ബിജെപി നടത്തുന്നത് രാഷ്ട്രീയ മലിനീകരണം: പ്രഫുല്‍ പട്ടേല്‍

കൊച്ചി: കേന്ദ്രത്തില്‍ അധികാരത്തിലെത്തിയശേഷം ബിജെപി രാജ്യത്ത് രാഷ്ട്രീയ മലിനീകരണമാണു നടത്തുന്നതെന്ന് എന്‍സിപി ദേശീയ ജനറല്‍സെക്രട്ടറിയും മുന്‍ കേന്ദ്രമന്ത്രിയുമായ പ്രഫുല്‍ പട്ടേല്‍. എറണാകുളം പ്രസ്‌ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരത്മാതാ കീ ജയ് എന്ന് വിളിക്കില്ലെന്നു പറയുന്നവരെ രാജ്യദ്രോഹികളായി ചിത്രീകരിക്കുകയും ജനങ്ങള്‍ എന്തു ഭക്ഷണം കഴിക്കണമെന്നു നിര്‍ദേശിക്കുകയും ചെയ്യുന്ന തരത്തിലേക്കാണ് ബിജെപിയും സംഘപരിവാരവും രാജ്യത്തെ കൊണ്ടെത്തിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അഗസ്ത വെസ്റ്റ്‌ലാന്റ് ഇടപാടുമായി ബന്ധപ്പെട്ട് ബിജെപി രാഷ്ട്രീയ നേട്ടമുണ്ടാക്കുന്നതിനാണു ശ്രമിക്കുന്നതെന്നും ഇടപാടില്‍ ക്രമക്കേടു കണ്ടെത്തിയ ഉടന്‍ അന്ന് പ്രതിരോധമന്ത്രിയായിരുന്ന എ കെ ആന്റണി കരാര്‍ റദ്ദാക്കിയെന്നും ഇന്ത്യ നല്‍കിയ ബാങ്ക് ഗാരന്റി തിരിച്ചെടുക്കുകയും മൂന്ന് ഹെലികോപ്റ്ററുകള്‍ കണ്ടുകെട്ടുകയും ചെയ്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് എല്‍ഡിഎഫ് മികച്ച വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ് മുഖ്യമന്ത്രി ആരായിരിക്കുമെന്ന ചോദ്യത്തിന് അക്കാര്യം മുന്നണിയിലെ വലിയപാര്‍ട്ടിയായ സിപിഎം തീരുമാനിക്കുമെന്നും ഈ വിഷയത്തില്‍ എന്‍സിപിയോട് അഭിപ്രായം ചോദിക്കുമ്പോള്‍ അഭിപ്രായം പറയുമെന്നും പരസ്യമായ അഭിപ്രായപ്രകടനം നടത്തില്ലെന്നും അദ്ദേഹം മറുപടി നല്‍കി. പെരുമ്പാവൂരില്‍ ജിഷ എന്ന പെണ്‍കുട്ടി ദാരുണമായി കൊലചെയ്യപ്പെട്ട സംഭവം സംസ്ഥാനത്ത് ക്രമസമാധാനനില തകര്‍ന്നതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it