Kerala

ബിജെപി പിന്തുണയെക്കാള്‍ നല്ലത് പ്രതിപക്ഷമാവുന്നത്: ഉമ്മന്‍ചാണ്ടി

പാലക്കാട്: ബിജെപിയുടെ പിന്തുണയോടെ അധികാരത്തി ല്‍ ഇരിക്കുന്നതിനെക്കാള്‍ നല്ലത് പ്രതിപക്ഷത്തിരിക്കുകയാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ബിജെപിയുടെ വര്‍ഗീയത വളര്‍ത്താനുള്ള ശ്രമം കേരളജനത അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ വിവിധ നിയോജകമണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് പൊതുയോഗങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
വര്‍ഗീയതയും വിഭാഗീയതയുമാണ് ബിജെപിയുടെ രാഷ്ട്രീയം. സിപിഎം ആവട്ടെ ബോംബ് രാഷ്ട്രീയ പാര്‍ട്ടിയാണ്. അതില്‍ നിന്ന് അവര്‍ക്ക് ഇനിയും മോചനം ലഭിച്ചിട്ടില്ല. നാദാപുരത്ത് കഴിഞ്ഞ ദിവസമുണ്ടായ സംഭവം ഇതാണ് തെളിയിക്കുന്നത്. സിപിഎമ്മിന് ജനാധിപത്യ ശൈലി എന്നൊന്നില്ല. ആയുധമെടുത്താണ് അവര്‍ പോരാടുന്നത്. വികസനം നടത്തുന്നവരെപ്പോലും അംഗീകരിക്കാന്‍ അവര്‍ തയ്യാറല്ല. ജിഷയുടെ കൊലപാതക കേസില്‍ അന്വേഷണം വേണ്ട രീതിയിലാണ് മുന്നോട്ടുപോവുന്നത്. എത്രയും വേഗം അന്വേഷണം പൂര്‍ത്തിയാക്കി കുറ്റക്കാര്‍ക്ക് അര്‍ഹമായ ശിക്ഷ വാങ്ങിക്കൊടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മലമ്പുഴയില്‍ ആവശ്യം ഊര്‍ജസ്വലനായ എംഎല്‍എയെയാണ്. കേരളം വികസിക്കുമ്പോള്‍ മലമ്പുഴ കിതയ്ക്കുകയാണ്. എല്ലാറ്റിനെയും പിറകോട്ട് വലിക്കുന്ന വികസനമാണ് മലമ്പുഴയിലുള്ളത്. എന്തിനെയും കുറ്റംപറയുന്ന നിലപാടാണ് പ്രതിപക്ഷ നേതാവിന്റേതെന്നും മുഖ്യമന്ത്രി പറഞ്ഞു. കാജാ മൊയ്തീന്‍ അധ്യക്ഷത വഹിച്ചു.
സ്ഥാനാര്‍ഥി വി എസ് ജോയ്, ഡിസിസി പ്രസിഡന്റ് സി വി ബാലചന്ദ്രന്‍, എന്‍ എസ്‌യു ദേശീയ സെക്രട്ടറി ഷറഫുന്നിസ സംസാരിച്ചു. എം വി രാധാകൃഷ്ണന്‍, എം എന്‍ അരവിന്ദാക്ഷന്‍, മുന്‍ എംപി വി എസ് വിജയരാഘവന്‍, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ എ രാമസ്വാമി, കെപിസിസി സെക്രട്ടറി സി ചന്ദ്രന്‍, ജോബി ജോണ്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it