത്തില്‍ കൊണ്ടുപോയി കെട്ടുന്നതില്‍ അസ്വസ്ഥരായ ഒരു വിഭാഗം ഏറെ നാളായി പ്രതിഷേധത്തിലായിരുന്നു. ബിജെപി സംസ്ഥാന പ്രസിഡന്റായ കുമ്മനം രാജശേഖരന്‍ കഴിഞ്ഞ ദിവസം സംസ്ഥാന കമ്മിറ്റി ഓഫിസ് സന്ദര്‍ശിച്ചതോടെയാണ് പൊട്ടിത്തെറി രൂക്ഷമായത്. ഈ സംഭവത്തിനു ശേഷമാണ് വിമതവിഭാഗം ഓഫിസ് കൈക്കലാക്കിയത്. പിളര്‍പ്പിനെത്തുടര്‍ന്ന് സംഘര്‍ഷമുണ്ടാവാതിരിക്കാന്‍ കെപിഎംഎസ് സംസ്ഥാന ഓഫിസിന് പോലിസ് കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. എസ്എന്‍ഡിപിയുമായി ചേര്‍ന്ന് രാഷ്ട്രീയപ്പാര്‍ട്ടി രൂപീകരിക്കാനും ബിജെപിയുമായി സഖ്യമുണ്ടാക്കാനും തയ്യാറായ നിലവിലെ പ്രസിഡന്റ് ടി വി ബാബു, എന്‍ കെ നീലകണ്ഠന്‍ എന്നിവരെ സംഘടനയില്‍നിന്ന് പുറത്താക്കിയതായി വിമതവിഭാഗം പ്രഖ്യാപിച്ചു. 51 അംഗ സംസ്ഥാന കമ്മിറ്റിയില്‍ 31 പേരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നും ഇവര്‍ അവകാശവാദം ഉന്നയിച്ചു. കെപിഎംഎസിന്റെ നേതൃത്വത്തിലുള്ള അയ്യങ്കാളി സ്‌കൂളിനായി സര്‍ക്കാര്‍ അനുവദിച്ച 25 ലക്ഷം രൂപയില്‍ ടി വി ബാബുവും അദ്ദേഹത്തിന് ഒപ്പമുള്ളവരും ക്രമക്കേട് നടത്തിയതായും ഇവര്‍ ആരോപിക്കുന്നു.
അതേസമയം, സംസ്ഥാന കമ്മിറ്റി ഓഫിസ് വിമതര്‍ പിടിച്ച പശ്ചാത്തലത്തില്‍ ഭൂരിപക്ഷം തെളിയിക്കാനായി ടി വി ബാബു വിഭാഗം ഇന്ന് തിരുവനന്തപുരത്ത് സ്‌പെഷ്യല്‍ കണ്‍വന്‍ഷന്‍ വിളിച്ചിരിക്കുകയാണ്. ഉച്ചയ്ക്ക് രണ്ടുമണിക്ക് അധ്യാപകഭവനില്‍ നടക്കുന്ന കണ്‍വന്‍ഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി വി ബാബു ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് എന്‍ കെ നീലകണ്ഠന്‍ മാസ്റ്റര്‍, സംസ്ഥാന ഖജാഞ്ചി തുറവൂര്‍ സുരേഷ്, ജില്ലാ ഭാരവാഹികള്‍ എന്നിവരും നേതൃത്വം വഹിക്കും. ഭരണ-പ്രതിപക്ഷ രംഗത്തുള്ള ചില രാഷ്ട്രീയക്കാരുടെ ഒത്താശയോടെ സഭയില്‍നിന്ന് പുറത്താക്കിയവരെ ഉപയോഗിച്ച് സംസ്ഥാന കമ്മിറ്റി ഓഫിസ് പിടിച്ചടക്കിയ നടപടി അപലപനീയമാണെന്ന് ടി വി ബാബു വിഭാഗം ആരോപിച്ചു. കണ്‍വന്‍ഷനില്‍ ഭൂരിപക്ഷം തെളിയിച്ചാല്‍ സംസ്ഥാന കമ്മിറ്റി ഓഫിസ് പിടിച്ചെടുത്തവരെ ഒഴിപ്പിക്കാന്‍ ടി വി ബാബുവിനും സംഘത്തിനും കഴിയും. വെള്ളാപ്പള്ളി നടേശന്‍ നയിച്ച സമത്വമുന്നേറ്റ യാത്രയുടെ മുഖ്യ സംഘാടകരില്‍ പ്രധാനിയായിരുന്നു ടി വി ബാബു. വെള്ളാപ്പള്ളി പ്രഖ്യാപിച്ച പുതിയ രാഷ്ട്രീയപ്പാര്‍ട്ടിയായ ബിഡിജെഎസിന്റെ പ്രധാന ഭാരവാഹി സ്ഥാനത്തേക്കും ടി വി ബാബുവിന്റെ പേര് പരിഗണിക്കുന്നുണ്ട്. മുമ്പ് കെപിഎംഎസ് നേതാവ് പുന്നല ശ്രീകുമാറിനെ പുറത്താക്കിയാണ് ടി വി ബാബു വിഭാഗം കെപിഎംഎസിനെ പിടിച്ചടക്കിയത്. ഇതെത്തുടര്‍ന്ന് കെപിഎംഎസ് രണ്ടായി പിളര്‍ന്നു. പക്ഷേ, കെപിഎംഎസ് എന്ന പേര് ഇരു വിഭാഗവും ഉപയോഗിക്കുന്നുണ്ട്. ഇതിനെച്ചൊല്ലി കോടതിയില്‍ കേസും നിലനില്‍ക്കുന്നുണ്ട്. പുന്നല ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള കെപിഎംഎസ് വിഭാഗം വെള്ളാപ്പള്ളി-ബിജെപി ബന്ധത്തെ ശക്തമായി എതിര്‍ക്കുന്നവരാണ്.
Next Story

RELATED STORIES

Share it