ബിജെപി ദേശീയ നിര്‍വാഹക സമിതി ഇന്ന്

അലഹബാദ്: ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗം ഇന്ന് അലഹബാദില്‍ നടക്കാനിരിക്കെ, പ്രതിപക്ഷ കക്ഷികള്‍ സമരം പ്രഖ്യാപിച്ചു. എന്നാല്‍, പ്രതിഷേധിക്കാന്‍ ആം ആദ്മി പാര്‍ട്ടി (എഎപി)ക്ക് അധികൃതര്‍ അനുമതി നിഷേധിച്ചു. ഇതിനെതിരേ പാര്‍ട്ടി കോടതിയെ സമീപിച്ചിട്ടുണ്ട്.
ബിജെപിയെ തുറന്നുകാട്ടല്‍ ദിനമായി ഇന്ന് ആചരിക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. പാര്‍ട്ടിയുടെ യുവജനവിഭാഗം ഇന്ന് അലഹബാദ് ബന്ദ് ആചരിക്കുന്നുമുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തമാസം നടക്കാനിരിക്കെയാണ് അലഹബാദില്‍ ദേശീയ നിര്‍വാഹക സമിതി വിളിച്ചുകൂട്ടാന്‍ ബിജെപി തീരുമാനിച്ചത്.
ഈ സന്ദര്‍ഭത്തില്‍ ബിജെപിയുടെ ജനവിരുദ്ധ നയങ്ങളെ തുറന്നുകാട്ടുകയാണ് കോണ്‍ഗ്രസ്സിന്റെ ഉന്നം. അലഹബാദ് ജില്ലയിലെ 12 നിയമസഭാ മണ്ഡലങ്ങളിലും ഇന്ന് പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുമെന്ന് യുപിസിസി ജനറല്‍ സെക്രട്ടറി മുകുന്ദ് തിവാരി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ സുരക്ഷിതമായ അകലെ നിന്നു കരിങ്കൊടി പ്രകടനം നടത്താന്‍ എഎപി അനുമതി തേടിയിരുന്നു. ജില്ലാ മജിസ്‌ട്രേറ്റ് സഞ്ജയ്കുമാറിനാണ് ഇതുസംബന്ധിച്ച അപേക്ഷ സമര്‍പ്പിച്ചത്.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനിടെ ഒരു തരത്തിലുള്ള പ്രകടനവും അനുവദിക്കില്ലെന്നാണ് ജില്ലാ മജിസ്‌ട്രേറ്റ് എഎപി നേതാക്കളെ അറിയിച്ചത്. മജിസ്‌ട്രേറ്റിന്റെ നിലപാടിനെതിരേ എഎപി അലഹബാദ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. എന്നാല്‍, എഎപി ഹരജി കോടതി തിങ്കളാഴ്ചയ്ക്കു മുമ്പ് പരിഗണിക്കാനിടയില്ല. ഭരണകക്ഷിയായ സമാജ്‌വാദി പാര്‍ട്ടിയും ബിജെപിക്കെതിരേ സ്വന്തം പ്രചാരണവുമായി രംഗത്തുണ്ട്.
Next Story

RELATED STORIES

Share it