wayanad local

ബിജെപി പ്രവര്‍ത്തകന് കുത്തേറ്റ സംഭവം: ഒരാള്‍ അറസ്റ്റില്‍

മീനങ്ങാടി: കരണിയില്‍ കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തിനിടെ ബിജെപി പ്രവര്‍ത്തകന് കുത്തേറ്റ സംഭവത്തില്‍ ഒരാളെ പോലിസ് പിടികൂടി. കരണി ചോലങ്കര വീട്ടില്‍ വിനൂപാണ് പിടിയിലായത്. ഇന്നലെ വൈകീട്ട് ആറോടെ കല്‍പ്പറ്റ ബൈപാസില്‍ വച്ചാണ് ഇയാളെ മീനങ്ങാടി സിഐ സുശീര്‍, എസ്‌ഐ രാധാകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
സുല്‍ത്താന്‍ ബത്തേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. മറ്റൊരു പ്രതിക്ക് വേണ്ടി അന്വേഷണം ഊര്‍ജിതപ്പെടുത്തി. സംഭവത്തില്‍ രണ്ടു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരേ ഐപിസി 307 വകുപ്പ് പ്രകാരം വധശ്രമത്തിന് കേസെടുത്തിരുന്നു. പ്രതികളുടെ പേരുവിവരം ബിജെപി പ്രവര്‍ത്തകരാണ് പോലിസിന് കൈമാറിയത്. മൊബൈല്‍ ഫോണ്‍ കോള്‍ വിവരങ്ങള്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ കണ്ടെത്തി പോലിസ് അന്വേഷണം തുടരുകയായിരുന്നു. ഇതിനിടെയാണ് വിനൂപ് പിടിയിലായത്. ഗുരുതരമായി പരിക്കേറ്റ് കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ച ചോമാടി വിഷ്ണു അപകടനില തരണംചെയ്തിട്ടുണ്ട്.
സംഭവത്തില്‍ പ്രതിഷേധിച്ച് കണിയാമ്പറ്റ പഞ്ചായത്തില്‍ ബിജെപിയും മീനങ്ങാടി പഞ്ചായത്തില്‍ ഹിന്ദു ഐക്യവേദിയും ഹര്‍ത്താലാചരിച്ചു. ഞായറാഴ്ച രാത്രി വൈകിയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. ഇതറിയാതെ സര്‍വീസ് നടത്തിയ സ്വകാര്യ ബസ്സുകളുള്‍പ്പെടെ ഹര്‍ത്താലനുകൂലികള്‍ തടഞ്ഞു. കുടോത്തുമ്മല്‍- മൃഗാശുപത്രിക്കവല വഴി ഓടിയ ബസ്സുകളാണ് തടഞ്ഞത്. കണിയാമ്പറ്റ, മില്ലുമുക്ക്, കമ്പളക്കാട് എന്നിവിടങ്ങളില്‍ ബിജെപി പ്രവര്‍ത്തകര്‍ കടകള്‍ ബലമായി അടപ്പിച്ചു.
Next Story

RELATED STORIES

Share it