Kollam Local

ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകം: സിപിഎം പ്രവര്‍ത്തകരെ വെറുതെവിട്ടു

കൊല്ലം: സിപിഎമ്മില്‍ നിന്നും രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നതിലുള്ള വിരോധത്തില്‍ ഉമ്മന്നൂര്‍ വില്ലേജില്‍ വിലങ്ങറ മുറിയില്‍ പ്ലാപ്പള്ളി ജങ്ഷനില്‍ കടാട്ടുചാമവിള പുത്തന്‍വീട്ടില്‍ രാമന്‍പിള്ളയുടെ മകന്‍ രാജന്‍പിള്ളയെ(58) മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്നാരോപിച്ച് കൊട്ടാരക്കര പോലിസ് ചാര്‍ജ് ചെയ്ത കേസിലെ പ്രതികളെ കുറ്റക്കാരല്ലെന്ന് കണ്ട് അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി പി എ പ്രഭാവതി വെറുതെ വിട്ടു. 2014 മെയ് 26ന് നരേന്ദ്രമോദി പ്രധാനമന്ത്രിയായി അധികാരമേറ്റെടുത്ത ദിവസം കൊട്ടാരക്കര പ്ലാപ്പള്ളി ജങ്ഷനില്‍ ബിജെപി പ്രവര്‍ത്തകര്‍ കെട്ടിയിട്ടിരുന്ന പാര്‍ട്ടി കൊടികള്‍ പ്രതികള്‍ നശിപ്പിച്ചുവെന്നും ഈ വിവരം മരണപ്പെട്ട രാജന്‍പിള്ള ബിജെപി നേതാക്കളെ അറിയിച്ചുവെന്ന വിരോധത്താല്‍ രാജന്‍പിള്ളയെ പ്ലാപ്പള്ളി ജങ്ഷനിലെ കട അടച്ച് വീട്ടിലേക്ക് പോകുന്ന വഴിയില്‍ സിപിഎം പ്രവര്‍ത്തകരായ ഷിബുകുമാര്‍, അനില്‍കുമാര്‍, കലേഷ്, ശരത് എന്നിവര്‍ ചേര്‍ന്ന് മര്‍ദ്ദിച്ച് അവശനാക്കി. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ മരണപ്പെട്ടതിനെ തുടര്‍ന്നാണ് കൊട്ടാരക്കര പോലിസ് പ്രതികള്‍ക്കെതിരേ കേസെടുത്തത്. ആശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞു വന്ന രാജന്‍പിള്ളയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

കേസിന്റെ അന്വേഷണ വേളയില്‍ ഒന്നാം പ്രതിയായ ഷിബുകുമാര്‍ ആത്മഹത്യ ചെയ്തിരുന്നു. പ്രതികള്‍ക്കെതിരായുള്ള ആരോപണം സംശയാതീതമായി തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടുവെന്ന പ്രതിഭാഗം വാദം അംഗീകരിച്ച് കൊണ്ടാണ് മുഴുവന്‍ പ്രതികളേയും കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടത്. പ്രതികള്‍ക്കു വേണ്ടി അഭിഭാഷകരായ ആര്‍ സുനില്‍കുമാര്‍, പിടി ഇന്ദുകുമാര്‍, എസ് സുജന്‍, ടി അജീഷ്, എ കെ മനോജ് എന്നിവര്‍ കോടതിയില്‍ ഹാജരായി.
Next Story

RELATED STORIES

Share it